|    Apr 29 Sat, 2017 7:03 am
FLASH NEWS

പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനത്തിന് ദ്രുതകര്‍മസേനയെ നിയോഗിച്ചു

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: പക്ഷിപ്പനി നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ശക്തമായ പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി കെ രാജു വിശദീകരിച്ചു. ഇതിന്റെ ഭാഗമായി രോഗബാധിത മേഖലയില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന 20 അംഗ ദ്രുതകര്‍മസേനയെ നിയോഗിച്ചു. നാലുസംഘങ്ങളായി തിരിഞ്ഞ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമായാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
രോഗം ബാധിച്ച താറാവുകളെ പ്രദേശത്തുനിന്ന് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുന്നത് പ്രായോഗികമല്ല. അവിടെത്തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണു ചെയ്യുക. രോഗബാധ സ്ഥിരീകരിച്ച താറാവുകളെ ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ തവണ രണ്ടുലക്ഷം താറാവുകളെയാണ് കൊന്നതെങ്കില്‍ ഇത്തവണ 1,500 താറാവുകളെ മാത്രമേ നശിപ്പിച്ചിട്ടുള്ളൂ. രോഗലക്ഷണമുള്ള താറാവുകളെ പ്രത്യേകം നിരീക്ഷിച്ചുവരുകയാണ്. താറാവുകളെ നഷ്ടമായ കര്‍ഷകര്‍ക്ക് നേരത്തേ നല്‍കിയതുപോലെ തുടര്‍ന്നും നഷ്ടപരിഹാരം നല്‍കും. രണ്ടുമാസമോ അതില്‍ കൂടുതലോ പ്രായമായവയ്ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും മുട്ടയ്ക്ക് അഞ്ചു രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുക.
മുന്‍കാലങ്ങളില്‍ താറാവിന്റെ കണക്കുകള്‍ പെരുപ്പിച്ചുകാട്ടിയതായി പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഓരോ കര്‍ഷകന്റെയും ഉടമസ്ഥതയിലുള്ള താറാവുകളുടെ എണ്ണം കണക്കാക്കുന്നതിന് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിച്ചശേഷമായിരിക്കും നഷ്ടപരിഹാരം നല്‍കുകയെന്നും മന്ത്രി അറിയിച്ചു.
രോഗബാധ പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ കണ്ടെത്തിയ വൈറസ് മനുഷ്യരിലേക്കു പകരുന്നത്ര ഗുരുതരമല്ലെന്ന് മൃഗസംരക്ഷണമന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു. ആലപ്പുഴയില്‍ വ്യാപകമായി താറാവുകള്‍ ചത്തൊടുങ്ങിയ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ എച്ച്5 എന്‍8 ഇനത്തില്‍പ്പെട്ട വൈറസ് ബാധയുണ്ടായതായാണ് സ്ഥിരീകരിച്ചത്. തിരുവല്ലയിലും പാലോടും തുടര്‍ന്ന് ബംഗളൂരുവിലും ഭോപാലിലുമാണ് സാംപിള്‍ പരിശോധനയ്ക്കായി അയച്ചത്. ടൈപ്പ് എ ഇനത്തില്‍പ്പെട്ട വൈറസാണ് രോഗം പടര്‍ത്തുന്നത്. വൈറസിന്റെ വകഭേദത്തിലെ വ്യത്യാസമനുസരിച്ച് രോഗം മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ഇപ്പോള്‍ കണ്ടെത്തിയ വൈറസ് മാരകമല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അതേസമയം, മുമ്പ് ആലപ്പുഴയില്‍ കണ്ടെത്തിയ വൈറസ് മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളതായിരുന്നുവെന്ന് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.
പക്ഷിപ്പനി രോഗബാധ സ്ഥിരീകരിക്കുന്ന താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയനും മൃഗസംരക്ഷണമന്ത്രി കെ രാജുവും വ്യക്തമാക്കി. താറാവുകള്‍ക്ക് രോഗം ബാധിച്ചാല്‍ മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാന്‍ കൊല്ലുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷിപ്പനി സ്ഥിരീകരണത്തിനുള്ള പരിശോധന നടത്തുന്നതിന് സംസ്ഥാനത്ത് ആധുനിക രീതിയിലുള്ള ലബോറട്ടറി സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day