|    Jun 23 Fri, 2017 1:57 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പക്ഷിപ്പനി : 1176 താറാവുകളെ സംസ്‌കരിച്ചു

Published : 27th October 2016 | Posted By: SMR

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍െപ്പടെ 1176 താറാവുകളെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. അതേസമയം, ചത്ത താറാവുകളെ മാത്രമാണ് സംസ്‌കരിക്കുന്നത്. രോഗം ബാധിച്ച താറാവുകളെ സംസ്‌കരിക്കുന്നതിനെതിരേ കര്‍ഷകര്‍ രംഗത്തെത്തി. ഇവയെ കൂട്ടമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
ഇന്ന് നീലംപേരൂരില്‍ കണക്കെടുപ്പ് നടത്തി സംഘം തുടര്‍നടപടികള്‍ സ്വീകരിക്കും. ഇന്നലെ ചെറുതനയില്‍ 180, തകഴിയില്‍ 396, മുട്ടാറില്‍ 600 വീതമാണ് താറാവുകളെ സംസ്‌കരിച്ചത്. താറാവുകുഞ്ഞുങ്ങളും ഇതില്‍പ്പെടുമെന്ന് നോഡല്‍ ഓഫിസറായ ഡോ. ഗോപകുമാര്‍ പറഞ്ഞു. മൂന്നുദിവസംകൊണ്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കുട്ടനാട്ടില്‍നിന്നുള്ള താറാവു വില്‍പനയും കടത്തും 10 ദിവസത്തേക്കു നിയന്ത്രിച്ചിരിക്കുകയാണ്.
വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള 20 ദ്രുതകര്‍മ സംഘങ്ങളാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംഘത്തില്‍ രണ്ടു വെറ്ററിനറി സര്‍ജന്‍, രണ്ടു ലൈഫ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ടു തൊഴിലാളികള്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, പഞ്ചായത്തംഗം, രണ്ടുവീതം റവന്യൂ ഉദ്യോഗസ്ഥര്‍, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടുന്നു.
ഇവര്‍ ഇന്നലെ തകഴി, ചെറുതന, മുട്ടാര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രാമങ്കരി, പാണ്ടി, കൈനടി പ്രദേശങ്ങളിലാണ് ഇപ്പോള്‍ രോഗബാധ കണ്ടെത്തിയിട്ടുള്ളത്. പള്ളിപ്പാട്ടുനിന്നുള്ള സാംപിള്‍ ഫലം നെഗറ്റീവായതാണ് അധികൃതര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നത്. അതിനാല്‍ രോഗബാധയുണ്ടെന്ന് കര്‍ഷകര്‍ പറയുന്ന വിവിധയിടങ്ങളില്‍ പക്ഷിപ്പനി പ്രതിരോധമരുന്നു വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പ് തയ്യാറായിട്ടില്ല. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ മരുന്നു വിതരണം ചെയ്തുതുടങ്ങി.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ രോഗസാധ്യതാ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ താറാവ്, മുട്ടവില്‍പന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. താറാവുകടത്ത് തടയാന്‍ പ്രധാന റോഡുകളില്‍ രാത്രിയും പകലും പോലിസ് പട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക