|    Oct 16 Tue, 2018 7:36 pm
FLASH NEWS

ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടല്‍ : അശ്‌റഫിന്റെ സ്വന്തമായ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു

Published : 29th September 2017 | Posted By: fsq

 

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് കിളിരൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ അശ്‌റഫിന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്‌നത്തിനു സാക്ഷാല്‍ക്കാരമാവുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് അപ്പീല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെ എസ് അശ്‌റഫിന് വീടുനല്‍കുമെന്നാണ് തിരുവാര്‍പ്പ് പഞ്ചായത്ത് ന്യൂനപക്ഷ കമ്മീഷന് രേഖാമൂലം നല്‍കിയ ഉറപ്പ്. സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ട് നേരിടുന്ന അഷ്‌റഫിന്റെ ജീവിതം വളരെ ദയനീയാവസ്ഥയിലാണ്. ഭാര്യയും കുട്ടികളുമായി ഇപ്പോള്‍ ഇല്ലിക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന തനിക്ക് കയറിക്കിടക്കാന്‍ ഒരുകൂരപോലുമില്ലെന്നും വാടക കൊടുക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലാണെന്നുമുളള ചൂണ്ടിക്കാട്ടിയാണ് അശ്‌റഫ് ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പഞ്ചായത്തിനും തിരുവാര്‍പ്പ് പഞ്ചായത്തിനും നിര്‍ദേശം നല്‍കി. അവര്‍ നടത്തിയ അന്വേഷണത്തില്‍ അശ്‌റഫിന്റെ പരാതി ന്യായമാണെന്നും ചെങ്ങളം വില്ലേജില്‍ മൂന്ന് സെന്റ് സ്ഥലം സ്വന്തമായുണ്ടെന്നും കണ്ടെത്തി. ഈ സ്ഥലത്ത് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെടുത്തി വീടുവയ്ക്കുന്നതിന് അര്‍ഹതാ പട്ടികയില്‍ അശ്‌റഫിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം കമ്മീഷനെ അറിയിച്ചതോടെ പരാതി തീര്‍പ്പാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അശ്‌റഫ് പരാതിയുമായി ന്യൂനപക്ഷ കമ്മീഷനെ സമീപിക്കുന്നത്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നില്ലെന്ന ബിടെക് വിദ്യാര്‍ഥി മിഥുന്‍ ജോസിന്റെ പരാതിയിലും കമ്മീഷന്‍ തീര്‍പ്പു കല്‍പ്പിച്ചു. 1238 പേരുള്‍പ്പെടുന്ന സ്‌കോളര്‍ഷിപ്പ് അര്‍ഹതാ പട്ടികയില്‍ മിഥുന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭിക്കാത്തതാണ് സ്‌കോളര്‍ഷിപ്പ് വൈകുന്നതെന്നും സിറ്റിങില്‍ പങ്കെടുത്ത കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ് അറിയിച്ചു. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ച മറുപടിയെന്ന് പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും അംഗം വ്യക്തമാക്കി. 20 പരാതികള്‍ പരിഗണിച്ചതില്‍ രണ്ടു പരാതികള്‍ തീര്‍പ്പാക്കി. പല പരാതികളിലും ഹരജിക്കാരും എതിര്‍കക്ഷികളും എത്താത്തതിനെ തുടര്‍ന്നാണ് പരിഗണിക്കാന്‍ കഴിയാതിരുന്നത്.പരാതിക്കാര്‍ പലരും കമ്മീഷന്‍ സിറ്റിങ്ങില്‍ പങ്കെടുക്കാത്തത് പരാതി പരിഹാരത്തിന് തടസം സൃഷ്ടിക്കുന്നതായി കമ്മീഷനംഗം പറഞ്ഞു. നവംബര്‍ 13ന് കോട്ടയത്തും നവംബര്‍ 24ന് ഇടുക്കിയിലുമാണ് കമ്മീഷന്റെ അടുത്ത സിറ്റിങ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss