|    Oct 21 Sun, 2018 9:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം : ആശങ്ക വേണ്ടെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ കമ്പനിയുടെയും ഡയറക്ടര്‍മാരുടെയും അംഗീകാരം റദ്ദാക്കപ്പെട്ടതായി വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. കെ എന്‍ രാഘവന്‍ അറിയിച്ചു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വന്ന പാകപ്പിഴയാണു തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. വെബ്‌സൈറ്റില്‍ വന്നുപെട്ട പിശക് തിരുത്തുന്നതിന് 15ന് കമ്പനി രജിസ്ട്രാറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയവുമായി ബന്ധപ്പെട്ട് തിരുത്തല്‍ നടപടി സ്വീകരിക്കുമെന്ന് കമ്പനി രജിസ്ട്രാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഡോ. രാഘവന്‍ അറിയിച്ചു. ഇപ്പോഴുണ്ടായ ആശയക്കുഴപ്പം ഒരുതരത്തിലും നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങളെയോ പദ്ധതികളെയോ ബാധിക്കില്ല. ഇതിനിടെ, പിശക് വന്ന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കള്ളപ്പണത്തിനെതിരായ നടപടികളുടെ ഭാഗമായി കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച അയോഗ്യരാക്കപ്പെട്ട കമ്പനികളുടെയും ഡയറക്ടര്‍മാരുടെയും പട്ടികയിലാണ് നോര്‍ക്ക റൂട്ട്‌സിനെയും അതിന്റെ ഡയറക്ടര്‍മാരെയും ഉള്‍പ്പെടുത്തിയത്. എന്നാല്‍, സര്‍ക്കാര്‍ കമ്പനി ആയ നോര്‍ക്ക റൂട്ട്‌സ് ഈ പട്ടികയില്‍പ്പെടുന്നില്ല. മാത്രമല്ല, നടപടി എടുക്കുംമുമ്പ് കമ്പനി രജിസ്ട്രാര്‍ നോര്‍ക്ക റൂട്ട്‌സിന് നോട്ടീസ് നല്‍കിയിട്ടുമില്ല. അതേസമയം, സര്‍ക്കാര്‍ കമ്പനികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനും അതിന്റെ ഡയറക്ടര്‍മാരെ അയോഗ്യരാക്കി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച നടപടി തിരുത്തുന്നതിനും ആവശ്യപ്പെട്ട് 13ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് കത്തയച്ചിരുന്നെന്നും സിഇഒ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss