|    Jan 22 Sun, 2017 3:40 pm
FLASH NEWS

ന്യായാധിപ നിയമനത്തില്‍ ബന്ധുബലം പ്രധാനം

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ 28 ജഡ്ജിമാരില്‍ ഒമ്പതുപേരെങ്കിലും മുന്‍ ജഡ്ജിമാരുടെ അടുത്ത ബന്ധുക്കള്‍. അതില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരുടെ മകനും ചെറുമകനും മരുമകനുമുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ കാര്യത്തിലും രക്തബന്ധമാണു പ്രധാനം.
രാജ്യത്തെ 13 ഹൈക്കോടതികളിലെ 300 ജഡ്ജിമാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 88 പേരുടെയും അടുത്ത ബന്ധുക്കള്‍ നേരത്തേ കോടതികളില്‍ സേവന—മനുഷ്ഠിച്ചവരാണ്. കീഴ്‌ക്കോടതികളില്‍നിന്നു സ്ഥാനക്കയറ്റത്തിലൂടെ ഹൈക്കോടതി ജഡ്ജിമാരാവുന്നവരൊഴികെയുള്ളവര്‍ ന്യായാധിപരാവുന്നതില്‍ കുടുംബബന്ധത്തിന് അനല്‍പമായ പങ്കുണ്ടെന്നു സംശയിക്കാവുന്നതാണ്. പ്രശസ്ത ഇംഗ്ലീഷ് വാരികയായ ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.
സ്വാതന്ത്ര്യത്തിനുശേഷം ഏഴ് അഭിഭാഷകര്‍ മാത്രമാണ് ബാറില്‍നിന്ന് സുപ്രിംകോടതിയില്‍ നിയമിതരായത്. അതില്‍ തന്നെ റോഹിന്‍ടണ്‍ നരിമാന്‍, യു യു ലളിത്, എല്‍ നാഗേശ്വര്‍ എന്നിവര്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലാണ് സുപ്രിംകോടതിയിലെത്തിയത്. കൊളീജിയം മീറ്റിങില്‍ സീനിയര്‍ ജഡ്ജി ഒരാള്‍ നന്ന്, മറ്റൊരാള്‍ നന്നല്ല എന്നു പറയുന്നതോടെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാവുന്നു എന്നു പറയുന്നത് ഒരു സുപ്രിംകോടതി മുന്‍ ജഡ്ജി തന്നെയാണ്. ഒരാളെ കൊള്ളുന്നതിനോ തള്ളുന്നതിനോ വേണ്ട തെളിവുകളും രേഖകളും പൊതുജനമറിയാറില്ലെന്ന് റിപോര്‍ട്ട് തുടരുന്നു. ബന്ധങ്ങളാണ് പ്രധാനം- നാഷനല്‍ ലോയേഴ്‌സ് കംപേന്‍ പ്രസിഡന്റ് മാത്യു നെടുംപുര പറയുന്നു.
ഡല്‍ഹി ഹൈക്കോടതിയിലേക്ക് ഈയിടെ നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ മൂന്നുപേരെങ്കിലും മുന്‍ ജഡ്ജിമാരുടെ ബന്ധുക്കളാണ്. ഡല്‍ഹി ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരില്‍ ഒരാള്‍ മുന്‍ ഗവര്‍ണറുടെ മകനാണ്. മറ്റൊരാള്‍ ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയുടെ പുത്രനും. അതേയവസരം സുപ്രിംകോടതിയില്‍ ജഡ്ജിമാരാവുന്നതിനു നിയമവിജ്ഞാനവും പരിചയവും പ്രധാനമാണെന്നും കുടുംബബന്ധങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്നും മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം പറയുന്നു. എന്നാല്‍ പരസ്പര സഹായസംഘമായിട്ടാണ് ജഡ്ജിമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജസ്റ്റിസ് ലിബര്‍ഹാന്‍ ആരോപിക്കുന്നു.
മുന്‍ ഹൈക്കോടതി ജഡ്ജിയായ ഭാസ്‌കര്‍ ഭട്ടാചാര്യ തനിക്ക് സ്ഥാനക്കയറ്റം ലഭിക്കാതിരുന്നത് സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരുന്ന അല്‍ത്തമാസ് കബീറിന്റെ സഹോദരിയെ ജഡ്ജിയാക്കുന്നതിനെ എതിര്‍ത്തതുകൊണ്ടാണെന്ന് ആരോപിക്കുന്നു. ജഡ്ജിമാരില്‍  അധികംപേരും ഹിന്ദു സവര്‍ണരും ഉപരിവര്‍ഗത്തില്‍പ്പെട്ടവരും പുരുഷന്മാരുമാണെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് റിപോര്‍ട്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക