|    Jul 28 Fri, 2017 4:40 am
FLASH NEWS

പക്ഷിപ്പനി ഭീതി; ജില്ലയില്‍ ഇറച്ചിക്കോഴി വിപണി തകര്‍ച്ചയിലേക്ക്

Published : 28th October 2016 | Posted By: SMR

നെടുമങ്ങാട്: സംസ്ഥാനത്തു പക്ഷിപ്പനി പടര്‍ന്നതോടെ ജില്ലയില്‍ ഇറച്ചിക്കോഴി വിപണി മാന്ദ്യത്തിലായി. ഇറച്ചിക്കോഴി വിപണിയില്‍ ദിനംപ്രതി വില താഴേക്കു പോവുന്നതിനാല്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലാണു വ്യാപാരികളും കര്‍ഷകരും.കഴിഞ്ഞതവണ സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നുപിടിച്ചതോടെ തകര്‍ന്ന ഇറച്ചിക്കോഴി വിപണിയില്‍ നിന്നു കരകയറാന്‍ കഴിയാതെ വ്യാപാരവും കോഴികൃഷിയും അവസാനിപ്പിച്ചവര്‍ ഇപ്പോഴും കടക്കെണിയിലാണ്. പക്ഷിപ്പനിയെ തുടര്‍ന്ന് ആലപ്പുഴയിലും മറ്റുമായി താറാവുകള്‍ കൂട്ടംകൂട്ടമായി ചത്തുവീഴാന്‍ തുടങ്ങിയതോടെയാണ്  ഇറച്ചിക്കോഴി വിപണി സ്തംഭിച്ച അവസ്ഥയിലായത്. വില താഴോട്ടു കുതിക്കുന്നതിനാല്‍ അടച്ചുപൂട്ടല്‍ ഭീതിയിലാണു കോഴികര്‍ഷകര്‍. കഴിഞ്ഞദിവസങ്ങള്‍ മൊത്തവ്യാപാര വിപണിയില്‍ 75-85 രൂപ കിലോക്ക് വില ഉണ്ടായിരുന്നുവെങ്കില്‍ ഇന്നലെ 62-70 രൂപ വിലയിലെത്തി നില്‍ക്കുകയാണ്. ചില്ലറ വ്യാപാരമേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ 100-115 രൂപ വിലയായിരുന്നിടത്ത് ഇന്നലെ 80-87 രൂപയിലെത്തി വില നില്‍ക്കുന്നു. കോഴിക്കുഞ്ഞുങ്ങളെ മൂന്നു ഘട്ടങ്ങളിലായി വളര്‍ത്തി വിപണിയിലെത്തിക്കാന്‍ കര്‍ഷകന്‍ ചെലവാക്കുന്ന തുകയുടെ പകുതി പോലും കിട്ടാത്ത അവസ്ഥയാണിത്. ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഇറച്ചിക്കോഴി ക്കടകളും പൂട്ടലിന്റെ വക്കിലാണ്. വില കുറഞ്ഞിട്ടും ആവശ്യക്കാരില്ലാത്തതും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ അപ്രത്യക്ഷമായി. പക്ഷിപ്പനി ഭീതി തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ പലരും മല്‍സ്യം, മാട്ടിറച്ചി എന്നിവയെ ആശ്രയിച്ചു തുടങ്ങിയതായി ഹോട്ടലുടമകള്‍ പറയുന്നു. താറാവ് വിഭവങ്ങളുടെ വില്‍പനയും നിര്‍ത്തിവച്ചിട്ടുണ്ട്. ചിക്കന്‍ വിഭവങ്ങളുടെ വില കുറച്ചിട്ടുണ്ട്.   പക്ഷിപ്പനി ഭീതി തട്ടുകടകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. പക്ഷിപ്പനി തെക്കന്‍ ജില്ലകളില്‍ പടര്‍ന്നുപിടിച്ചാല്‍ വരുംദിനങ്ങളില്‍ ഇറച്ചിക്കോഴി വിപണിയില്‍ കനത്ത നഷ്ടമാവും ഉണ്ടാക്കുക. ശരിയായ പരിശോധന ഇല്ലാതെ പക്ഷികളെ കൊണ്ടുവരുന്നത് ചെക്‌പോസ്റ്റുകളില്‍ വിലക്കിയിട്ടുണ്ട്. കൂടാതെ പരിശോധന കര്‍ശനമാക്കാന്‍ ആര്‍ടിഒ, പോലിസ് എന്നിവര്‍ക്കും നിര്‍ദേശം നല്‍കി. ജില്ലയിലേക്ക് കൊണ്ടുവരുന്ന താറാവ്, കോഴി, മുട്ട എന്നിവയെല്ലാം വെറ്ററിനറി സര്‍ജന്‍ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക