|    Feb 19 Sun, 2017 10:24 pm
FLASH NEWS

പക്ഷിപ്പനി വ്യാപകമാവുന്നു

Published : 6th November 2016 | Posted By: SMR

ആലപ്പുഴ: പക്ഷിപ്പനി ജില്ലയില്‍ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നതായി ആശങ്ക. വെള്ളിയാഴ്ച മാത്രം 72,341 താറാവുകളെയാണു സംഘം കൊന്നു സംസ്‌കരിച്ചു. ഇന്നലെ എടത്വയില്‍ രോഗം ബാധിച്ച താറാവുകള്‍ ഉള്‍പ്പെട്ട കൂട്ടങ്ങളിലെ 9014 താറാവുകളെ കൊന്ന് സംസ്‌കരിച്ചു. ദ്രുത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. ഇതുവരെ സംസ്‌കരിച്ച താറാവുകളുടെ എണ്ണം 1.62 ലക്ഷം കടന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച താറാവുകളെ സംസ്‌കരിക്കുന്ന പ്രക്രിയ ഏറെക്കുറെ പൂര്‍ത്തിയായി.  തകഴി, ചമ്പക്കുളം, ചെറുതന എന്നിവിടങ്ങളില്‍ മുന്ന് സംഘങ്ങള്‍ ഇന്നലെ പ്രദേശം അണുവിമുക്തമാക്കുന്ന നടപടികളാണ് നടത്തിയത്. രോഗമുള്ള താറാവിനെ കണ്ടെത്തിയ സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോക്ലോറേറ്റ്, കുമ്മായം എന്നിവ തളിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പുളിങ്കുന്ന്, എടത്വ പഞ്ചായത്തുകളില്‍ ആറ് സംഘങ്ങള്‍, സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. പുളിങ്കുന്നില്‍ 261 ചത്ത താറാവുകളെ ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചു. തലേന്ന് കൊന്നതുള്‍പ്പടെയുള്ള താറാവുകളെ സംസ്‌കരിക്കുന്ന പ്രവര്‍ത്തികളാണ് സംഘം പൂര്‍ത്തിയാക്കിവരുന്നത്. താറാവുകളെ കൊന്നു സംസ്‌കരിക്കുന്നതിനു വേണ്ടത്ര സൗകര്യങ്ങള്‍ ദ്രുത കര്‍മ സംഘത്തിനില്ലെന്നു പരാതിയുണ്ട്.  വിറകും മണ്ണെണ്ണയും ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് പരാതി. താറാവൊന്നിനു രണ്ടു കിലോ വിറകെങ്കിലും ചുരുങ്ങിയതു വേണം. 320 ടണ്‍ വിറകാണ് ഇതുവരെ കത്തിക്കാനായി ഉപയോഗിച്ചത്. പക്ഷിപ്പനി പടരുന്നുവെന്ന് ആശങ്ക ഉയര്‍ന്നതോടെ എല്ലാ ഭാഗത്തും മൃഗസംരക്ഷണ വകുപ്പ് നിരീക്ഷണം ശക്തമാക്കി. സംശയമുള്ള സ്ഥലങ്ങളില്‍ നിന്നു താറാവുകളുടെ രക്ത സാംപിള്‍ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചെന്നിത്തലയിലെ താറാവ് വളര്‍ത്തു കേന്ദ്രത്തിലുണ്ടായിരുന്ന 55,015 മുട്ടകള്‍ നശിപ്പിക്കുകയുണ്ടായി.    1,200 കിലോ തീറ്റയും ഇവിടെ നശിപ്പിച്ചു.  പക്ഷിപ്പനിയില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൗരവമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആവശ്യപ്പെട്ടു. നിലവില്‍ സ്‌ക്വാഡുകളുടെ എണ്ണം വളരെ കുറവാണ്. ദിവസങ്ങളായി പക്ഷിപ്പനി ബാധിച്ച് പക്ഷികള്‍ ചത്തുകിടക്കുന്ന പ്രദേശങ്ങളില്‍ പ്പോലും സ്‌ക്വാഡുകള്‍ക്ക് എത്താന്‍ കഴിയുന്നില്ല. തന്മൂലം പല സ്ഥലങ്ങളിലും മരിച്ചുവീണ പക്ഷികളെ കൂട്ടിയിട്ടിരിക്കുകയാണ്. അസഹ്യമായ ദുര്‍ഗന്ധം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. താറാവുകളെ സംസ്‌കരിക്കുന്നത് റവന്യുവകുപ്പ് നേരിട്ട് ഏറ്റെടുക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും എംപി ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക