|    Nov 16 Fri, 2018 7:34 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നോര്‍ക്കയുടെ നിരക്കിളവ് പദ്ധതി പ്രവാസികളെ ചൂഷണം ചെയ്യാന്‍

Published : 8th August 2018 | Posted By: kasim kzm

കബീര്‍ എടവണ്ണ

ദുബയ്: ഒമാന്‍ എയറുമായി സഹകരിച്ചുള്ള നോര്‍ക്കയുടെ വിമാനടിക്കറ്റ് ഇളവ് കരാര്‍ പ്രവാസി മലയാളികളെ ചൂഷണത്തിന് ഇരയാക്കാനെന്ന് ആക്ഷേപം. ഇന്ത്യന്‍ വിമാന കമ്പനികളെ അവഗണിച്ചാണു വന്‍ തുക ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിദേശ വിമാന കമ്പനിയായ ഒമാന്‍ എയറുമായി കേരള സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക സഹകരിക്കുന്നത്.
ഈ മാസം 16ന് ഒമാനിലെ മസ്‌കത്തില്‍ നിന്നു കൊച്ചിയിലേക്കുള്ള ഒമാന്‍ എയറിന്റെ ടിക്കറ്റിന്റെ നിരക്ക് ഇന്നലെ ബുക്ക് ചെയ്യുമ്പോള്‍ 46,684 രൂപയാണ്്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് ഇതേ ദിവസം ഇതേ സെക്ടറിലേക്കു യാത്ര ചെയ്യാന്‍ 23,554 രൂപ മതി. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ വിമാന കമ്പനികളുടെയെല്ലാം ടിക്കറ്റ് നിരക്ക് ഒമാന്‍ എയറിന്റേതിനേക്കാള്‍ വളരെ കുറവാണ്.
എയര്‍ ഇന്ത്യയുമായോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുമായോ ഇത്തരം കരാറുണ്ടാക്കാതെ ഒമാന്‍ വിമാന കമ്പനിയുമായി ഉണ്ടാക്കിയ കരാറാണു സംശയം ജനിപ്പിക്കുന്നത്. ഇന്ത്യയില്‍ തന്നെയുള്ള സ്വകാര്യ വിമാന കമ്പനികളായ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയവയെയും നോര്‍ക്ക അവഗണിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ സഹകരണത്തോടെയുള്ള പദ്ധതി ഇന്ത്യന്‍ വിമാന കമ്പനികളെ കൂടുതല്‍ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഏറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ അടക്കമുള്ള ദേശീയ വിമാന കമ്പനികളെ നോര്‍ക്ക റൂട്‌സിന്റെ ഈ തീരുമാനം കൂടുതല്‍ പ്രതിസന്ധിയിലേക്കായിരിക്കും നയിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവനും മറ്റു ഭാരവാഹികളായ കെ വരദരാജന്‍, കെ ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരുമാണ് ഒമാന്‍ എയര്‍വേയ്‌സുമായി ധാരണയില്‍ ഒപ്പു വച്ചത്. ഇതു പോലെയുള്ള കിഴിവു ലഭിക്കാനായി നോര്‍ക്ക റൂട്ട്‌സ് തങ്ങളുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് എയര്‍ ഇന്ത്യ അടക്കമുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss