|    Dec 11 Tue, 2018 9:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പച്ചക്കറി പഴവര്‍ഗ വികസനത്തിന് 26 കോടിയുടെ പ്രത്യേക പാക്കേജ്: മന്ത്രി

Published : 27th November 2018 | Posted By: kasim kzm

കോട്ടയം: പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് 26 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. വിഎഫ്പിസികെയുടെ 17ാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനു പുറമെ ശാസ്ത്രീയ കൃഷിരീതിക്കു വേണ്ടി ഏഴുകോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ഒരു ഹെക്റ്ററിന് ഒന്നര ലക്ഷം രൂപയും അധിക സഹായം അനുവദിക്കും. ശാസ്ത്രീയ രീതിയില്‍ ജൈവവളം ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിക്കാന്‍ വിഎഫ്പിസികെയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി ഒരേക്കര്‍ സ്ഥലം വിട്ടുനല്‍കും. നന്മ, മേന്മ എന്നീ പേരുകളിലുള്ള ജൈവ കീടനാശിനികള്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൗണ്‍സില്‍ ഉല്‍പാദിപ്പിക്കും. യൂബര്‍ മാതൃകയില്‍ വിശാലമായ ഒരു നെറ്റ്‌വര്‍ക്കിങ് സംവിധാനം വിപണിയില്‍ ആരംഭിക്കും. ഈ സംവിധാനത്തിലൂടെ വിഷരഹിത ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് എവിടെ നിന്നു വാങ്ങാന്‍ കഴിയും. വിഎഫ്പിസികെയുടെ സംസ്ഥാനത്തുടനീളമുള്ള 284 സ്വാശ്രയ വിപണികളുടെ വിപുലമായ സാധ്യതകള്‍ ഇതിനായി വിനിയോഗിക്കും. ഇത്തരത്തിലുള്ള വിപണിസാധ്യത കര്‍ഷകര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിനു ശേഷം സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. തുടര്‍ച്ചയായുണ്ടായ കാലവര്‍ഷക്കെടുതികള്‍ കര്‍ഷകര്‍ക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ കണക്കുപ്രകാരം 19,000 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുള്ളത്. ഇതുസംബന്ധിച്ചു വിശദമായ റിപോര്‍ട്ട് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച യുഎന്‍ സംഘത്തിനും കേന്ദ്ര സംഘത്തിനും സമര്‍പ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ശാസ്ത്രീയമായ പുനസ്സംഘടനയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വിഎഫ്പിസികെയുടെ ഇന്‍ഷുറന്‍സ് സ്‌കീം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച കര്‍ഷകര്‍ക്കുള്ള വിഎഫ്പിസികെയുടെ സംസ്ഥാനതല ഹരിതകീര്‍ത്തി അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. വിഎഫ്പിസികെ ആരംഭിക്കുന്ന നാടന്‍ വിത്തുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തെള്ളകം ചൈതന്യം പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അധ്യക്ഷത വഹിച്ചു. അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss