|    Oct 22 Mon, 2018 4:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നോവിന്റെ പെരുമഴക്കാലം സമ്മാനിച്ച് ടി എ റസാഖ് യാത്രയായി

Published : 17th August 2016 | Posted By: SMR

ശരത്‌ലാല്‍ ചിറ്റടിമംഗലത്ത്

കൊച്ചി: മലയാള സിനിമാലോകത്തിനു കണ്ണീരിന്റെ പെരുമഴക്കാലം സമ്മാനിച്ച് പ്രശസ്ത ചെറുകഥാകൃത്തും നിരവധി ജനപ്രിയ സിനിമകളുടെ തിരക്കഥാകൃത്തുമായ ടി എ റസാഖ് യാത്രയായി. റസാഖിന്റെ സ്വന്തം കൈപ്പടയില്‍ പിറവിയെടുത്ത 30 തിരക്കഥകളും മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയില്‍ ഇടംപിടിച്ചു.
1987ല്‍ എ ടി അബുവിന്റെ ധ്വനി എന്ന ചിത്രത്തില്‍ സഹസംവിധായകനായാണു സിനിമയില്‍ അരങ്ങേറ്റം. ജി എസ് വിജയന്റെ ഘോഷയാത്ര എന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയതോടെ ടി എ റസാഖ് മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. കമലിന്റെ വിഷ്ണുലോകം ആയിരുന്നു റസാഖിന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്. സിബിമലയില്‍ സംവിധാനംചെയ്ത കാണാക്കിനാവിലൂടെ ഒരേ വര്‍ഷം ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഒന്ന് തിരക്കഥയ്ക്കും മറ്റൊന്ന് മികച്ച പ്രമേയത്തിനും. സിബി മലയിലിനുവേണ്ടി എഴുതിയ ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിന് 2001ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.
കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം 2004ല്‍ രാജ്യത്തെ മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ മൂന്നാം നാള്‍ ഞായറാഴ്ച എന്ന സിനിമ സംവിധാനം ചെയ്തു. 2016ല്‍ പുറത്തിറങ്ങിയ സുഖമായിരിക്കട്ടെ ആണ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം. റജി പ്രഭാകര്‍ എന്ന പുതുമുഖമാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇടക്കാലത്ത് ചലച്ചിത്ര ഗാനരചനയിലും കൈവച്ചു. 2007ല്‍ പുറത്തിറങ്ങിയ ആകാശം എന്ന സിനിമയിലെ മാനത്ത് ചന്തിരനുണ്ടോ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ റസാഖിന്റേതാണ്.
മലയാളിസമൂഹം ചര്‍ച്ചചെയ്ത വാര്‍ത്തകളില്‍ നിന്നും, കണ്ടും കേട്ടുമറിഞ്ഞ നിരവധി ജീവിതങ്ങളില്‍ നിന്നും തന്റെ സിനിമകളുടെ ഇതിവൃത്തങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍  ടി എ റസാഖ്  മികവുകാട്ടി. മലബാറിലെ മുസ്‌ലിം കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ കഥപറയുകയും ഗ്രാമീണതയെ തനിമയൊട്ടും ചോരാതെ സംഭാഷണങ്ങളിലും കഥാപാത്രങ്ങളിലും സന്നിവേശിപ്പിക്കുകയും ചെയ്തു. ‘മുസ്‌ലിം കുട്ടികളെ വളര്‍ത്തുന്ന ഹിന്ദു ദമ്പതികള്‍’ എന്ന ഒറ്റവരിയില്‍ നിന്നും അദ്ദേഹം സൃഷ്ടിച്ചെടുത്ത ഹൃദയസ്പര്‍ശിയായ ചിത്രമായിരുന്നു കാണാക്കിനാവ്. വര്‍ഗീയത മനുഷ്യമനസ്സില്‍ പടര്‍ത്തുന്ന വിഷമെത്രയെന്നു മലയാളി പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ‘കാണാക്കിനാവി’ന് കഴിഞ്ഞു.
മലയാളികളുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നു. വിഷ്ണുലോകം, നാടോടി, ഗസല്‍, ഘോഷയാത്ര, ഗസല്‍, കാണാക്കിനാവ്, താലോലം, ഉത്തമന്‍, വാല്‍ക്കണ്ണാടി, പെരുമഴക്കാലം, വേഷം, രാപ്പകല്‍, ബസ് കണ്ടക്ടര്‍, പരുന്ത്, മായാ ബസാര്‍, ആയിരത്തില്‍ ഒരുവന്‍, പെണ്‍പട്ടണം, സൈഗാള്‍ പാടുകയാണ്, മൂന്നാംനാള്‍ ഞായറാഴ്ച. ഈ പട്ടിക ഇങ്ങനെ ഇനിയും അനന്തമായി നീളും.  വിടവാങ്ങിയതു സിനിമാപ്രേമികളുടെ മനസ്സില്‍ തൊട്ട് കഥപറഞ്ഞ ഒരു എഴുത്തുകാരനാണ്. തുടര്‍ന്നും അദ്ദേഹത്തിന്റെ രചനകള്‍ മുന്നോട്ടുള്ള കാലത്ത് നമുക്കു വഴികാട്ടുമെന്നതു നിസ്തര്‍ക്കമായ കാര്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss