|    Dec 12 Wed, 2018 11:59 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പകയുടെ രാഷ്ട്രീയവും ഭരണവും

Published : 5th May 2017 | Posted By: fsq

ഡിജിപി സ്ഥാനത്തുനിന്നു നീക്കിയ ടി പി സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിയമിക്കണമെന്ന സുപ്രിംകോടതി വിധിയോട് കേരള മുഖ്യമന്ത്രി പ്രതികരിക്കുന്നത് രാജ്യമാകെ പോലിസ് ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ രാഷ്ട്രീയനേതാക്കളും ഉറ്റുനോക്കുകയാണ്. പിണറായി വിജയന്‍ അധികാരമേറ്റതിന്റെ മൂന്നാംദിവസമാണ് ടി പി സെന്‍കുമാറിനെ നീക്കിയത്. 11 മാസത്തെ നിയമയുദ്ധത്തില്‍ കഴിഞ്ഞദിവസം അദ്ദേഹം വിജയിച്ചു. ചരിത്രവിധിയെന്നാണ് കേരള മുഖ്യമന്ത്രിയൊഴികെ എല്ലാവരും അതിനെ വിശേഷിപ്പിച്ചത്.വിധി പരമോന്നത കോടതിയുടേതാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി, അന്തസ്സായി അതങ്ങു നടപ്പാക്കുമെന്നല്ല പക്ഷേ, പ്രതികരിച്ചത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കാനുള്ള അവകാശം സുപ്രിംകോടതിക്കുണ്ടെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നുമാണ്. അളന്നും തൂക്കിയുമുള്ള ആ വാക്കുകളിലെ സന്ദേശം അദ്ദേഹത്തെ അടുത്തറിയുന്നവരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. സുപ്രിംകോടതി വിധിയെ നിയമപരമായ പഴുതുകള്‍ ഉപയോഗിച്ചു പരാജയപ്പെടുത്തുമോ എന്ന ആശങ്ക അവര്‍ക്കുണ്ടായതില്‍ തെറ്റുപറയാനാവില്ല.ടി പി സെന്‍കുമാറിനെ ഡിജിപിയായി തന്നെ തിരിച്ചെടുക്കണമെന്ന കോടതിവിധി ഉണ്ടാവുമെന്ന് മുഖ്യമന്ത്രിയോ ഉപദേശകരോ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. തിരിച്ചെത്തുന്ന സെന്‍കുമാറിന് കുറഞ്ഞ ദിവസത്തെ സര്‍വീസ് മാത്രമേ ശേഷിക്കുന്നുള്ളൂ. പക്ഷേ, താന്‍ തീരുമാനിക്കുന്നതും ചെയ്യുന്നതും മാത്രം ശരിയെന്നു വിശ്വസിക്കുന്ന ഒരു ഏകാധിപതി മുഖ്യമന്ത്രി പിണറായിയില്‍ കുടിപാര്‍ക്കുന്നുണ്ടെന്നതാണ് പ്രശ്‌നം.ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഗൂഢാലോചന നടത്തിയതിന് പി ജയരാജന്‍ അടക്കം ഉന്നതരെ കേസില്‍ പെടുത്താന്‍ അന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന സെന്‍കുമാര്‍ ശ്രമിച്ചെന്ന വൈരാഗ്യവും പകയുമാണ് പിണറായി വിജയനെ ഭരിച്ചത്. ഒരു ദിവസത്തേക്കുപോലും അങ്ങനെ ഒരാളെ തന്റെ കീഴില്‍ ഡിജിപിയായി നിലനിര്‍ത്താന്‍ മനസ്സുള്ള ആളല്ല പിണറായി വിജയന്‍.ഞാനാണ് പാര്‍ട്ടിയെന്നു ധരിച്ച് 18 വര്‍ഷം സിപിഎമ്മിനെ ഭരിച്ച് അതിലും വലിയ അഹംബോധത്തിലാണ് മുഖ്യമന്ത്രിപദത്തില്‍ തുടരുന്നത്. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായിരിക്കെ ഇപ്പോള്‍ സുപ്രിംകോടതിയില്‍നിന്നെന്നപോലെ മറ്റൊരു തിരിച്ചടി ഏറ്റതാണ്. അതു കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ എന്ന, പാര്‍ട്ടിയുടെ അന്നു നിലവിലുണ്ടായിരുന്ന സുപ്രിംകോടതിയില്‍ നിന്നായിരുന്നു. പിന്നീട് പാര്‍ട്ടിയുടെ ആ പരമോന്നത നീതിപീഠം ബാബരി മസ്ജിദ് പോലെ തകര്‍ത്തതിന് ഗൂഢാലോചന നടത്തിയതും പിണറായിയായിരുന്നു.സുപ്രിംകോടതി വിധിയുടെ നിര്‍ദേശവും സെന്‍കുമാറിന്റെ പ്രതികരണത്തിലെ ഓരോ വാക്കും ഓര്‍മപ്പെടുത്തുന്നത് രണ്ടു സംഭവങ്ങളും തമ്മിലുള്ള സമാനതയാണ്. പിണറായി വിജയന്‍ സെക്രട്ടറിയായിരുന്ന സംസ്ഥാന കമ്മിറ്റി പുറത്താക്കിയ ഈ ലേഖകന്‍ അടക്കമുള്ള നാലുപേരെ പാര്‍ട്ടിയിലെ അതതു സ്ഥാനങ്ങളിലേക്ക് തിരിച്ചെടുക്കണമെന്ന് സമര്‍ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അന്ന് ഉത്തരവിട്ടു. തീരുമാനം ഉടനടി നടപ്പില്‍ വരുത്തണമെന്നായിരുന്നു പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ.സെന്‍കുമാര്‍ തന്റെ അനുഭവം വിവരിച്ചത് 19 വര്‍ഷം മുമ്പ് ഈ ലേഖകന്‍ അടക്കമുള്ളവരെ പുറന്തള്ളിയ അതേ ക്രൂരതയും കാപട്യവും ഓര്‍മപ്പെടുത്തി. സെന്‍കുമാര്‍ പറയുന്നു: 36 വര്‍ഷത്തെ സര്‍വീസിനിടെ ഒരിക്കലും ചീത്തപ്പേരു കേള്‍പ്പിച്ചിട്ടില്ല. എന്നാല്‍, സര്‍വീസിന്റെ അവസാന നാളുകളില്‍ മോശക്കാരനാക്കാന്‍ ശ്രമിച്ചു. അതിനെതിരേയായിരുന്നു നിയമപോരാട്ടം. തന്നെ മാറ്റുന്നത് മുന്‍ ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച വ്യാജ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു. അവ ഹാജരാക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടപ്പോള്‍ ഫയലിലെ ശുപാര്‍ശകളും തിയ്യതികളും തിരുത്തിയാണ് ഹാജരാക്കിയത്. തന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ വ്യാജ റിപോര്‍ട്ടുകള്‍. അതു ബോധ്യപ്പെട്ടതുകൊണ്ടാണ് തന്നെ തിരിച്ചെടുക്കണമെന്ന അസാധാരണ ഉത്തരവ് സുപ്രിംകോടതി പുറപ്പെടുവിച്ചത്.  പുതിയ ഗവണ്‍മെന്റ് അധികാരമേറ്റതിന്റെ പിറ്റേന്ന് രൂപപ്പെട്ട ചില അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഒഴികെ സെന്‍കുമാറിനെതിരേ മറ്റൊന്നും ഇല്ലെന്നാണ് സുപ്രിംകോടതി വിധിച്ചത്; സര്‍ക്കാരിന്റെ പ്രഥമദൃഷ്ടി ഇരുട്ടുകൊണ്ട് ഓട്ടയടച്ചതാണെന്നും. നിയമമന്ത്രി എ കെ ബാലന്റെ വകുപ്പാണ് കേസ് ആര്, എങ്ങനെ കോടതിയില്‍ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കേണ്ടത്. പകരം പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് സെന്‍കുമാറിന്റെ കേസില്‍ ഇടപെട്ടത്. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന ഹരീഷ് സാല്‍വെയെയാണ് കേസ് വാദിക്കാന്‍ സുപ്രിംകോടതിയില്‍ ഏര്‍പ്പാടാക്കിയത്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി ബെഹ്‌റ സാല്‍വെയെ ഏര്‍പ്പാടാക്കുകയായിരുന്നു. കേരള ഹൈക്കോടതിയില്‍ പിണറായി വിജയനു വേണ്ടി ലാവ്‌ലിന്‍ കേസില്‍ ഹാജരാവാന്‍ വന്നതായിരുന്നു സാല്‍വെ. ചീഫ് സെക്രട്ടറി നളിനി നെറ്റോയും ബെഹ്‌റയും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡല്‍ഹിയില്‍ തങ്ങിയാണ് കേസ് നടത്തിയത്. വാദത്തിനിടെ വന്ന സൂചനകളില്‍ വച്ച്, സെന്‍കുമാറിന്റെ പുനര്‍നിയമനം നേരിടാന്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പോലിസ് ഉപദേഷ്ടാവായി നിയോഗിച്ചതും ഈ അടിയന്തര സാഹചര്യംകൊണ്ടാണ്.ഈ ശൈലി പാര്‍ട്ടി ഭരണഘടന അട്ടിമറിക്കാനും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ഉത്തരവ് പാസാക്കാതിരിക്കാനും പിണറായി മുമ്പ് പ്രയോഗിച്ചതാണ്. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന കണ്‍ട്രോള്‍ കമ്മീഷന്‍ തീരുമാനമുണ്ടായ ഉടനെ കേരളത്തില്‍നിന്നുള്ള കണ്‍ട്രോള്‍ കമ്മീഷന്‍ അംഗത്തെ എകെജി ഭവനില്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങിനെ കാണാന്‍ നിയോഗിച്ചു. കണ്‍ട്രോള്‍ കമ്മീഷന്‍ നിര്‍ദേശമറിഞ്ഞ സുര്‍ജിത് റിപോര്‍ട്ട് തടഞ്ഞുവയ്ക്കാന്‍ ഇടപെട്ടെങ്കിലും സമര്‍ മുഖര്‍ജി വഴങ്ങിയില്ല. ഒടുവില്‍ കണ്‍ട്രോള്‍ കമ്മീഷന്റെ പ്രവര്‍ത്തനം തന്നെ പാര്‍ട്ടി തടസ്സപ്പെടുത്തി. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ച് ആ റിപോര്‍ട്ട് പിന്നീട് അസാധുവാക്കി. മൂന്നുവര്‍ഷം കഴിഞ്ഞ് മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മുന്‍കാലപ്രാബല്യത്തോടെ പാര്‍ട്ടി ഭരണഘടനാ വകുപ്പുകള്‍ ഭേദഗതി ചെയ്തു. ചുരുക്കത്തില്‍, ഇല്ലം ചുട്ടാണ് വ്യക്തിവിരോധം തീര്‍ത്തത്.കേരളം ഒരു റിപബ്ലിക് അല്ല എന്നതും പിണറായി വിജയന്‍ പ്രധാനമന്ത്രിയല്ല എന്നതും കാരണം സുപ്രിംകോടതി വിധി കണ്‍ട്രോള്‍ കമ്മീഷന്‍ ഉത്തരവുപോലെ ദുര്‍ബലപ്പെടുത്തുക എളുപ്പമല്ല. മുഖ്യമന്ത്രിയും സെന്‍കുമാറിനെ പുറത്താക്കാന്‍ രേഖ ഒരുക്കിയ ചീഫ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഓഫിസ് വരെ പിടിപാടുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നീതി പുനസ്ഥാപിക്കുന്നതിനോട് എങ്ങനെ ഒത്തുപോകും എന്നാണ് കാണാനിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss