|    Jan 22 Sun, 2017 7:19 am
FLASH NEWS

നോഹയുടെ പെട്ടകത്തിലെ രാജ്യഭരണം

Published : 25th October 2015 | Posted By: SMR

ഇന്ദ്രപ്രസ്ഥം/ നിരീക്ഷകന്‍

പ്രളയം വന്നപ്പോള്‍ പക്ഷിമൃഗാദികളെല്ലാം ഒന്നിച്ച് നോഹയുടെ പെട്ടകത്തിലാണ് രക്ഷതേടി എത്തിയത്. എലിയും പൂച്ചയും നായയും നരിയും പാമ്പും കീരിയും നരനും വാനരനും ഒന്നിച്ച് സഹവസിക്കുമ്പോഴുണ്ടാകാവുന്ന തട്ടലും മുട്ടലും അടിയും പിടിയും കോലാഹലങ്ങളും ആര്‍ക്കും സങ്കല്‍പ്പിക്കാവുന്നതേയുള്ളൂ. പ്രളയം വന്ന നേരമായതുകൊണ്ട് എല്ലാവരും ഒന്നിച്ചു കഴിഞ്ഞുകൂടി. അത്ര തന്നെ.

നോഹയുടെ പെട്ടകത്തിലെ സമാധാനപരമായ സഹവര്‍ത്തിത്വം എന്ന തത്ത്വസംഹിതയെക്കുറിച്ച് ആലോചിക്കാനിടയായത് നരേന്ദ്രമോദിയുടെ പെട്ടകത്തിലെ ഇന്നത്തെ അവസ്ഥ കാണുമ്പോഴാണ്. മോദിയുടെ ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ചാല്‍ നോഹയുടെ അവസ്ഥ എത്രയോ മെച്ചമായിരുന്നു എന്നു പറയേണ്ടിവരും. കാരണം, നോഹയുടെ പെട്ടകത്തില്‍ ധാരാളം വിഷജീവികള്‍ ഉണ്ടായിരുന്നുവെങ്കിലും അവ അങ്ങോട്ടു കയറി ഉപദ്രവിച്ചാല്‍ മാത്രം കടിക്കുന്ന ശീലമുള്ളവരായിരുന്നു. പക്ഷേ, മോദിയുടെ പെട്ടകത്തിലെ വിഷജീവികള്‍ പലതിനും നാക്കിലും വാക്കിലും മുള്ളും വിഷവുമാണുള്ളത്.
ഒന്നരക്കൊല്ലമായി ഭരണവുമായി മല്‍പ്പിടിത്തത്തിലാണ് മോദിയാശാന്‍. പരക്കംപാഞ്ഞു ഭരിക്കുകയാണ് കക്ഷി. ഭാരതീയ പശുവാദി പാര്‍ട്ടിക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്തത് ടിയാനാണ്. എട്ടുകട്ടയില്‍ പാട്ടുതുടങ്ങിയാല്‍ അഞ്ചു കൊല്ലവും അങ്ങനെ ഉച്ചസ്ഥായിയില്‍ മുന്നേറാനാവില്ലെന്ന് ആര്‍ക്കും ആലോചിച്ചാലറിയാം. അതിനാല്‍ ജനങ്ങളുടെ അമിത പ്രതീക്ഷ നിറവേറ്റുകയെന്നത് എളുപ്പമല്ല എന്ന വാസ്തവം ആര്‍ക്കും തിരിച്ചറിയാനാവും. 2014ല്‍ മോദിക്കു കിട്ടിയ ജനപിന്തുണ ഇനി ഒരിക്കലും തിരിച്ചുവരുകയില്ലെന്നും ആര്‍ക്കും നന്നായി മനസ്സിലാവും. ഒരുതവണ ചക്കയിട്ടപ്പോള്‍ മുയലിനെ കിട്ടി എന്നുവച്ച് എല്ലാതവണയും മുയല്‍ ചക്ക തലയില്‍ വീഴാനായി പ്ലാവിന്റെ ചുവട്ടില്‍ വന്നു കാത്തിരിക്കാനിടയില്ല. അപ്പോള്‍ കിട്ടിയ അവസരം മുതലാക്കാനാണ് ബുദ്ധിയുള്ള എല്ലാ രാഷ്ട്രീയക്കാരും താല്‍പ്പര്യം കാണിക്കുക. ജനവിശ്വാസം ആര്‍ജിക്കാന്‍ എളുപ്പമാണ്; നിലനിര്‍ത്താനാണ് പ്രയാസം. മോദി അതിനായി കഠിന പരിശ്രമം നടത്തിയിട്ടുമുണ്ട്. നാട്ടില്‍ പുള്ളിക്കാരന്‍ അങ്ങനെ പതിവായി പ്രത്യക്ഷപ്പെടാറില്ലെങ്കിലും മറുനാട്ടില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്താന്‍ കാര്യമായ ശ്രമങ്ങള്‍ തന്നെ നടത്തി. അതിനു ഗുണമുണ്ടായിട്ടില്ലെന്നും പറഞ്ഞുകൂടാ. പല വിദേശരാജ്യങ്ങളും ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം ഇറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ചൈനയില്‍ കാര്യങ്ങളുടെ കിടപ്പ് മോശമായിവരുന്നതിനാല്‍ ഇന്ത്യയാണ് പുതിയ നിക്ഷേപസാധ്യതകള്‍ നല്‍കുന്ന ദേശം എന്ന കാര്യത്തിലും സമവായമുണ്ട്.
പക്ഷേ, കൃത്യമായി അത്തിപ്പഴം പഴുക്കുന്ന നേരത്താണ് കാക്കയ്ക്ക് വായ്പ്പുണ്ണ് വരുന്നത്. ഇപ്പോള്‍ ലോകമാധ്യമങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ അങ്ങേയറ്റം മോശമായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് യാതൊരു രക്ഷയുമില്ലാത്ത അവസ്ഥയാണ് എന്ന തരത്തിലാണ് വിദേശത്തെ പ്രചാരവേല. കാര്യം ശരിയുമാണ്. പുസ്തകം എഴുതിയാലും നിലപാടുകള്‍ പറഞ്ഞാലും ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാലും ഇഷ്ടമുള്ള ഉടുപ്പ് ധരിച്ചാലും ഒക്കെ ഈ നാട്ടില്‍ കുഴപ്പമാണ്. സദാചാരപ്പോലിസിന്റെ വിളയാട്ടമാണ് നാട്ടിലെങ്ങും. ഈ ഭ്രാന്തന്മാരില്‍ മഹാഭൂരിപക്ഷവും മോദിയുടെ സ്വന്തം ആള്‍ക്കാര്‍ തന്നെ.
ചുരുക്കത്തില്‍ രാജ്യത്തിനകത്തെ ആഭ്യന്തര ഭരണരംഗത്ത് മോദിയുടെ നിയന്ത്രണം പരാജയപ്പെടുകയാണ് എന്ന തോന്നലാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
പശുവാദികളുടെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് വായില്‍ തോന്നിയത് എന്തും വിളിച്ചുപറയാന്‍ ലൈസന്‍സുണ്ട് എന്ന മട്ടാണ്. മന്ത്രിസഭയിലെ തന്നെ പല പ്രമാണിമാര്‍ക്കും അതാണു മനസ്സിലിരിപ്പ്. നേരത്തേ സാംസ്‌കാരികമന്ത്രിയാണ് അസംബന്ധം വിളമ്പിയതെങ്കില്‍ ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രിയാണ്. ഇത്തരക്കാരെ നേരെ നടത്താനായി സീനിയര്‍ മന്ത്രിമാരെ ഫുള്‍ടൈം നിയോഗിക്കേണ്ട അവസ്ഥയിലാണ് മോദി. അരുണ്‍ ജെയ്റ്റ്്‌ലിയും രാജ്‌നാഥ് സിങും ഇപ്പോള്‍ രാവിലെ എണീറ്റാല്‍ ഓഫിസ് കാര്യങ്ങളല്ല നോക്കുന്നത്. ഭൂതഗണങ്ങള്‍ ഉണ്ടാക്കിവച്ച പൊല്ലാപ്പിന് പരിഹാരം കാണാനാണ് അവര്‍ സമയത്തിന്റെ ഭൂരിഭാഗവും ചെലവാക്കുന്നത്. എന്തുചെയ്യാം? വിവരദോഷത്തിന് പരിഹാരം ജ്ഞാനസമ്പാദനം മാത്രമാണ്. പക്ഷേ, മോദിപ്പടയിലെ മിക്കവര്‍ക്കും അത് അസാധ്യവുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 80 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക