|    Dec 19 Wed, 2018 2:48 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

ന്യൂനപക്ഷപ്രേമത്തിന്റെ പൊരുള്‍

Published : 7th August 2016 | Posted By: SMR

slug-nattukaryamന്യൂനപക്ഷങ്ങളെ ചാട്ടകൊണ്ടടിക്കുക എന്ന പശു-മനുവാദികളുടെ കലാപരിപാടി മറ്റു പലരിലേക്കും പടരുന്ന അദ്ഭുതക്കാഴ്ചയ്ക്കാണ് ശെയ്ത്താന്റെ നാട് ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നതെന്നു മതനിരപേക്ഷവാദികള്‍ വിലപിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ബാലകൃഷ്ണപ്പിള്ള എന്ന നല്ലപിള്ള പത്തനാപുരത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ വേണ്ടാതീനം പറഞ്ഞുവെന്നാണ് അവരുടെ ദീനാലാപം. മുസ്‌ലിം സംഘടനകളും പിള്ളയാശാനെ ഉറങ്ങാന്‍ സമ്മതിക്കുന്ന ലക്ഷണമില്ല. യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചതെന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ പിള്ള തെറ്റുകാരനല്ലെന്നു കാണാനാവും. എങ്ങനേ എന്ന് അപ്പോള്‍ നിങ്ങള്‍ നീട്ടിച്ചോദിക്കും. പറയാം. ഒന്നാമത്, പത്തനാപുരം ശുദ്ധമായ സ്ഥലമാണെന്ന് ഓര്‍മവേണം. കഴിഞ്ഞ രണ്ടുതവണയായി പിള്ളാച്ചന്റെ പുന്നാര സിനിമാമോന്‍ ഗണേശന്‍ തമ്പ്രാനാണ് അവിടെ ജയിച്ചുവരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ അവിടെ സംഭവിക്കില്ല. അടച്ചിട്ട മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഭാവനയ്ക്കനുസരിച്ച് റിപോര്‍ട്ട് ചെയ്യും. അതുകേട്ട് തുള്ളിച്ചാടിവന്നാല്‍ പിള്ള നായരും നായര് വെള്ളാട്ടുമാവും എന്ന് ഓര്‍മവേണം. മാധ്യമപ്രവര്‍ത്തകര്‍ എന്ന നശൂലങ്ങള്‍ പല ഏടാകൂടങ്ങളും ഒപ്പിക്കും. ഇടമലയാര്‍ കേസ് തന്നെ അവന്‍മാരുടെ വേലത്തരമായിരുന്നു. ജുബ്ബ ധരിച്ച ശകുനി അതിലൊരു നിമിത്തമായി എന്നു മാത്രം. വെറുതെയല്ല, ഗതികിട്ടാത്ത പത്രക്കാര്‍ക്ക് കൊച്ചിയിലും കോഴിക്കോട്ടും നെരുപ്പതു കിട്ടിയത്. ഇനിയും കിട്ടും.
ഇത്രയും പറഞ്ഞതില്‍നിന്നു ന്യൂനപക്ഷങ്ങള്‍ മനസ്സിലാക്കേണ്ടത് ഇതുമാത്രമാണ്. ബാലന്‍പിള്ള ന്യൂനപക്ഷവിരുദ്ധനല്ല. ന്യൂനപക്ഷവിരുദ്ധ അധികപ്രസംഗം അദ്ദേഹം നടത്തിയിട്ടില്ല. ഇനി നടത്തുകയുമില്ല. ഇതു സത്യം… സത്യം… പിള്ള മോശം പണി ഒപ്പിച്ചു എന്ന് നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍ ഈ അച്ഛന്‍പിള്ള ഖേദം പ്രകടിപ്പിക്കുകയാണ്. കള്ള മതേതരന്‍മാരോടും അഴിമതി കാംഗ്രസ്സിനോടും പോവാന്‍ പറ. ചെയ്യാത്ത കുറ്റത്തിനാണെങ്കിലും മോന്‍ ഗണേശനും തന്തപിള്ളയുടെ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ചങ്ങാതിക്കും പ്രസംഗവും ഖേദവും പുത്തരിയല്ല. പണ്ട് വന്ദ്യവയോധികനായ ജുബ്ബക്കാരനെ കാമഭ്രാന്തന്‍ എന്നു വിളിച്ച് പുലിവാലുപിടിച്ചിട്ടുണ്ട്. അന്ന് ഖേദമാണോ മാപ്പാണോ പ്രകടിപ്പിച്ചത് എന്നു വ്യക്തതയില്ല.
ചുരുക്കിപ്പറഞ്ഞാല്‍ പിള്ളാച്ചന്‍ പ്രകടിപ്പിച്ചത് ന്യൂനപക്ഷ പ്രണയമാണ്. അതിനു മാപ്പുപറയണമെന്നു വച്ചാല്‍ കഷ്ടം തന്നെ. പത്തനാപുരത്തെ നല്ല സ്വര്‍ണം പൂശിയ ന്യൂനപക്ഷപ്രേമ പ്രസംഗത്തിനെതിരേ കാംഗ്രസ് കേസ് കൊടുത്തിട്ടുണ്ടത്രെ. ഗതികിട്ടാത്ത ആത്മാക്കളുടെ ചെയ്തികളോടു പ്രതികരിക്കാന്‍ പിള്ളാച്ചന്‍ മുന്നിലുണ്ടാവും. ഇപ്പോള്‍ എംഎല്‍എ കാര്‍ഡും കോപ്പുമൊന്നും കൈവശമില്ലല്ലോ! അതിനാല്‍ സമയം വേണ്ടത്രയുണ്ട്.
പിള്ളാച്ചന് മുമ്പും ന്യൂനപക്ഷപ്രേമം ആവേശിച്ചവര്‍ ഈ ഭൂമിമലയാളത്തില്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. വെള്ളാപ്പള്ളി എന്ന പുള്ളിക്കാരനെ ഓര്‍മയുണ്ടാവുമല്ലോ! തിരഞ്ഞെടുപ്പുകാലത്ത് ന്യൂനപക്ഷങ്ങളെ കാലത്തും വൈകീട്ടും സ്‌നേഹിക്കുകയായിരുന്നു ടിയാന് പ്രധാന ജോലി. സ്‌നേഹം മൂക്കുമ്പോള്‍ ഭാഷ ആധുനികമാവും. ചിലപ്പോള്‍ എം മുകുന്ദനെ വെല്ലുന്ന അത്യാധുനികനുമാവും. അതു മനസ്സിലാക്കാത്തവര്‍ വെള്ളാപ്പള്ളി, വെള്ളമടിക്കാരനെപ്പോലെ പിച്ചും പേയും പറഞ്ഞുവെന്നു വിലപിക്കും. കോയിക്കോട്ടങ്ങാടിയില് കോയക്കാന്റെ പീടികയ്ക്ക് അടുത്തുള്ള പാളയം സബ്‌വേയിലെ ആള്‍ത്തുളയില്‍ ചിലര്‍ വീണത് ഓര്‍മയുണ്ടാവുമല്ലോ! അവരെ രക്ഷിക്കാന്‍ ശ്രമിച്ച നൗഷാദ് എന്ന ഓട്ടോക്കാരനും മരിച്ചു. നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ചില്ലറ നല്‍കാമെന്നു പ്രഖ്യാപിച്ചപ്പോള്‍ വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ ക്ഷേമപ്രസംഗം അസ്സലായിരുന്നു. തിരഞ്ഞെടുപ്പില്‍ ഷ്‌കോള് പൂട്ടിയപ്പോള്‍ അത്ര പ്രണയം വേണ്ടിയിരുന്നില്ലെന്നു പുള്ളിക്കാരന് തോന്നിയത്രെ. മൈക്രോ ഫിനാന്‍സ് എന്ന് പേരുള്ള മൂര്‍ഖന്‍ കഴുത്തില്‍ ചുറ്റിവരിഞ്ഞതുകൊണ്ടോ എന്തോ പുള്ളിക്കാരന്റെ ശബ്ദമൊന്നും ഈയിടെയായി കേള്‍ക്കുന്നില്ല. തന്റെ മെഗാഫോണ്‍ പുന്നാരമോന്‍ തുഷാരന് കൈമാറിയതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
പറഞ്ഞുകൊണ്ടുവരുന്നത് ന്യൂനപക്ഷപ്രണയ ക്ഷേമ ഔഷധക്കൂട്ടിനെ കുറിച്ചാണല്ലോ! വയനാടന്‍ തമ്പാനായ വീരപ്പമഹാകവിയുടെ തമ്പ്രാന്‍പത്രവും ന്യൂനപക്ഷപ്രണയത്തില്‍ ഒരടി മുന്നോട്ടു കുതിച്ചത് മറന്നുപോയോ? പ്രവാചകനെ വല്ലാതെ സ്‌നേഹംകൊണ്ടു പൊതിഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് അതേപടി ലിഫ്റ്റ് ചെയ്ത് പതിച്ചുകൊണ്ടായിരുന്നു സല്‍കര്‍മം. ഉടനെ ന്യൂനപക്ഷങ്ങള്‍ ബഹളമുണ്ടാക്കി. തമ്പ്രാനും പത്രവും ഒരുപോലെ മാപ്പുപറയണമെന്നായി ബഹളക്കാര്‍. ഒന്നാംപേജില്‍ ഖേദം വെണ്ടക്കയില്‍ നിരത്തി തടിരക്ഷപ്പെടുത്തിയതാണെന്ന് അസൂയക്കാര്‍ പറയുന്നുണ്ട്. മതനിരപേക്ഷത സംരക്ഷിക്കണമെങ്കില്‍ ഇത്തരം ചില ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും. സ്വാതന്ത്ര്യസമരകാലത്തും കുറേ ത്യാഗങ്ങള്‍ ചെയ്തതാണല്ലോ!
ഖേദം പ്രകടിപ്പിച്ചെങ്കിലും വീരപ്പപത്രത്തിനെതിരായ രോഷം ന്യൂനപക്ഷങ്ങള്‍ ശമിപ്പിച്ചിട്ടില്ലത്രെ. തൊട്ടടുത്ത മല്‍സരപത്രവുമായി സര്‍ക്കുലേഷന്‍ തട്ടിച്ചുനോക്കി, മുന്നിലെത്തിക്കുന്ന കലാപരിപാടി തല്‍ക്കാലം കാണാത്തത് അതിന്റെ സാക്ഷ്യപത്രമാവുമോ പടച്ചോനെ?

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss