|    Jul 28 Fri, 2017 2:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നൗറു, മനുസ് ദ്വീപുകളിലെ അഭയാര്‍ഥികളെ യുഎസ് ഏറ്റെടുക്കും

Published : 14th November 2016 | Posted By: SMR

വാഷിങ്ടണ്‍: പപ്പുവ ന്യൂഗിനി, നൗറു ദ്വീപ് എന്നിവിടങ്ങളിലെ ആസ്‌ത്രേലിയന്‍ തടവുകേന്ദ്രങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളെ യുഎസ് ഏറ്റെടുക്കും. ദ്വീപിലെ ഏറ്റവും മോശം അവസ്ഥയില്‍ കഴിയുന്നവരെ യുഎസില്‍ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് ആസ്‌ത്രേലിയയും യുഎസും തമ്മില്‍ ധാരണയിലെത്തി. പപ്പുവ ന്യൂഗിനിയിലെ മനുസ് ദ്വീപിലും നൗറു ദ്വീപിലുമായി 1200ഓളം അഭയാര്‍ഥികളാണു കഴിയുന്നത്. ആസ്‌ത്രേലിയയിലേക്കു വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അഭയാര്‍ഥികളെ ഈ ദ്വീപുകളിലേക്കു വഴിതിരിച്ചുവിടാറാണു പതിവ്. അഭയാര്‍ഥികളെ ഏറ്റെടുക്കാതെ ആസ്‌ത്രേലിയ തടവറകളില്‍ പാര്‍പ്പിക്കും. പുനരധിവാസം ഘട്ടംഘട്ടമായായിരിക്കും നടക്കുകയെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു. ഏതെല്ലാം അഭയാര്‍ഥികളെയാണ് പുനരധിവസിപ്പിക്കേണ്ടതെന്ന് യുഎസ് തീരുമാനിക്കും. എത്രപേരെ യുഎസ് ഏറ്റെടുക്കുമെന്ന് വ്യക്തമല്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒറ്റത്തവണ മാത്രമേ യുഎസ് അഭയാര്‍ഥികളെ ഏറ്റെടുക്കൂവെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നും ടേണ്‍ ബുള്‍ സൂചിപ്പിച്ചു. കരാര്‍ യുഎസ് സറ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎന്നിന്റെ അഭയാര്‍ഥി വിഭാഗമായ യുഎന്‍എച്ച്‌സിആറിന്റെ നേതൃത്വത്തിലാണ് കരാര്‍. അതേസമയം, അഭയാര്‍ഥിത്വ അപേക്ഷ തള്ളപ്പെട്ടവര്‍ തിരിച്ച് അവരുടെ രാജ്യത്തേക്കുതന്നെ പോവണമെന്നും ടേണ്‍ ബുള്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക