|    Mar 25 Sat, 2017 5:20 pm
FLASH NEWS

ന്യൂനപക്ഷവിരുദ്ധ പ്രസംഗം: ബാലകൃഷ്ണപ്പിള്ളയ്ക്ക് എതിരേ കേസ്

Published : 5th August 2016 | Posted By: SMR

തിരുവനന്തപുരം: ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തിയ കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം. പിള്ളയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയത്.
മതസ്പര്‍ധ വളര്‍ത്തിയതിന് 53 (എ) പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയായിരിക്കും കേസെടുക്കുക. അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലം റൂറല്‍ എസ്പി തീരുമാനിക്കും.
ദൃശ്യമാധ്യമങ്ങളില്‍ വന്ന പ്രസംഗത്തിന്റെ ശബ്ദരേഖയാണു പ്രധാന തെളിവായി പരിഗണിച്ചത്. പിള്ളയുടെ പ്രസംഗത്തിനെതിരേ പത്തനാപുരം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പോലിസിനു പരാതിനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുനലൂര്‍ ഡിവൈഎസ്പി ഷാനവാസിനോട് നിര്‍ദേശിച്ചു. അദ്ദേഹം പ്രാഥമികാന്വേഷണം നടത്തി ശേഖരിച്ച തെളിവുകള്‍ ഉള്‍പ്പെടുത്തി റൂറല്‍ എസ്പിക്ക് റിപോര്‍ട്ട് നല്‍കി. തുടര്‍ന്ന് റൂറല്‍ എസ്പി ഇന്നലെ രാവിലെയാണു ദക്ഷിണമേഖലാ എഡിജിപി ബി സന്ധ്യക്ക് റിപോര്‍ട്ട് കൈമാറിയത്.
അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയശേഷമാണ് കേസെടുക്കാന്‍ പോലിസ് മേധാവി നിര്‍ദേശിച്ചത്. ന്യൂനപക്ഷ വിരുദ്ധമായി പിള്ള പ്രസംഗിച്ചെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലിസ് നടപടി.
കഴിഞ്ഞദിവസം പത്തനാപുരം കമുകിന്‍ചേരി എന്‍എസ്എസ് കരയോഗവാര്‍ഷികച്ചടങ്ങില്‍ പത്തനാപുരം താലൂക്ക് യൂനിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ പിള്ള നടത്തിയ പ്രസംഗമാണു വിവാദമായത്. തിരുവനന്തപുരത്തു പോയാല്‍ പാര്‍ട്ടി ഓഫിസിലാണു താന്‍ താമസിക്കുന്നതെന്നും നായയുടെ കുരപോലെയാണ് അവിടെ അഞ്ചുനേരവും പള്ളിയിലെ ബാങ്കുവിളിയെന്നുമായിരുന്നു പിള്ളയുടെ വിവാദ പരാമര്‍ശങ്ങള്‍. ബാങ്കുവിളിക്കുമ്പോള്‍ സമീപത്തെ ക്ഷേത്രത്തിലെ മൈക്ക് ഓഫാക്കും. അതാണ് രീതി. 10 മുസ്‌ലിംകളോ ക്രൈസ്തവരോ ഒരിടത്തു താമസിച്ചാല്‍ അവര്‍ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ എന്നും പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് ആരോപിച്ച പിള്ള, വിവാദത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.

(Visited 66 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക