|    Apr 30 Sun, 2017 12:54 am
FLASH NEWS

പക്ഷിപ്പനി ആശങ്കയില്‍ തട്ടേക്കാട് പക്ഷി സങ്കേതം

Published : 10th November 2016 | Posted By: SMR

കോതമംഗലം: ദേശാടന പക്ഷികളുടെ ഇടത്താവളമായ ഡോ. സലിംഅലി പക്ഷിസങ്കേതം പക്ഷിപ്പനി പേടിയില്‍. ആലപ്പുഴ ജില്ലയിലെ വിവിധയിടങ്ങളില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ ദേശാടനപക്ഷികള്‍ കൂട്ടമായി എത്തുന്ന സീസണാണിപ്പോള്‍. ആലപ്പുഴയില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതാണ് തട്ടേക്കാട് പക്ഷിസങ്കേതം അധികൃതരെ ആശങ്കയിലാക്കിയിരിക്കുന്നത്. കേരളത്തില്‍ എറ്റവും കൂടുതല്‍ ദേശാടന പക്ഷികള്‍ എത്തുന്ന തട്ടേക്കാട് ഏഷ്യയിലെ പ്രധാനപക്ഷി സങ്കേതം കൂടിയാണ്. പെരിയാറിന്റെ തീരത്ത് വ്യാപിച്ചുകിടക്കുന്ന പക്ഷി സങ്കേതം വിവിധയിനം ജലപക്ഷികളുടെ ആവാസ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഉഷ്ണമേഖല പക്ഷികളുടെ സങ്കേതം കൂടിയായ ഇവിടേക്ക് അതിശൈത്യത്തെ അതിജീവിക്കാന്‍ സൈബീരിയ, റഷ്യ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള ദേശാടന പക്ഷികള്‍ ഒക്ടോബര്‍ മുതലാണ് സാധാരണ നിലയില്‍ എത്തിത്തുടങ്ങുക. സൈബീരിയയില്‍നിന്നും പാകിസ്ഥാന്‍, ഡല്‍ഹി, കേരളം എന്നിവിടങ്ങളിലേക്കാണ് ഈ സീസണില്‍ ദേശാടന പക്ഷികള്‍ എത്തുന്നതെന്നാണ് അധികൃതരുടെ നിഗമനം. തട്ടേക്കാട് ഈ സീസണില്‍ പ്രധാനമായി എത്തുന്നത് സൈബീരിയന്‍ കൊക്കുകളാണ്. ആലപ്പുഴയിലെ പക്ഷിപ്പനി വ്യാപനത്തിന്റെ കാരണം ഇത്തരത്തിലെത്തുന്ന ദേശാടന പക്ഷികളുമായുള്ള സഹവാസമാണെന്ന് സ്ഥിതീകരിച്ചതാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിലുള്ള പക്ഷികളിലേക്കും രോഗം ബാധിക്കാന്‍ ഇടയാക്കിയേക്കുമോയെന്ന സംശയത്തിനിടയാക്കിയിട്ടുള്ളത്. 1983ല്‍ ആരംഭിച്ച പക്ഷി സങ്കേതത്തില്‍ വംശനാശ ഭീഷണി നേരിടുന്നവയുള്‍പെടെ 320 ഓളം ഇനം പക്ഷികളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 40 ശതമാനത്തോളം ദേശാടന പക്ഷികളാണ്. ഇക്കാരണംകൊണ്ട് തന്നെ പക്ഷി സങ്കേതത്തിലെ മറ്റ് പക്ഷികള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത എറെയാണന്നും അധികൃതര്‍ ഭയപ്പെടുന്നു. ദേശാടന പക്ഷികളുമായി ഇടകലര്‍ന്നാല്‍ രോഗം ഇവിടെയുള്ള പക്ഷികളിലേക്ക് പകരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. 2014ല്‍ എച്ച് 5 എന്‍ 1 ഇനത്തിലെ വൈറസാണ് രോഗം പരത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ ഇത്തവണ എച്ച് 5 എന്‍ 8 ഇനത്തില്‍പ്പെട്ട വൈറസാണ് താറാവുകളില്‍ ബാധിച്ചെതെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണ്ടെത്തല്‍. നാടുകളില്‍ പക്ഷികളിലേക്ക് ബാധിക്കുന്ന രോഗം മനുഷ്യരിലേക്കും ബാധിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കേ ഇതിനെ കുറിച്ച് ആവശ്യമായ പഠനങ്ങള്‍ നടത്തുന്നതിനോ ബോധവല്‍ക്കരണത്തിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day