|    Sep 22 Fri, 2017 6:35 am
Home   >  News now   >  

നോമ്പ് സ്വീകാര്യമാവാന്‍ ഫിത്വര്‍ സകാത്ത്!

Published : 4th July 2016 | Posted By: G.A.G

zakat

രിശുദ്ധ റമദാന്‍ സമാപിക്കുകയായി. നോമ്പുനോറ്റ് ആത്മീയവിശുദ്ധി നേടിയ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാവും. നോറ്റ നോമ്പത്രയും സ്വീകാര്യമാവാന്‍ ഒരു കടമ്പ കൂടിയുണ്ട്. അതാണ് ഫിത്വര്‍ സകാത്ത്.
നബി (സ) പറഞ്ഞു: ‘റമദാനിലെ വ്രതം ആകാശഭൂമികള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കുകയായിരിക്കും. ഫിത്വര്‍ സകാത്ത് മുഖേനയല്ലാതെ അത് മേല്‍പോട്ട് ഉയര്‍ത്തപ്പെടുകയില്ല.”
നോമ്പുകാരന്റെ വീഴ്ചകള്‍ക്കുള്ള പരിഹാരം എന്നതിനൊപ്പം പെരുന്നാള്‍ ദിവസം സമൂഹത്തിലെ മുഴുവന്‍ ആളുകള്‍ക്കും സുഭിക്ഷത ഉറപ്പുവരുത്തുകയാണ് ഫിത്വര്‍ സകാത്തിലെ യുക്തി. നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട ഹിജ്‌റ രണ്ടാം വര്‍ഷം തന്നെയാണ് ഫിത്വര്‍ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടത്. റമദാന്‍ വ്രതത്തിന്റെ സമാപനത്തോടെയാണ് ഇത് വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാവുന്നത്.
ഇത് നല്‍കേണ്ടത് പെരുന്നാള്‍ നമസ്‌കാരത്തിനു മുമ്പായി ആണ്. ഇബ്‌നു അബ്ബാസ് (റ) യില്‍ നിന്ന് ഉദ്ധരിച്ച ഹദീസില്‍ നബി (സ) പറയുന്നു: ‘…… ആരെങ്കിലും ഒരാള്‍ നമസ്‌കാരത്തിനു മുമ്പ് അത് നല്‍കിയാല്‍ അതൊരു സ്വീകാര്യമായ സകാത്താണ്. വല്ലവനും നമസ്‌കാരത്തിനു ശേഷമാണ് നല്‍കുന്നതെങ്കില്‍ ഇതര ദാനധര്‍മങ്ങള്‍ പോലുള്ള ഒരു ദാനം മാത്രമായിരിക്കും അത്.”
ഇബ്‌നു ഉമര്‍ പറയുന്നു:

‘ഫിത്വര്‍ സകാത്ത് ദരിദ്രര്‍ക്ക് നല്‍കണമെന്ന് പറഞ്ഞുകൊണ്ട് പ്രവാചകന്‍ ഇപ്രകാരം പ്രസ്താവിച്ചു: ‘ഈ ദിവസം നിങ്ങള്‍ അവര്‍ക്ക് ഐശ്വര്യം നല്‍കുക.”
സ്ത്രീക്കും പുരുഷനും കുഞ്ഞിനും മുതിര്‍ന്നവനും സമ്പന്നനും സാധാരണക്കാരനും ഒരുപോലെ ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാണ്. അതുകൊണ്ടാണ് ഇതിന് സകാത്തുല്‍ ജസദ് (ശരീരത്തിന്റെ സകാത്ത്) എന്നു പറയുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത പരമദരിദ്രര്‍ മാത്രമേ ഇതില്‍ നിന്ന് ഒഴിവാകുന്നുള്ളൂ. അല്ലാത്ത എല്ലാ മുസല്‍മാനും ഫിത്വര്‍ സകാത്ത് നല്‍കിയിരിക്കണം.

സകാത്തിന്റെ അവകാശികള്‍ക്കു തന്നെയാണ് ഫിത്വര്‍ സകാത്ത് നല്‍കേണ്ടത്. എന്നാല്‍ ദരിദ്രര്‍ക്കും അഗതികള്‍ക്കുമായിരിക്കണം പ്രഥമ പരിഗണന. പാവപ്പെട്ടവര്‍ക്ക് അത് നല്‍കുന്നതോടൊപ്പം സ്വീകരിക്കുകയുമാവാം. എന്നാല്‍ സമ്പന്നന് സ്വീകരിക്കാന്‍ അര്‍ഹതയില്ല.
തനിക്കും തന്റെ കുടുംബത്തിനും പെരുന്നാള്‍ ദിവസം കഴിയാനാവശ്യമായ ആഹാരത്തിലധികം മിച്ചമുള്ള ഓരോ വിശ്വാസിയും ഫിത്വര്‍ സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്.
ഫിത്വര്‍ സകാത്ത് വ്യക്തിപരമായി കൊടുത്തുവീട്ടുകയല്ല, സംഘടിതമായി വിതരണം ചെയ്യുകയായിരുന്നു പ്രവാചകന്റെ കാലത്ത് ചെയ്തിരുന്നത്.

ഒരു സ്വാഅ് (ഏകദേശം രണ്ടേ കാല്‍ കിലോ) ഭക്ഷ്യ ധാന്യമാണ് ഫിത്വര്‍ സകാത്തായി നല്‍കേണ്ടത്. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ അതാണ് കൊടുക്കേണ്ടത്. എന്നാല്‍ അരി മാത്രം പോരല്ലോ ഭക്ഷണമുണ്ടാക്കാന്‍! ഇങ്ങനെ വാദിക്കുന്നവരുമുണ്ട്.
ഫിത്വര്‍ സകാത്ത് പണമായി നല്‍കിയാല്‍ മതിയെന്ന അഭിപ്രായക്കാരുണ്ട്. ഇമാം അബൂഹനീഫ, ഉമറുബ്‌നു അബ്ദില്‍ അസീസ്, ഇമാം ഹസന്‍ അല്‍ ബസ്വരി, അബൂഇസ്ഹാഖ് (റ) തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്.

അബൂ ഇസ്ഹാഖ് (റ) പറഞ്ഞു: ‘മുന്‍ഗാമികള്‍ ഫിത്വര്‍ സകാത്തായി ഭക്ഷണത്തിനു പകരം തത്തുല്യമായ പണം നല്‍കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.”

ആധുനിക പണ്ഡിതന്മാരില്‍ ഡോ. യൂസുഫ് അല്‍ ഖറദാവിയെ പോലുള്ളവര്‍ ഈ പക്ഷക്കാരാണ്.
എങ്കിലും മുഖ്യാഹാരമായ ധാന്യം നല്‍കണമെന്ന അഭിപ്രായത്തിനാണ് മുന്‍ഗണന. അത് നിലവാരമുള്ള അരിയാവണം എന്നു പറയേണ്ടതില്ലല്ലോ.
അല്ലാഹു അനുഗ്രഹിക്കട്ടെ!

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക