|    Mar 26 Sun, 2017 1:02 pm
FLASH NEWS

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഒന്നാമത്

Published : 14th October 2016 | Posted By: SMR

പൂനെ: ഐഎസ്എല്ല് മൂന്നാം സീസണിലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയകുതിപ്പ് തുടരുന്നു. പൂനെ സിറ്റിയെ അവരുടെ ഹോം ഗ്രൗണ്ട് മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് നോര്‍ത്ത് ഈസ്റ്റ് വിജയമാഘോഷിച്ചത്.
കയ്യാങ്കളികളും കടന്നാക്രമണങ്ങളും നിറഞ്ഞു നിന്ന കളിയില്‍ രണ്ട് ചുവപ്പുകാര്‍ഡുകള്‍ റഫറി പുറത്തെടുക്കേണ്ടി വന്നു. കളിയുടെ രണ്ടാം പകുതിയിലെ 79ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോ നേടിയ സൂപ്പര്‍ ഗോളാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. വിജയത്തോടെ സീസണിലെ മൂന്ന് മല്‍സരങ്ങളും വിജയിച്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് പോയിന്റ് പട്ടികയുടെ തലപ്പത്ത്.
കളിയുടെ ആദ്യ പകുതി മുതല്‍ക്കേ ഇരു ടീമുകളും അക്രമണ ശൈലിയിലാണ് മുന്നേറിയത്. പല സമയങ്ങളിലും ഇരു ഗോള്‍ മുഖത്തേക്കും പന്തുകള്‍ എത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കളിയുടെ പല സമയത്തും ഫൗള്‍ വിസുലുകള്‍ റഫറിക്ക് മുഴക്കേണ്ടി വന്നു. മല്‍സരത്തിന്റെ 36ാം മിനിറ്റില്‍ ആനിബാലിനെതിരേ അപകടകരമായ ടാക്കിളിന് ശ്രമിച്ച നിര്‍മല്‍ ഛേത്രിക്ക് സ്‌ട്രൈറ്റ് ചുവപ്പുകാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് 10 പേരുമായാണ് നോര്‍ത്ത് ഈസ്റ്റ് കളിച്ചത്. ഒന്നാം പകുതിയില്‍ ഗോള്‍ രഹിത സമനിലയായതിന് ശേഷം രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഗോളിനായി പരസ്പരം മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു.
കളിയുടെ 71ാം മിനിറ്റില്‍ രണ്ടാം തവണയും മഞ്ഞ കാര്‍ഡ് ലഭിച്ച് എഡ്വാര്‍ഡോ ഫെറേരിയയും പുറത്തേക്ക് പോയതോടെ പൂനെ നിരയിലും 10 പേരായി ചുരുങ്ങി. കളിയുടെ 79ാം മിനിറ്റില്‍ അല്‍ഫാരോ തന്റെ സീസണിലെ മൂന്നാം ഗോള്‍ നേട്ടം ആഘോഷിച്ചപ്പോള്‍ അത് നോര്‍ത്ത് ഈസ്റ്റ് ടീമിന്റെ വിജയത്തിലേക്കും പോയിന്റ് പട്ടികയുടെ തലപ്പത്തേക്കും വഴിതുറന്നു. അടുത്ത മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ എതിരാളികള്‍.
ജോണ്‍ എബ്രഹാം ഉടമകളിലൊരാളായുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുട്ടുകുത്തിച്ചാണ് തുടങ്ങിയത്. രണ്ടാം മല്‍സരത്തില്‍ കരുത്തരായ പൂനെ എഫ്‌സിയേയും ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റ് മൂന്നാം മല്‍സരത്തിലിറങ്ങിയത്. മൂന്ന് വിജയങ്ങള്‍ക്കും ഗോള്‍ നേടിയത് അല്‍ഫാരോ ആണ്.പൂനെയുടെ രണ്ടാം തോല്‍വി ടീമിന് തിരിച്ചടിയാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സിനോടാണ് പൂനെയുടെ അടുത്ത മല്‍സരം.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക