|    Mar 24 Fri, 2017 5:32 pm
FLASH NEWS

പക തീരാതെ അഭിഭാഷക അസോസിയേഷന്‍: ഡോ. സെബാസ്റ്റ്യന്‍ പോളിനെ സസ്‌പെന്റ് ചെയ്തു

Published : 19th October 2016 | Posted By: Navas Ali kn

s-paul

കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടയുന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു. കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനമാണ് പെട്ടെന്നുള്ള നടപടിക്ക് കാരണമായത്. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ഒക്ടോബര്‍ 12ന് സംഘടിപ്പിച്ച മാധ്യമ സെമിനാറിലാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമെതിരെ ആഞ്ഞടിച്ചത്.
റിപ്പോര്‍ട്ടിങിന് കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത കോഴിക്കോട് ടൗണ്‍ എസ് വിമോദിന് അനുകൂലമായി ജസ്റ്റിസ് കെമാല്‍ പാഷ പുറപ്പെടുവിച്ച വിധി നിയമവിരുദ്ധമാണെന്നും സെബാസ്റ്റന്‍പോള്‍ വിമര്‍ശിച്ചിരുന്നു. ജസ്റ്റിസ് കെമാല്‍ പാഷയെയും ജസ്റ്റിസ് കെ ടി ശങ്കരനെയും പേരെടുത്തു പറഞ്ഞായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ രൂക്ഷ വിമര്‍ശനം. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത മാധ്യമ വിലക്കിനാണ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ കൂട്ടുനില്‍ക്കുന്നതെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചിരുന്നു. നിയമവിരുദ്ധമായ നിലപാട് പരസ്യമായി സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് കെമാല്‍ പാഷ പോലീസുകാരനെ സഹായിച്ചത്. അഭിഭാഷകര്‍ക്കെതിരെ എഫ്‌ഐആറുണ്ടെങ്കില്‍ ധൈര്യമായി തന്റെയടുത്തു വന്നോളൂ, റദ്ദാക്കിത്തരാം എന്ന് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ ഹാളില്‍ പരസ്യമായി ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞുവെന്നും സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചിരുന്നു.
ഈ പരാമര്‍ശം കോടതി അലക്ഷ്യമാണെന്ന് ആരോപിച്ച് അഡ്വ. പ്രദീപ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചിട്ടുണ്ട്. ജഡ്ജിയ്‌ക്കെതിരെ തൊടുത്ത ഈ വിമര്‍ശനം ചൂണ്ടിക്കാട്ടിയാണ് സെബാസ്റ്റ്യന്‍ പോളിന്റെ അംഗത്വം റദ്ദാക്കാന്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ തീരുമാനിച്ചത്. പ്രസംഗം സംപ്രേക്ഷണം ചെയ്ത് മനോരമ ന്യൂസിലെ തിരുവാ എതിര്‍വാ പരിപാടി അവതരിപ്പിച്ച ജയമോഹനെതിരെയും കോടതിയലക്ഷ്യം ആരോപിച്ചിട്ടുണ്ട്.
ചരിത്രവും പാരമ്പര്യവുമുള്ള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാതല്‍ മനസ്സിലാക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്ന് പുറത്താക്കലിനോട് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു.

(Visited 179 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക