|    Apr 20 Fri, 2018 5:03 am
FLASH NEWS

പച്ചക്കറി കൃഷി ; ജില്ലയ്ക്ക് രണ്ടു സംസ്ഥാനതല അവാര്‍ഡ്

Published : 28th October 2016 | Posted By: SMR

കാസര്‍കോട്്: കൃഷി വകുപ്പ് നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ 2015-16 വര്‍ഷത്തെ സംസ്ഥാനതല അവാര്‍ഡുകളില്‍ രണ്ടെണ്ണം കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ചു. മികച്ച കൃഷി അസിസ്റ്റന്റ് വിഭാഗത്തില്‍ ബേഡഡുക്ക കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ സി ജയശ്രീ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടി. മികച്ച പച്ചക്കറി കൃഷി ചെയ്ത പൊതു സ്ഥാപനത്തിനുള്ള മൂന്നാം സമ്മാനം ഓപ്പണ്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം (തുറന്നജയില്‍) ചീമേനി നേടി. സംസ്ഥാനതല അവാര്‍ഡ് ജേതാക്കള്‍ക്ക് ഒന്നാം സ്ഥാനത്തിന് 25000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും വീതം കാഷ് അവാര്‍ഡും അംഗീകാര പത്രവും സംസ്ഥാനതല ചടങ്ങില്‍ വിതരണം ചെയ്യും.2015—-16 വര്‍ഷത്തില്‍ ഊര്‍ജ്ജിത പച്ചക്കറി കൃഷി പദ്ധതി പ്രകാരം ബേഡഡുക്ക കൃഷിഭവന് അനുവദിച്ച ഓരോ പദ്ധതികളും അവയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന തരത്തില്‍ കൃഷി അസിസ്റ്റന്റ് കെ സി ജയശ്രീ പ്രാവര്‍ത്തികമാക്കി.‘ഭക്ഷ്യസുരക്ഷ’ ഉറപ്പാക്കുന്നതിന് തികച്ചും ജൈവ രീതിയിലുള്ള പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു. സ്‌കൂള്‍ കുട്ടികളിലൂടെ പച്ചക്കറി വിതരണം, വീട്ടുവളപ്പില്‍ പച്ചക്കറി വിതരണം, സ്‌കൂള്‍ സ്ഥാപനങ്ങളില്‍ പച്ചക്കറിത്തോട്ടം പദ്ധതി, ജില്ലാ പച്ചക്കറി ക്ലസ്റ്റര്‍, ‘എ’ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍, സംഭരണ വിപണ കേന്ദ്രം, സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗം പച്ചക്കറി കൃഷിയില്‍-പ്രദര്‍ശനത്തോട്ടം, തരിശു നില പച്ചക്കറി കൃഷി തുടങ്ങിയ കൃഷി വകുപ്പിന്റെ-എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കി-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. കൂടുതല്‍ കര്‍ഷകരെയും വനിതാ ഗ്രൂപ്പുകള്‍, കുടുംബശ്രീ എന്നീ സന്നദ്ധ സംഘടനകളെയും പച്ചക്കറി കൃഷിയിലേക്ക് കടന്നു വരാന്‍ സഹായിച്ചു. മണ്ണ് പരിശോധന, വിള ഇന്‍ഷൂറന്‍സ്, ജൈവ കീടനാശിനികള്‍, ജീവാണു വളങ്ങള്‍, സൂക്ഷമ ജീവികളുടെ ഉപയോഗം, അസോള തുടങ്ങി ജൈവ  കൃഷിയെക്കുറിച്ച് പഞ്ചായത്തിലുടനീളം അവബോധം സ്യഷ്ടിക്കാനും പരിശീലന ക്ലാസ്സുകള്‍ നടത്തി. പാറപ്പുറത്ത് പൊന്നു വിളയിച്ച തടവുകാര്‍ക്ക് അംഗീകാരത്തിനായി സംസ്ഥാന അവാര്‍ഡ്. പച്ചക്കറി വികസന പദ്ധതിപ്രകാരം സ്ഥാപനതലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള മല്‍സര വിഭാഗത്തില്‍ മൂന്നാം സ്ഥാനം ചീമേനി തുറന്ന ജയിലിന് ലഭിച്ചു. ഇതേ വിഭാഗത്തില്‍ ജില്ലാതലത്തില്‍ നേരത്തെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. കൃഷിവകുപ്പിന്റെ പച്ചക്കറിക്കൃഷി വികസന പദ്ധതി പ്രകാരം പ്രൊജക്ട് അടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി വിഭാഗത്തിലാണ് മൂന്നാംസ്ഥാനം ലഭിച്ചത്. 305 ഏക്കര്‍ പരന്നു കിടക്കുന്ന തുറന്ന ജയിലിന്റെ ഭൂരിഭാഗവും പാറനിറഞ്ഞ പ്രദേശമാണ്. കല്ല് വെട്ടിയെടുത്തായിരുന്നു തടവുകാര്‍ മണ്ണൊരുക്കി കൃഷിയിറക്കിയത്. പയര്‍, പാവല്‍, പടവലം, ചീര, മുളക്, വഴുതിന, മത്തന്‍, കാബേജ്, തക്കാളി, ചേന തുടങ്ങിയ വിവിധങ്ങളായ പച്ചക്കറിയിനങ്ങള്‍ കൃഷി ചെയ്തിരുന്നു. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി കൃഷിക്ക് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. സ്ഥിരമായി 40 തടവുകാര്‍ കൃഷിക്കായുണ്ട്. ജയില്‍ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളവയാണ് പുറത്തേക്ക് നല്‍കുന്നത്. പൂര്‍ണ്ണമായും ജൈവ കൃഷിയാണ്. ജയിലിലെ ആട്, പശു, കോഴിഫാമുകളെയാണ് ആശ്രയിക്കുന്നത്. വേനല്‍ക്കാലത്ത് ജലക്ഷാമം ഉണ്ടെങ്കിലും പാഴ്ജലം പുനരുപയോഗിക്കാനുള്ള സംവിധാനം ജയിലിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss