|    Jun 22 Fri, 2018 12:47 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ന്യൂസിലാന്‍ഡ്- ആസ്‌ത്രേലിയ ഒന്നാം ഏകദിനം : ആസ്‌ത്രേലിയ പൊരുതി തോറ്റു

Published : 31st January 2017 | Posted By: fsq

 

ഓക്ക്‌ലാന്‍ഡ്: ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ ന്യൂസിലാന്‍ഡ് ആസ്‌ത്രേലിയ ഒന്നാം ഏകദിനത്തില്‍ ഭാഗ്യത്തിന്റെ ആറു റണ്‍സ് വിജയം കിവീസിനൊപ്പം നിന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഓസീസിന്റെ പോരാട്ടം മൂന്നോവര്‍ ബാക്കി നില്‍ക്കെ 280 റണ്‍സില്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്ററും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ട്രന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനുമാണ് ന്യൂസിലാന്‍ഡിന് ആവേശ ജയം സമ്മാനിച്ചത്.കളി ജയിച്ചത് ന്യൂസിലാന്‍ഡാണെങ്കിലും കയ്യടി ലഭിച്ചത് ഓസീസ് താരം മാര്‍ക്കസ് സ്‌റ്റോനിക്‌സിന്റെ പ്രകടനത്തിനാണ്. ഓക്ക്‌ലന്‍ഡിലെ ബാറ്റിങ് പിച്ചില്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയ ആസ്‌ത്രേലിയ അഞ്ചിന് 54 എന്ന നിലയില്‍ തകര്‍ന്ന് തരിപ്പണമായിപ്പോയിരുന്നു. ഫിഞ്ച്, ഹെഡ്, ഹാന്‍ഡ്‌സ്‌കോംപ് എന്നീ വമ്പന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി.  അഞ്ചിന് 54 എന്ന സ്ഥിതിയില്‍ നിന്നും ഓസീസിനെ വിജയത്തിന് 6 റണ്‍സ് അകലെ വരെ എത്തിച്ചു മാര്‍ക്കസ് സ്‌റ്റോനിസ് എന്ന 26 കാരന്‍. 117 പന്തുകള്‍ നേരിട്ട സ്‌റ്റോനിസ് 9 ഫോറും 11 സിക്‌സും പറത്തി 146 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മറുവശത്ത് ഒരാളെയെങ്കിലും പൊരുതാന്‍  പിന്തുണ ലഭിച്ചെങ്കില്‍ ആസ്‌ത്രേലിയയെ പാട്ടും പാടി  സ്‌റ്റോനിസ് വിജയിപ്പിച്ചേനെ. മൂന്നോവര്‍ ബാക്കി നില്‍ക്കേയാണ് ആസ്‌ത്രേലിയ 280 റണ്‍സിന് ഓള്‍ ഔട്ടായത്.ഓപ്പണര്‍മാരായ ഫിഞ്ചിനെയും ഹെഡിനെയും പുറത്താക്കി സ്റ്റാര്‍ ബൗളര്‍ ട്രെന്റ് ബൗള്‍ട്ടാണ് ഓസീസിന് തുടക്കത്തിലേ പ്രഹരം ഏല്‍പ്പിച്ചത്. 16 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ സ്പിന്നര്‍ സാന്ത്‌നറും മാക്‌സ് വെല്ലിനെയും ഹീസ്ലെറ്റിനെയും ഫെര്‍ഗൂസനും പുറത്താക്കി. അവസാന ഓവറുകളില്‍ സാന്റര്‍ സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും പുറത്താക്കിയതോടെ ആറ് റണ്‍സ് അകലെ ആസ്‌ത്രേലിയയുടെ  പോരാട്ടം അവസാനിച്ചു.നേരത്തെ ടോസ് നേടിയ ആസ്‌ത്രേലിയ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിലേ തന്നെ ഓപണര്‍ ടോം ലാദം(7) മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും മറുവശത്ത് മാര്‍ട്ടിന് ഗുപ്റ്റില്‍(61) വെടിക്കെട്ട് ബാറ്റിങുമായി നിറഞ്ഞ് നിന്നു.   മധ്യനിരയില്‍ നെയ്ല്‍ ബ്രൂമും(73) ജെയിംസ് നിഷാമും(48) നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളൂടേയും ബലത്തിലാണ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് ന്യൂസിലാന്‍ഡ് പടുത്തുയര്‍ത്തിയത്.ബൗളിങ്ങിലും സ്റ്റോനിക്‌സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. സ്‌റ്റോനിസാണ് കളിയിലെ താരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss