|    Apr 23 Mon, 2018 7:21 pm
FLASH NEWS

ന്യൂജന്‍ ചിത്രങ്ങള്‍ക്ക് അശ്ലീലമുദ്ര കുത്തരുത്

Published : 31st January 2016 | Posted By: swapna en

 

cinima
സംഭാഷണം/ എ എം നജീബ്

ന്യൂജനറേഷന്‍ സിനിമകളെ അശ്ലീലമെന്നും അധാര്‍മിക ചേഷ്ടകളെന്നുമൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നതിനോട് തിരക്കഥാകൃത്തായ ഉണ്ണി ആര്‍ വിയോജിക്കുന്നു. സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ് ന്യൂജനറേഷന്‍ എന്ന പ്രയോഗം. അഴിമതി കാണിക്കുന്നതോ ജാതിയും മതവും പറഞ്ഞ് മനുഷ്യനെ വേര്‍തിരിക്കുന്നതോ ഇവര്‍ അശ്ലീലമായി കാണുന്നില്ല. സ്വന്തം മകളെ കയറിപ്പിടിക്കുന്നതോ സ്ത്രീകളെ കാണുമ്പോള്‍ പരസ്യമായി മൂത്രമൊഴിക്കുന്നതോ മലയാളിക്ക് അധാര്‍മികമായി തോന്നുന്നില്ല. ഒരു പെണ്ണ് നടന്നുവരുമ്പോള്‍ അവളെ അടിമുടി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഒരു സമൂഹമാണ് സിനിമയിലെ അധാര്‍മികതകളെ കുറിച്ചു സംസാരിക്കുന്നത്. ആദ്യമിവര്‍ ധാര്‍മികതയെന്താണെന്നു പറഞ്ഞുതരട്ടെ- ഉണ്ണി ധാര്‍മികരോഷത്തോടെ അഭിപ്രായപ്പെട്ടു.താന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ ‘ചാര്‍ലി’ എന്ന സിനിമ ലോക ക്ലാസിക്കൊന്നുമല്ല എന്ന് ഉണ്ണിക്കു ബോധ്യമുണ്ട്. ചിലര്‍ വിമര്‍ശിക്കുകയും ചിലര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. രണ്ടും ഒരുമിച്ചു വരുമ്പോള്‍ ആ സിനിമയ്ക്ക് എവിടെയോ പ്രസക്തി ഉണ്ടെന്നു മനസ്സിലാവുന്നു. കേന്ദ്രകഥാപാത്രം ജോണ്‍ എബ്രഹാമാണെന്നു പറയുന്നവരും കസാന്‍സാക്കിസിന്റെ സോര്‍ബയാണെന്നു പറയുന്നവരും ഏതോ ഭ്രാന്തനാണെന്നു പറയുന്നവരുമുണ്ട്. അത്തരം അഭിപ്രായങ്ങളില്‍ ആകുലതകളില്ല. മോശം സിനിമയല്ല ‘ചാര്‍ലി’യെന്നാണ് ഉണ്ണിയുടെ അഭിപ്രായം.

സിനിമയില്‍ സെലക്ടീവാകുന്നു

വളരെ യാദൃച്ഛികമായി ‘ബിഗ് ബി’ എന്ന ചിത്രത്തിനു സംഭാഷണം എഴുതിക്കൊണ്ടാണ് ഉണ്ണി സിനിമയിലേക്കു കടന്നുവരുന്നത്. പിന്നീട് ‘ചാപ്പാകുരിശ്’, ‘ബാച്ചിലര്‍ പാര്‍ട്ടി’, ‘അന്‍വര്‍’ തുടങ്ങിയ ചിത്രങ്ങള്‍ക്കു സംഭാഷണം എഴുതി. ആദ്യകാലത്ത് എഴുതിയ ഇത്തരം ചിത്രങ്ങള്‍ക്കു സംഭാഷണങ്ങള്‍ എഴുതേണ്ടിയിരുന്നില്ലെന്നു പിന്നീട് തോന്നിയിട്ടുണ്ടെന്ന് ഉണ്ണി പറയുന്നു. ‘ചാപ്പാകുരിശ്’, ‘ഹാന്‍ഡ് ഫോണ്‍’ എന്ന സിനിമ അടിച്ചുമാറ്റിയതായിരുന്നു. അതിന്റെ സംവിധായകന്‍ അതു തന്നോടു പറഞ്ഞിരുന്നില്ല. ‘ബാച്ചിലര്‍ പാര്‍ട്ടി’ പോലെയുള്ള ഒരു ചിത്രത്തിനുവേണ്ടി ഇനി സഹകരിക്കുകയില്ല. അത്തരം സിനിമകള്‍ക്കു വേണ്ടിയെഴുതിയതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ട്. ‘ഫോര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ നിന്നാണ് ‘ബിഗ് ബി’ ഉണ്ടാവുന്നത്. പക്ഷേ, അതിലെ ഡയലോഗുകള്‍ എന്റേതുമാത്രമാണ്. അത് ‘ഫോര്‍ ബ്രദേഴ്‌സി’ലേതല്ല. പിന്നീട് ഞാന്‍ സെലക്ടീവാകാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ‘ബ്രിഡ്ജും’ ‘കുള്ളന്റെ ഭാര്യ’യും ‘മുന്നറിയിപ്പും’ ‘ചാര്‍ലി’യുമൊക്കെ സംഭവിക്കുന്നത്.

സംഘപരിവാരത്തിനോട് വിട
അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെ ആര്‍എസ്എസ് ശാഖയില്‍ പോയ കുട്ടിയായിരുന്നു താനെന്ന് ഉണ്ണി തുറന്നുപറഞ്ഞു. പിന്നീട് ഫാഷിസ്റ്റ് വിരുദ്ധനായി. കോട്ടയം കുടമാളൂര്‍ എന്ന ഗ്രാമത്തില്‍ ആ പ്രായത്തിലുള്ള കുട്ടികളൊക്കെ ശാഖയില്‍ കളിക്കാന്‍ പോയതുപോലെ താനും പോയി എന്നേയുള്ളൂ. പിന്നീട് പുസ്തകങ്ങള്‍ വായിക്കുകയും ലോകത്തെ മനസ്സിലാക്കുകയും ബുദ്ധി വളരുകയും ചെയ്തപ്പോള്‍ ആദ്യം ഉപേക്ഷിച്ചത് ആര്‍എസ്എസുമായിട്ടുള്ള ബന്ധമാണെന്നു ഉണ്ണി പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ അനുഭവം പ്രസിദ്ധീകരിച്ചതാണ്. ഇന്നായിരുന്നു അത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കില്‍ തന്റെ തലകാണില്ലായിരുന്നുവെന്ന് ഉണ്ണി പറയുന്നു. സവര്‍ണസ്വഭാവമുള്ള കുറെ അമ്പലങ്ങളും ചെമ്പകശ്ശേരി രാജാവ് നിര്‍മിച്ച പള്ളിയും ജാതി പറഞ്ഞ് പരിചയപ്പെടുത്തുന്ന കുറെ മനുഷ്യരുമുള്ള ഒരു നാട്ടിന്‍പുറമാണ് കുടമാളൂര്‍. ജാതീയമായ വേര്‍തിരിവുകള്‍ നാട്ടില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അത് ഇതുവരേക്കും വര്‍ഗീയമായി വികസിക്കുകയോ ജാതി മേല്‍ക്കോയ്മ കാത്തുസൂക്ഷിക്കുകയോ ചെയ്തിട്ടില്ല. ജാതി ഒരു യാഥാര്‍ഥ്യമാണ്. മുമ്പ് തൊഴിലിനോടൊപ്പം ജാതി പരസ്യമായി പ്രകടിപ്പിച്ചിരുന്നവര്‍ അതില്‍ നിന്നു മാറി മനസ്സില്‍ മാത്രം സൂക്ഷിക്കാന്‍ തുടങ്ങി. ഇതു മൊത്തത്തില്‍ കേരളത്തിലുണ്ടായ ഒരു സാമൂഹിക മാറ്റത്തിന്റെ ഭാഗംകൂടിയാണ്.  കാരൂരിനെയും തകഴിയെയും എസ് കെ പൊറ്റക്കാടിനെയും പോലുള്ള എഴുത്തുകാരാണ് ഉണ്ണിയെ സ്വാധീനിച്ചത്.’ലീല’യിലെ കുട്ടിയപ്പന്‍, ‘കോട്ടയം 17’ലെ കുഞ്ഞു, ‘ഒഴിവുദിവസത്തെ കളി’യിലെ നാല്‍വര്‍ സംഘം, ‘ചാര്‍ലി’ തുടങ്ങിയ തന്റെ കഥകളിലൊക്കെ കാണുന്നതുപോലെ വിചിത്രമായ മനോഘടനയുള്ളവരെ സൃഷ്ടിച്ചതൊന്നും മനപ്പൂര്‍വമല്ലെന്നു ഉണ്ണി പറയുന്നു. വായിച്ചുശീലിച്ചതില്‍ നിന്നു വ്യത്യസ്തമായ രീതിയില്‍ കഥ പറയാനാണ് ശ്രമിച്ചിട്ടുള്ളത്. നിലവിലുള്ള കഥപറച്ചില്‍ രീതികളില്‍ നിന്നു മാറിനടക്കാനുള്ള ശ്രമമാണ് തന്റെ കഥകളെന്ന് ഉണ്ണി പറയുന്നു. ഒരു ശൈലിയുടെയും തടവുകാരനായി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

കഥയിലെ രാഷ്ട്രീയം
ഒഴിവുദിവസത്തെ കളി 15 വര്‍ഷം മുമ്പ് എഴുതിയതാണ്. കൂട്ടുകാര്‍ക്കിടയിലെ കളി കാര്യമാവുന്നതാണ് കഥയുടെ പ്രമേയം. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമുള്ള എട്ടു വര്‍ഷക്കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകള്‍ തന്നിലുണ്ടാക്കിയ അസ്വസ്ഥതകള്‍ ആ കഥയില്‍ പ്രതിഫലിക്കുന്നുണ്ട്. വീണ്ടുമൊരു ഫാഷിസ്റ്റ് കാലത്ത് ആ കഥയുടെ രാഷ്ട്രീയത്തിനു പ്രസക്തിയുണ്ട്. വിചാരണപോലുമില്ലാതെ ഒരാളെ ഒരു ദിവസം രാജ്യം തൂക്കികൊല്ലുന്നു. കളിയായിട്ടു വിധിക്കുന്ന ഒരു ശിക്ഷ നടപ്പാക്കപ്പെടുന്ന രാഷ്ട്രീയാവസ്ഥ. ഇതാണ് കഥയുടെയും പ്രമേയം. ഉണ്ണിയുടെ കഥാപാത്രങ്ങള്‍ ഒരേ          സമയം തെമ്മാടികളായിരിക്കുമ്പോഴും ലോകത്തെക്കുറിച്ച് ധാരാളം അറിവുള്ളവര്‍ കൂടിയാണ്. ‘ഭയങ്കര കാമുകനി’ലെ കേന്ദ്രകഥാപാത്രം ലോകചിത്രകാരന്‍മാരെ കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണ്. പിന്നെ ഒരാള്‍ തെമ്മാടിയോ പിമ്പോ ആയിരിക്കുമ്പോള്‍ തന്നെ അയാള്‍ക്കു ലോകവിവരവുമുണ്ടാവാം. ഒരു മനുഷ്യന്റെ തൊഴിലുമായി അയാളുടെ സ്വഭാവത്തിനു സാമ്യമുണ്ടാവണമെന്നില്ല. വലിയ കവിയായിരുന്ന റിംപോയുടെ തൊഴില്‍ മനുഷ്യക്കടത്തായിരുന്നു. മനുഷ്യന്‍ എന്ന നിലയ്ക്ക് അവന്റെ സാമൂഹികബോധവും രാഷ്ട്രീയ കാഴ്ചപ്പാടുമൊക്കെ അവന്റെ തൊഴിലുമായി ബന്ധപ്പെട്ടല്ല, അവരുടെ വിശ്വാസപ്രമാണങ്ങളും ദര്‍ശനങ്ങളുമായി ബന്ധപ്പെട്ടാണ്. ബാദുഷ എന്ന കാല്‍നടക്കാരന്‍         എന്ന കഥയിലെ എഴുപതുകാരനായ        വൃദ്ധന്‍ ഇന്ത്യയിലെ ഒരു പ്രത്യേക          സമുദായത്തിന്റെ സാമൂഹിക രാഷ്ട്രീയ  പശ്ചാത്തലത്തെ പ്രശ്‌നവല്‍ക്കരിക്കുന്നു. ഒരേസമയം കാല്‍നടക്കാരന്റെയും ഇന്ത്യയിലെ ഒരു സമുദായത്തിന്റെ        സാമൂഹികാവസ്ഥയുമായി ആ കഥ ചേര്‍ന്നുനില്‍ക്കുന്നുണ്ട്.  ഇന്ത്യയില്‍ ഫാഷിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ പ്രത്യേകിച്ചും. അത്തരമൊരുഘട്ടത്തിലാണ് ആ കഥ എഴുതിയതും- ഉണ്ണി പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍

ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളുടെ അവസ്ഥയെ അവതരിപ്പിക്കുന്ന കഥയായിരുന്നു ആനന്ദമാര്‍ഗം. നാളെ നമ്മുടെ അമ്മയ്ക്കും ഭാര്യമാര്‍ക്കുമൊക്കെ സംഭവിക്കാന്‍ പോവുന്ന അവസ്ഥയാണത്. കേരളത്തിലെ പുരുഷന്‍മാര്‍ അതിനെക്കുറിച്ച് എത്രത്തോളം ബോധവാന്‍മാരാണെന്ന് അറിയില്ല. സ്ത്രീകള്‍ക്ക് അതിനുശേഷം വരുന്ന മാനസികവും ശാരീരികവുമായ ഒരു മാറ്റമുണ്ട്. മാധവിക്കുട്ടിപോലും സ്ത്രീകളുടെ അത്തരമൊരവസ്ഥയെ കുറിച്ച് എഴുതിയിട്ടില്ല. ആ അവസ്ഥ എത്തിയാല്‍ ചില സ്ത്രീകള്‍ ഭയങ്കര ഡിപ്രഷനാവും. ചിലര്‍ ആത്മീയതയിലേക്കു പോവും. പിന്നീട് പ്രണയത്തെക്കുറിച്ചോ മറ്റെന്തെങ്കിലും കാര്യങ്ങളെ കുറിച്ചോ അവര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയില്ല. ശാരീരികമായ മാറ്റങ്ങള്‍, സൗന്ദര്യം കുറയുന്നു. ചുളിവുകള്‍ വീഴുന്നു. ഈ അവസ്ഥയിലുള്ള വിഭാഗത്തെകൂടി അഭിമുഖീകരിക്കേണ്ടതുണ്ട്. അവരെ സ്‌നേഹത്തോടെ കാണാന്‍ മക്കള്‍ക്കു പോലും കഴിയാറില്ല. അതുപോലെ സ്ത്രീകളുടെ യാത്രകളാണ് വേറൊരു വിഷയം. ഒരു കടല് പോലും കാണാത്ത എത്രയോ സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട്. സ്ത്രീകളുടെ യാത്രയും ഒരു പ്രധാന കാര്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss