|    Sep 24 Sun, 2017 8:55 am

ന്യൂമോണിയ ബാധിച്ചെത്തിയ ഒരുവയസ്സുകാരിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി

Published : 14th July 2017 | Posted By: fsq

 

ചെറുതുരുത്തി: ചെറുതുരുത്തി പൈങ്കുളം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഒന്നര വയസുകാരിക്ക് ഇഞ്ചക്ഷന്‍ മരുന്ന് മാറി നല്‍കുകയും ഇതേക്കുറിച്ച് ഡോക്ടറോട് പരാതിപ്പെട്ട രക്ഷിതാവിനോടും കുഞ്ഞിനോടും അധികൃതര്‍ അപമര്യാതയായി പെരുമാറുകയും ചെയ്തതായി പരാതി. ചെറുതുരുത്തി പള്ളം കൈപ്പഞ്ചേരി വീട്ടില്‍ നൗഷാദ് ആണ് ഇത് സംബന്ധിച്ച് ചെറുതുരുത്തി പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ എട്ടിന് ന്യൂമോണിയയുമായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത നൗഷാദിന്റെ മകള്‍ ആയിഷ നിംറ (ഒരു വയസ്) എന്ന കുട്ടിക്ക് തൊട്ടടുത്ത ദിവസം രാത്രിയില്‍ ഡ്യൂട്ടി നെഴ്‌സ് ഇഞ്ചക്ഷന്‍ നല്‍കാന്‍ എത്തിയപ്പോള്‍ മരുന്ന് മാറിയതായി ശ്രദ്ധയില്‍പ്പെടുത്തുകയും ഇതേ ആശുപത്രിയിലുള്ള ഫാര്‍മസിയില്‍ നിന്നും ഇത് മാറ്റി വാങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് ഫാര്‍മസിയില്‍ മരുന്ന് മാറിയത് സംബന്ധിച്ച് പരാതിയുമായെത്തിയപ്പോള്‍ തങ്ങളുടെ കൈയ്യില്‍ നിന്നും മാറിയതല്ലെന്നും നെഴ്‌സിംഗ് റൂമില്‍ നിന്നും എഴുതി നല്‍കിയതാണെന്നും പറഞ്ഞ് കയ്യൊഴിഞ്ഞതായും പരാതിയില്‍ പറയുന്നു. ഡോക്ടറോട് പരാതി പറയുകയും ഡിസ്ചാര്‍ജ്ജ് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ മരുന്ന് മാറിയതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയും സൗമ്യ എന്ന നഴ്‌സിന് പറ്റിയ അബദ്ധമാണെന്നും തല്‍ക്കാലം പ്രശ്‌നമാക്കേണ്ടെന്നും പറഞ്ഞ് ഡോക്ടര്‍ പ്രശ്‌നം രമ്യതയിലെത്തിക്കുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഡ്യൂട്ടിക്കെത്തിയ ഈ നെഴ്‌സ് ഡോക്ടറോട് മരുന്ന് മാറി നല്‍കിയത് പരാതിപ്പെട്ടതിലുള്ള പ്രതികാരമായി തന്റെ കുട്ടിക്ക്  ഇഞ്ചക്ഷന്‍ വെക്കുമ്പോള്‍ മോഷമായി പെരുമാറുകയും,  കരയുന്ന മകളുമായി ജനറല്‍ വാര്‍ഡിലുള്ള കുട്ടിയുടെ കിടക്കയില്‍ ഇരുന്ന പിതാവിനോട് മോഷമായ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക