|    Jun 22 Fri, 2018 6:57 pm
FLASH NEWS

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും

Published : 2nd October 2016 | Posted By: SMR

കൊല്ലം: ജില്ലയില്‍ തുലാവര്‍ഷാരംഭത്തോടനുബന്ധിച്ച് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഐ അബ്ദുള്‍ സലാമിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി മഞ്ഞപ്പിത്തം തുടങ്ങിയവ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേക മുന്‍കരുതലുകള്‍ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.ഡെങ്കിപ്പനി പരത്തുന്ന നാലിനം വൈറസുകളുടെ സാന്നിധ്യം ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി ചില സന്ദര്‍ഭങ്ങളില്‍ മാരകമാകാറുണ്ട്. മുമ്പ് രോഗം ബാധിച്ചവര്‍ക്ക് വീണ്ടു ബാധിക്കുമ്പോഴാണ് ഗുരുതരാവസ്ഥയിലാകുന്നത്.വീടിനകത്തും പുറത്തും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുകയും ആഴ്ച്ചയില്‍ ഒരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തുകയും വേണം.
വീടിന്റെ ടെറസ്, സണ്‍ഷെയിഡ്, പൊട്ടിയ പാത്രങ്ങള്‍, മുട്ടത്തോട്, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന് താഴെയുള്ള ട്രേ, ചെടിച്ചട്ടികള്‍, ഫഌവര്‍ വേസ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.ഒക്‌ടോബര്‍ രണ്ടു മുതല്‍ ഒന്‍പതു വരെ ജില്ലയില്‍ ശുചീകരണ വാരം ആഘോഷിക്കും. ഈ കാലയളവില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങിളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ക്ലോറിനേഷനും കുടിവെള്ള സാമ്പിളുകളുടെ പരിശോധനയും ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. പകര്‍ച്ചവ്യാധി അധികമുള്ള ബ്ലോക്കുകളില്‍ ഹോമിയോ മെഡിക്കല്‍ ക്യാംപും ഹോമിയോ വിഭാഗത്തിന്റെ നേത്യത്വത്തില്‍ ബോധവത്ക്കരണവും നടത്തും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ എലി നശീകരണ കാംപയിന്‍ സംഘടിപ്പിക്കും. മാലിന്യ നിര്‍മാര്‍ജ്ജന പ്രവൃത്തികളുടെ ഭാഗമായി ബയോഗ്യാസ് പ്ലാന്റുകളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തും. കൊതുകിന്റെ ലാര്‍വകളെ ഭക്ഷിക്കുന്ന ഗപ്പി മല്‍സ്യങ്ങളെ ഫിഷറീസ് വകുപ്പ് കുളങ്ങളില്‍ നിക്ഷേപിക്കും. ഉപയോഗ ശൂന്യമായ പ്ലസ്റ്റിക് ശേഖരിക്കാന്‍ പഞ്ചായത്ത് തോറും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന സജീവമാക്കുകയും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ആരോഗ്യ വകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പരിശോധനയും ശുചീകരണവും നടത്തും. ജില്ലയിലെ സ്‌കൂളുകളുടെ പരിസരം വ്യത്തിയാക്കുന്നതിനും കൊതുകളുടെ ഉറവിട നശീകരണവും കുടിവെള്ള ശുചീകരണവും നടത്തുന്നതിന് യോഗം തീരുമാനിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഒക്‌ടോബര്‍ ഏഴിന് ശുചീകരണ ദിനമായി ആചരിക്കാനും തീരുമാനിച്ചു.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ വി വി ഷേര്‍ളി, ഡെപ്യൂട്ടി ഡിഎംഒ ഡോ സന്ധ്യ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഷീജ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss