|    Mar 26 Sun, 2017 6:32 pm
FLASH NEWS

നോര്‍ത്ത് വയനാട് ഡിഎഫ് ഓഫിസ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി

Published : 9th July 2016 | Posted By: SMR

മാനന്തവാടി: ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച നോര്‍ത്ത് വയനാട് വനംഡിവിഷന്‍ ഓഫിസ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. 2013ല്‍ അന്നത്തെ ഡിഎഫ്ഒ എ ഷാനവാസാണ് ജില്ലയിലെ പഴക്കമേറിയ വനംവകുപ്പ് ഓഫിസ് പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. 1860ല്‍ ക്യാപ്റ്റന്‍ ജിബ് ഡിഎഫ്ഒ ആയാണ് വയനാട് ഫോറസ്റ്റ് ഡിവിഷന്‍ ആരംഭിക്കുന്നത്. 1914ലാണ് നിലവിലെ സ്ഥലത്ത് ബ്രിട്ടീഷുകാര്‍ കെട്ടിടം നിര്‍മിച്ചത്.
അന്ന് എം എല്‍ ലിറ്റില്‍വുഡായിരുന്നു ഡിഎഫ്ഒ. മരത്തിലായിരുന്നു മുഴുവന്‍ നിര്‍മാണവും നടത്തിയത്. കാലപ്പഴക്കത്തെ തുടര്‍ന്ന് നേരിയ രീതിയില്‍ മുഖംമിനുക്കിയതല്ലാതെ കാതലായ മാറ്റങ്ങള്‍ ഒന്നും ഒരു നുറ്റാണ്ട് കഴിഞ്ഞിട്ടും കെട്ടിടത്തിനുണ്ടായിട്ടില്ല. അന്ന് മലബാര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫിസ് എന്നാണ് അറിയപ്പെട്ടിരുന്നത്. മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ഓഫിസുകള്‍ ഇതിനു കീഴിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം കോഴിക്കോട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി. 1985ല്‍ കണ്ണൂരും കാസര്‍കോടും ഒഴിവാക്കി വയനാടിന് മാത്രമായ ഓഫിസായി. 1990ല്‍ മാനന്തവാടി കേന്ദ്രീകരിച്ച് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍, കല്‍പ്പറ്റ കേന്ദ്രീകരിച്ച് സൗത്ത് വയനാട് ഡിവിഷന്‍, സാമൂഹിക വനവല്‍ക്കരണ വിഭാഗം, സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി വയനാട് വന്യജീവി ഡിവിഷന്‍ എന്നിങ്ങനെ വിഭജിച്ചു. 1988 മുതലാണ് ഐഎഫ്എസുകാര്‍ ഡിഎഫ്ഒമാരായി നിയമിതരാവുന്നത്. ബ്രിട്ടീഷുകാരായ 40 ഡിഎഫ്ഒമാരും 40 ഇന്ത്യക്കാരായ ഡിഎഫ്ഒമാരും ഇവിടെയുണ്ടായി. നിലവില്‍ ആന്ധ്ര സ്വദേശി നരേന്ദ്രനാഥ് വേളൂരിയാണ് ഡിഎഫ്ഒ.
പൈതൃക പട്ടികയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പുതിയ ഓഫിസ് നിര്‍മിക്കാന്‍ നബാര്‍ഡ് 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 30 ലക്ഷം രൂപ നിര്‍മാണം ഏറ്റെടുത്തവര്‍ക്ക് കൈമാറിക്കഴിഞ്ഞു. നിലവിലെ ഓഫിസ് പൈതൃക മ്യൂസിയമായി നിലനിര്‍ത്താനാണ് തീരുമാനം. വനംവകുപ്പിന്റെ കീഴില്‍ തന്നെയായിരിക്കും മ്യൂസിയം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക