|    Sep 26 Wed, 2018 2:23 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസുമാവുന്നവരെ വേണ്ട ; മതേതര മുഖമുള്ള നേതാക്കള്‍ മതി: ആന്റണി

Published : 29th January 2017 | Posted By: fsq

 

തിരുവനന്തപുരം: കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുതിര്‍ന്ന നേതാക്കളെയും യുവനേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണി. പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസുമാവുന്നവരെ പാര്‍ട്ടിയില്‍ വേണ്ടെന്ന് തുറന്നടിച്ച ആന്റണി, കോണ്‍ഗ്രസ്സിന് ഉറച്ച മതേതര മുഖമുള്ള നേതാക്കളെയാണു വേണ്ടതെന്നും വ്യക്തമാക്കി. നേതാക്കള്‍ പിണങ്ങിനിന്നാല്‍ ക്ഷീണിക്കുക പാര്‍ട്ടിയാണ്. പാര്‍ട്ടിയില്ലെങ്കില്‍ ആരുമുണ്ടാവില്ലെന്നും ആന്റണി ഓര്‍മിപ്പിച്ചു. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോവുകയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചചെയ്യേണ്ടത്. യുവജനനേതാക്കള്‍ക്കെതിരേയും ആന്റണി വിമര്‍ശനം ചൊരിഞ്ഞു. പത്രപ്രസ്താവനകൊണ്ട് നിലനില്‍ക്കുകയാണ് യുവനേതാക്കള്‍. തെറ്റിനെ നേരിടാനുള്ള ആര്‍ജവം യുവാക്കള്‍ കാണിക്കണമെന്നും ആന്റണി പറഞ്ഞു.കഴിഞ്ഞ 14നു ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയില്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ല. ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ എ ഗ്രൂപ്പിന് പ്രാതിനിധ്യം കുറഞ്ഞെന്ന് പരിഭവിച്ചാണ് ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കാതിരുന്നത്.  നേതൃതലത്തില്‍ പ്രവര്‍ത്തിക്കാനില്ലെന്നും സാദാ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ സജീവമായി ഉണ്ടാവുമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തിനു പുറമേ, സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന കടുത്ത നിലപാടിലുമായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരുന്ന കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയിലാണ് കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗം ചേരാന്‍ തീരുമാനമെടുത്തത്. ഈ യോഗത്തിലാണ് ആന്റണി ഉമ്മന്‍ചാണ്ടിയെയടക്കം പരോക്ഷമായി പരാമര്‍ശിച്ച് രംഗത്തെത്തിയതെന്നതു ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ അതേ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ആന്റണി ചൂണ്ടിക്കാട്ടി. അതേസമയം, മുതിര്‍ന്ന നേതാവ് എം എം ജേക്കബ് ഹൈക്കമാന്‍ഡിനെയും വി എം സുധീരനെയും രൂക്ഷമായി വിമര്‍ശിച്ചു സംസാരിച്ചു. ഹൈക്കമാന്‍ഡ് ഇപ്പോള്‍ നിശ്ചലമാണ്. സോണിയ സജീവമായ കാലത്ത് ഹൈക്കമാന്‍ഡ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ആന്റണി ഹൈക്കമാന്‍ഡില്‍ അറിയിച്ചാലും തനിക്ക് പ്രശ്‌നമില്ല- എം എം ജേക്കബ് പറഞ്ഞു. എഐസിസി നിരീക്ഷകനായി പങ്കെടുത്ത കെ വി തങ്കബാലുവിനെയും ജേക്കബ് പരിഹസിച്ചു. തമിഴ്‌നാട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നു പറഞ്ഞായിരുന്നു പരിഹാസം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss