|    Jun 21 Thu, 2018 7:38 pm
FLASH NEWS

പക്ഷിഭൂപടം തയ്യാറാക്കല്‍: ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായി

Published : 14th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: പക്ഷി ഭൂപടം തയ്യാറാക്കുന്നതിനുള്ള സര്‍വേയുടെ ആദ്യഘട്ടം ജില്ലയില്‍ പൂര്‍ത്തിയായി. വനം-വന്യജീവി വകുപ്പും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജിയും സംയുക്തമായി നടത്തിയ മഴക്കാലെ സര്‍വേയാണ് ഈയിടെ പൂര്‍ത്തിയായത്. കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെയും കണ്ണൂര്‍ സര്‍വകലാശാലയുടെ മാനന്തവാടി സെന്ററിലെയും വിദ്യാര്‍ഥികള്‍, പക്ഷി നിരീക്ഷകര്‍ എന്നിവരുടെ സഹകരണത്തോടെ ജൂലൈ 16നായിരുന്നു സര്‍വേ തുടങ്ങിയത്. 2017 ജനുവരി 16 മുതല്‍ മാര്‍ച്ച് 15 വരെയാണ് രണ്ടാംഘട്ട സര്‍വേ. ശീതകാല സര്‍വേയും കഴിയുന്നതോടെ പക്ഷി ഭൂപട നിര്‍മാണത്തിനുള്ള വിവരശേഖരണം ജില്ലയില്‍ പൂര്‍ണമാവും. ഇതാദ്യമായാണ് ജില്ലയില്‍ കാട്, നാട് വ്യത്യാസമില്ലാതെ പക്ഷി സര്‍വേ.വയനാടിന്റെ മൊത്തം ഭൂപ്രദേശത്തെ 36 ചതുരശ്ര കിലോമീറ്റര്‍ വീതമുള്ള ഗ്രിഡുകളും ഇവയെ 1.2 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള സെല്ലുകളുമായി തിരിച്ച്, സെല്ലുകളില്‍നിന്നു തിരഞ്ഞെടുത്ത 207 എണ്ണത്തിലാണ് സര്‍വേ നടന്നത്. 15 മിനിറ്റ് ഇടവിട്ട് ഒരു മണിക്കൂറായിരുന്നു ഓരോ സെല്ലിലും പക്ഷിനിരീക്ഷണം. ഓരോ സെല്ലിലും മൂന്നു വീതം ആളുകളെയാണ് വിവരശേഖരണത്തിനു നിയോഗിച്ചത്. ഇവര്‍ സെല്ലില്‍ കണ്ട പക്ഷികളുടെ പേര്, എണ്ണം എന്നിവയ്ക്കു പുറമെ കുളവാഴ, കൊങ്ങിണി, ആഫ്രിക്കന്‍ പായല്‍, ധൃതരാഷ്ട്രപ്പച്ച എന്നീ നാല് അധിനിവേശ സസ്യങ്ങളുടെ വിന്യാസവും രേഖപ്പടുത്തി.ശീതകാല നിരീക്ഷണവും കഴിയുന്നതോടെ വയനാടിന്റെ പക്ഷിവൈവിധ്യത്തെക്കുറിച്ചുള്ള പൂര്‍ണചിത്രം ലഭിക്കുമെന്നു സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിക്കുന്ന പ്രശസ്ത പക്ഷിനിരീക്ഷകരായ സി കെ വിഷ്ണുദാസ്, ആര്‍ എന്‍ രതീഷ്, മനോജ് കണ്ണപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു. മഴക്കാല സര്‍വേയില്‍ ജലപ്പക്ഷികളടക്കം 150ഓളം പക്ഷികളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. ശീതകാലത്താണ് ജില്ലയിലേക്ക് ദേശാടനക്കിളികളുടെ വരവ്. കാടിനെ അപേക്ഷിച്ച് നാട്ടിന്‍പുറങ്ങള്‍ കിളികളുടെ എണ്ണത്തിലും വൈവിധ്യത്തിലും ഏറെ പിന്നിലാണെന്ന്  പക്ഷിശാസ്ത്രജ്ഞര്‍ പറഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെടുന്ന നെയ്ക്കുപ്പ വനം ഉള്‍പ്പെടുന്ന സെല്ലില്‍ 23 ഇനം പക്ഷികളെ കാണാനായി. എന്നാല്‍, നെയ്ക്കുപ്പ വനാതിര്‍ത്തിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയുള്ള പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ എട്ടിനം പക്ഷികള്‍ മാത്രമാണ് സര്‍വേ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഈ സ്ഥലങ്ങളില്‍   ആവാസവ്യവസ്ഥയിലുണ്ടായ മാറ്റമാണ് ഇതിലൂടെ പ്രകടമാവുന്നതെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. സംസ്ഥാന വനം-വന്യജീവി വകുപ്പ് വയനാട് വന്യജീവി സങ്കേതത്തില്‍ 2015 ഏപ്രില്‍ 10 മുതല്‍ 13 വരെ നടത്തിയ പക്ഷി സര്‍വേയിയില്‍ 175 ഇനങ്ങളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്. 2014ലെ സര്‍വേയില്‍ 189 ഇനങ്ങളെയാണ് കണ്ടത്. സുല്‍ത്താന്‍ ബത്തേരി, കുറിച്യാട്, മുത്തങ്ങ, തോല്‍പ്പെട്ടി റേഞ്ചുകള്‍ അടങ്ങുന്നതാണ് വയനാട് വന്യജീവി സങ്കേതം. 2015ലെ സര്‍വേയിലാണ് വന്യജീവി സങ്കേതത്തില്‍ ആദ്യമായി കിന്നരി നീര്‍ക്കാക്ക, വലിയ കിന്നരിപ്പരുന്ത് എന്നിവയെ കണ്ടത്. കാട്ടുമൂങ്ങ, തവിട്ടുപാറ്റ പിടിയന്‍ എന്നിവയുടെ കൂടും സര്‍വേസംഘങ്ങളുടെ കണ്ണില്‍പ്പെട്ടു. മുത്തങ്ങ റേഞ്ചിലെ മുത്തങ്ങയിലാണ് തവിട്ടുപാറ്റ പിടിയന്റെ കൂട് കണ്ടത്. ഇതേ റേഞ്ചിലെ ചീരാടന്‍കൊല്ലിയിലായിരുന്നു കാട്ടുമൂങ്ങയുടെ കൂട്.  മുത്തങ്ങ റേഞ്ചില്‍ തമിഴ്‌നാട് അതിര്‍ത്തിക്കടുത്തുള്ള മുതുമലക്കല്ലിലാണ് പശ്ചിമഘട്ടത്തില്‍ മാത്രമുള്ള വലിയ കിന്നരിപ്പരുന്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തോല്‍പ്പെട്ടി റേഞ്ചിലെ പുഞ്ചവയലിലാണ് കിന്നരി നീര്‍ക്കാക്കയെ കാണാനായത്. 2015ല്‍ ആരംഭിച്ച, കേരളത്തിന്റെ പക്ഷിഭൂപട നിര്‍മാണത്തിന്റെ ഭാഗമായാണ് വയനാടിന്റെ പക്ഷി സര്‍വേ.   ഇതിനകം ആലപ്പുഴയിലും തൃശൂരിലുമാണ് ഭൂപടനിര്‍മാണം പൂര്‍ത്തിയായത്. വയനാടിനൊപ്പം കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും മഴക്കാല സര്‍വേ നടന്നു. കുന്നുകളും മലകളും നിബിഡവനങ്ങളും വന്യജീവികളും നിറഞ്ഞ വയനാട്ടില്‍ പക്ഷിഭൂപട നിര്‍മാണം ശ്രമകരമാണെന്നു സര്‍വേയില്‍ പങ്കെടുത്ത ഡോ. ബിജു ഹബീബ്, എ വി അഭിജിത്ത്, അരുള്‍ ബാദുഷ, മുനീര്‍ തോല്‍പ്പെട്ടി, മാധവന്‍ തോല്‍പ്പെട്ടി എന്നിവര്‍ പറഞ്ഞു. ജില്ലയില്‍ വ്യാപകമായി പാടങ്ങളില്‍ കാട്ടുമൈനകളുടെ കൂട്ടങ്ങളെയും കാരാപ്പുഴയ്ക്കടുത്ത് ചൂളന്‍ എരണ്ടകളെയും (കാട്ടുതാറാവ്) കാണാനായെന്ന് അവര്‍ വെളിപ്പെടുത്തി. പുതിയ ഇനം പക്ഷികളുടെ സാന്നിധ്യം ആദ്യഘട്ടം സര്‍വേയില്‍ ശ്രദ്ധയില്‍പ്പെട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss