|    Jun 23 Sat, 2018 4:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കാന്‍ യുഡിഎഫ്

Published : 19th October 2016 | Posted By: SMR

ഹനീഫ എടക്കാട്

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് ഉറച്ചു വിശ്വസിച്ച കോണ്‍ഗ്രസ്സിനും യുഡിഎഫിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുട്ടടി നല്‍കിയ ന്യൂനപക്ഷ വിഭാഗങ്ങളെ അടുപ്പിക്കാന്‍ ഐക്യമുന്നണി ശ്രമമാരംഭിച്ചു. കേന്ദ്രഭരണത്തിന്റെ മറവില്‍ സംഘപരിവാരവും സംസ്ഥാന ഭരണത്തിനു കീഴില്‍ സിപിഎമ്മും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമേല്‍ നടത്തുന്ന അമിതാധികാര പ്രയോഗങ്ങള്‍ ഏറ്റെടുത്തു പ്രചാരണം നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നു വിലയിരുത്തപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായത് ന്യൂനപക്ഷം കൈവിട്ടതുകൊണ്ടായിരുന്നു. എല്‍ഡിഎഫിന് മലപ്പുറത്തടക്കം അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതും ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയായിരുന്നു. സംഘപരിവാര ശക്തികള്‍ക്കെതിരേ ഇടതുമുന്നണി നടത്തിയ ശക്തമായ പ്രചാരണവും യുഡിഎഫിന്റെ തണുപ്പന്‍ നിലപാടുമായിരുന്നു തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.
ഇതൊക്കെ മുന്‍നിര്‍ത്തി, നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് ഏകസിവില്‍കോഡിനെതിരെയും ഇടതുമുന്നണിയുടെ  ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെയും ശക്തമായ പ്രചാരണപരിപാടി സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനമെടുത്തത്. ഏകനിയമം കൊണ്ടുവരുന്നതിന്റെ മുന്നോടിയായി കേന്ദ്രം നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയതും സംസ്ഥാനത്ത് വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് മതപ്രസംഗകനായ ശംസുദ്ദീന്‍ പാലത്തിനെതിരേ യുഎപിഎ ചുമത്തി കേസെടുത്തതും ന്യൂനപക്ഷ വേട്ടയാണെന്നാണ് യുഡിഎഫിന്റെ അഭിപ്രായം. ഏകീകൃത സിവില്‍ കോഡ് ഉപയോഗിച്ച് രാജ്യത്തെയും ജനങ്ങളെയും വര്‍ഗീയമായി വിഭജിക്കാനുള്ള ബിജെപിയുടെ ശ്രമം ശക്തമായി നേരിടുമെന്നാണു കഴിഞ്ഞദിവസം യുഡിഎഫ് യോഗത്തിനു ശേഷം നേതാക്കള്‍ വ്യക്തമാക്കിയത്. മതവിദ്വേഷം വളര്‍ത്തുന്നുവെന്നാരോപിച്ച് പീസ് സ്‌കൂളിലേക്ക് എസ്എഫ്‌ഐയും ഹിന്ദു ഐക്യവേദിയും മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെയാണ് പീസ് സ്‌കൂളിനെതിരായ സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് യുഡിഎഫും ലീഗും രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഐഎസ് പോലുള്ള സംഘടനകളുടെ പേരില്‍ മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം അപലപനീയമാണെന്നും ഇതിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുകയാണെന്നുമാണ് യുഡിഎഫിന്റെ പുതിയ നിലപാട്. സര്‍ക്കാരുകളുടെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരേ ശക്തമായ പ്രചാരണം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളത്.
ഏകസിവില്‍കോഡിനെതിരേ എതാണ്ടെല്ലാ മുസ്‌ലിം സംഘടനകളും രംഗത്തെത്തിയതാടെയാണു തങ്ങളില്‍ നിന്ന് അകന്നുപോയിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് യുഡിഎഫ് പ്രചാരണമാരംഭിക്കുന്നത്. ഒരുവശത്ത് ബിജെപി ശക്തിപ്രാപിച്ചുവരികയും മറുഭാഗത്ത് എല്‍ഡിഎഫ് തുടര്‍ഭരണം ലക്ഷ്യമിട്ട് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുമ്പോള്‍, ന്യൂനപക്ഷ പിന്തുണകൂടി നഷ്ടമാവുന്നത് യുഡിഎഫിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന തിരിച്ചറിവുകൂടി  ഈ നീക്കങ്ങള്‍ക്കു പിന്നിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss