|    Mar 22 Thu, 2018 7:59 am
FLASH NEWS

ന്യൂനപക്ഷങ്ങളെ രണ്ടാംതരമാക്കാന്‍ അനുവദിക്കില്ല: എച്ച് ഡി ദേവഗൗഡ

Published : 25th November 2016 | Posted By: SMR

മലപ്പുറം: വിഭജനമടക്കം രാജ്യം വെല്ലുവിളി നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഭാരതത്തോടൊപ്പം നില്‍ക്കുകയും ജീവന്‍വരെ ത്യജിക്കുകയും ചെയ്ത മുസ്്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായിക്കാണാനുള്ള ശ്രമങ്ങളെ മതേതര ഇന്ത്യ എതിര്‍ത്തു തോല്‍പ്പിക്കുമെന്ന് മുന്‍പ്രധാന മന്ത്രി എച്ച് ഡി ദേവഗൗഡ. മലപ്പുറം സ്വലാത്ത്‌നഗര്‍ മഅ്ദിന്‍ അക്കാദമിയില്‍ ലൈഫ്‌ലോങ് ലേണിങ് സെന്ററിന്റെയും മതസൗഹാര്‍ദ്ധ സംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടങ്ങളായി വിവിധ സമൂഹങ്ങള്‍ പുലര്‍ത്തിപ്പോന്ന മൈത്രിയും ഒരുമയുമാണ് രാജ്യത്തെ അഭ്യന്തര ലഹളകളില്ലാതെ മുന്നോട്ടു കൊണ്ടുപോവുന്നത്. പട്ടാളത്തിനോ പോലിസിനോ മാത്രം ഈ ലക്ഷ്യം നേടിയെടുക്കാനാവില്ല. ഏറെ ഗുണഫലമുണ്ടാക്കാവുന്ന ഒരുതീരുമാനം തെറ്റായ സമയത്ത് മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയെന്ന് കറന്‍സി അസാധുവാക്കലിനെ അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. കാലാവസ്ഥാവ്യതിയാനവും ഊര്‍ജ്ജ പ്രതിസന്ധിയും മോശം വിളവും കാരണം കഷ്ടപ്പാടിലായിരുന്ന കര്‍ഷകരെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും മുന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂനിവേഴ്‌സിറ്റി റെക്ടര്‍ പ്രഫ. എം ഭാസ്്കര്‍ മുഖ്യാതിഥിയായിരുന്നു. കെ കൃഷ്ണന്‍ കുട്ടി എംഎല്‍എ, അഡ്വ. ജോസ് തെറ്റയില്‍, അഡ്വ. പി എം സഫറുല്ല, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുഹാജി വേങ്ങര, മൂസ മുസ്്‌ല്യാര്‍ മഞ്ഞപ്പറ്റ, അഡ്വ. നിസാര്‍ അഹമ്മദ്, ജോര്‍ജ്ജ് തോമസ്, ശരീഫ് പാലൊളി, കെകെ ഫൈസല്‍ തങ്ങള്‍, പി എം ജോയ്, സ്വാദിഖ് മഠത്തില്‍, ഡോ. ഹുസൈന്‍ രണ്ടത്താണി സംബന്ധിച്ചു. വൈകീട്ട് നടന്ന സ്വലാത്ത് ആത്മീയ സംഗമത്തിന് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss