|    Sep 26 Wed, 2018 12:06 pm
Home   >  Editpage  >  Editorial  >  

പക്വമതിയായ രാഷ്ട്രതന്ത്രജ്ഞന്‍

Published : 18th August 2018 | Posted By: kasim kzm

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന്റെ ഭരണകുത്തക തകര്‍ത്ത് ശക്തവും ഫലപ്രദവുമായ ഒരു ബദല്‍ സര്‍ക്കാരിനെ നയിച്ച പക്വമതിയായ രാഷ്ട്രതന്ത്രജ്ഞനാണ് കഴിഞ്ഞദിവസം അന്തരിച്ച അടല്‍ ബിഹാരി വാജ്‌പേയി. മൂന്നുതവണ അദ്ദേഹം പ്രധാനമന്ത്രിപദത്തില്‍ എത്തി. 1999 മുതല്‍ 2004 വരെ ബിജെപി നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭയെ നയിച്ചു. ആദ്യമായി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ്സിതര മന്ത്രിസഭയാണ് അദ്ദേഹത്തിന്റേത്.
ആര്‍എസ്എസില്‍ നിന്നാണ് വാജ്‌പേയി പൊതുരംഗത്ത് വന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം തന്റെ മാതൃസംഘടനയെ തള്ളിപ്പറഞ്ഞില്ല. അതേസമയം, രാജ്യത്തിന്റെ ഐക്യവും ദേശീയ പാരമ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം പലപ്പോഴും ശ്രമിച്ചിരുന്നു. ആര്‍എസ്എസിന്റെ അഖണ്ഡ ഭാരത സങ്കല്‍പത്തെ പ്രയോഗത്തില്‍ തള്ളിക്കളഞ്ഞ പ്രധാനമന്ത്രിയാണ് അദ്ദേഹം. കാരണം, അധികാരത്തില്‍ വന്ന് അദ്ദേഹം നടത്തിയ ഏറ്റവും സുപ്രധാനമായ പ്രവൃത്തി, പാകിസ്താനുമായി സമാധാനം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശക്തമായ നീക്കങ്ങളാണ്. ലാഹോറിലേക്കുള്ള അദ്ദേഹത്തിന്റെ ചരിത്രപ്രസിദ്ധമായ ബസ് യാത്രയും ആഗ്രയില്‍ പാക് പ്രധാനമന്ത്രിയുമായി നടത്തിയ സുപ്രധാന ചര്‍ച്ചയും അതിന്റെ ഭാഗമായിരുന്നു. പാകിസ്താന്‍ സന്ദര്‍ശനവേളയില്‍ വിഭജന പ്രമേയവുമായി ബന്ധപ്പെട്ട മുസ്‌ലിംലീഗിന്റെ സുപ്രധാന സമ്മേളനം നടന്ന വേദി അദ്ദേഹം സന്ദര്‍ശിച്ചതിലൂടെ പാകിസ്താന്‍ എന്ന ചരിത്ര യാഥാര്‍ഥ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
1992ല്‍ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്ത വേളയില്‍, തന്റെ സ്വന്തം അനുയായികളുടെ പ്രവൃത്തിയില്‍ അദ്ദേഹം കഠിനവേദന അനുഭവിക്കുകയുണ്ടായി. അതേപോലെ തന്നെ, പ്രധാനമന്ത്രിയായിരിക്കുന്ന വേളയില്‍ ഗുജറാത്തില്‍ നടന്ന അതിക്രൂരമായ മുസ്‌ലിം വംശഹത്യയില്‍ തന്റെ ഹൃദയഭാരം തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയോട്, ഭരണാധികാരിയുടെ ചുമതല നീതി നടപ്പാക്കലാണ് എന്നു പറയാന്‍ അദ്ദേഹം മടി കാണിക്കുകയുണ്ടായില്ല.
പ്രധാനമന്ത്രി എന്ന നിലയില്‍ പൊതുവില്‍ ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ നീക്കങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. പാകിസ്താനുമായുള്ള തര്‍ക്കങ്ങളും കശ്മീര്‍ പ്രശ്‌നവും അദ്ദേഹത്തിന്റെ അജണ്ടയിലെ ഏറ്റവും മുഖ്യ ഇനങ്ങളായിരുന്നു. കശ്മീര്‍ പ്രശ്‌നം അവിടത്തെ ജനങ്ങളുടെ ജനാധിപത്യാഭിലാഷങ്ങളുടെ അടിസ്ഥാനത്തില്‍ വേണം പരിഹരിക്കാന്‍ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതിനായി അദ്ദേഹം മുന്നോട്ടുവച്ച മൂന്നിന ഫോര്‍മുല ഇന്നും പ്രസക്തമായി തുടരുന്നു.
രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണസമീപനത്തില്‍ നിന്ന് മാറി വിവിധ കക്ഷികളുടെ ദേശീയ ഐക്യനിര എന്ന സങ്കല്‍പം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് വാജ്‌പേയി. 1977ല്‍ ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് ബദല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. അത് പരാജയമായിരുന്നു. പക്ഷേ, 1999ല്‍ അത്തരമൊരു പരീക്ഷണം പൂര്‍ണ വിജയത്തില്‍ എത്തിക്കാനും വാജ്‌പേയിക്ക് സാധിച്ചുവെന്നത് സുപ്രധാന ചരിത്രനേട്ടം തന്നെയാണ്.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss