|    Dec 18 Tue, 2018 4:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌പോര്‍ട്ടല്‍ നിര്‍മാണം: എല്ലാ മാനദണ്ഡങ്ങളും പാലിച്ചെന്ന്

Published : 16th September 2018 | Posted By: kasim kzm

തിരുവനന്തപുരം: വെബ്‌പോര്‍ട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ചുമതലകള്‍ കെപിഎംജിയെ ഏല്‍പ്പിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നു നോര്‍ക്ക റൂട്ടസ്. നോര്‍ക്ക റൂട്ട്‌സിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് നിലവിലെ സംവിധാനം രാജ്യാന്തര നിലവാരത്തില്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണു സമഗ്രമായ ഏകീകൃത വെബ്‌പോര്‍ട്ടലിന് രൂപംനല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.
വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് അംഗീകാരമുള്ള സംസ്ഥാനത്തെ ഒരേയൊരു അംഗീകൃത ഏജന്‍സിയായ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഇംഗ്ലീഷിലും മലയാളത്തിലും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന വെബ് പോര്‍ട്ടല്‍ തയ്യാറാക്കുകയാണു ലക്ഷ്യം. വിവിധ രാജ്യാന്തര ഏജന്‍സികളെ ഏകോപിപ്പിച്ചുള്ള ജോബ് പോര്‍ട്ടലും ഇതിന്റെ ഭാഗമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള നോര്‍ക്ക റൂട്ട്‌സിന്റെ പ്രചാരണം ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിടുന്നു. സോഫ്റ്റ് വെയറുകള്‍ നവീകരിക്കുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഡാറ്റാബേസ് രൂപീകരണം എന്നിവ മെച്ചപ്പെടുത്തുതിനും ഉദ്ദേശ്യമുണ്ട്. ഇതിനെല്ലാമായി ആന്‍ഡ്രോയിഡ്, ഐഒഎസ് സംവിധാനങ്ങള്‍ മുഖേന പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സര്‍വീസസ് ഇന്‍കോര്‍പറേറ്റഡ് (നിക്‌സി) എന്ന സ്ഥാപനം എം പാനല്‍ ചെയ്തിട്ടുള്ള ഏജന്‍സികളില്‍ നിന്ന് കെഎസ്‌ഐഡിസി റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ (ആര്‍എഫ്പി) ക്ഷണിച്ചിരുന്നു.
അപേക്ഷയില്‍ കെപിഎംജി 66 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഏറ്റവും കുറഞ്ഞ തുക ആവശ്യപ്പെട്ട സ്ഥാപനമായ കെപിഎംജിയെ കെഎസ്‌ഐഡിസി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ഈ പ്രപ്പോസല്‍ അടങ്ങുന്ന ശുപാര്‍ശ പ്രകാരമുള്ള ജോലികള്‍ ചെയ്യിക്കുന്നതിനു കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.
നാലു മാസത്തെ തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷമാണ് ഇത്തരമൊരു ഉത്തരവിലേക്ക് നീങ്ങിയത്. 66 ലക്ഷം രൂപ ചെലവാക്കുന്നതില്‍ അഴിമതിയുണ്ടെന്ന ആക്ഷേപംശരിയല്ലെന്നും നോര്‍ക്ക റൂട്ട്‌സ് ഉണ്ടാക്കിയ കരാര്‍ സ്ഥാപനത്തിന് മെച്ചമുണ്ടാക്കുന്നതാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss