|    Nov 12 Mon, 2018 11:17 pm
FLASH NEWS

നോമ്പ് കാലത്തെ ഭക്ഷണരീതി

Published : 2nd June 2017 | Posted By: fsq

നോമ്പ് ശരീരത്തിനും മനസ്സിനും ഏറ്റവും ആരോഗ്യപ്രദമാണല്ലോ. നോമ്പിന്റെ ശാസ്ത്രീയ പാഠങ്ങള്‍ പലരും അംഗീകരിച്ചതും അഭിനന്ദിച്ചതും ഇക്കാരണത്താലാണ്. നിത്യജീവിതത്തില്‍ നോമ്പിനാല്‍ ഉണ്ടാകുന്ന ആരോഗ്യ സംരക്ഷണത്തില്‍ ആര്‍ക്കും സംശയവുമില്ല. പക്ഷേ, ഇക്കാലത്തെ നോമ്പ് പൂര്‍ണാര്‍ഥത്തില്‍ ആരോഗ്യകരമാവുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതാണ്. നോമ്പുകാലം ഏറ്റവും സുഭിക്ഷമായി ഭക്ഷണം കഴിക്കുന്ന കാലമായി മാറിയിരിക്കുന്നു ഇന്ന്. പകല്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ സന്ധ്യ മുതല്‍ ഒരു വാശിക്ക് എല്ലാം തിന്നു കടം വീട്ടുന്ന സ്വഭാവം ആരോഗ്യമുള്ള നോമ്പെന്ന സങ്കല്‍പം തന്നെ ഇല്ലാതാക്കുന്നുണ്ട്. ആരോഗ്യമുള്ള നോമ്പിന്, ഇഫ്താറിനു ശേഷമുള്ള ഭക്ഷണക്രമത്തില്‍ വലിയൊരു പങ്കുണ്ട്. നമുക്ക് ഏറ്റവും ആരോഗ്യകരവും ലളിതവുമായ ഇഫ്താര്‍ ഭക്ഷണരീതി പരിചയപ്പെടാം. ഈ മാതൃക നോമ്പുകാലത്ത് പതിവാക്കിയാല്‍ ശരീരത്തില്‍ ശരിയായ മാറ്റങ്ങള്‍ അനുഭവപ്പെടും. ആരോഗ്യമുള്ള, രോഗമില്ലാത്ത ജീവിതം ലഭിക്കുകയും ചെയ്യും. നമുക്ക് ആദ്യം ഇഫ്താറിലേക്ക് വരാം. ഇഫ്താര്‍ നല്ല ശുദ്ധജലവും ഈത്തപ്പഴവും ഉപയോഗിച്ചു മാത്രമാവുക. മറ്റൊന്നും വേണ്ട. വെള്ളം തൃപ്തികരമായ അളവില്‍ കുടിക്കാം. പലരും ഇഫ്താര്‍ തിന്നുതീര്‍ക്കുകയാണ്. മുന്നിലുള്ള വിഭവങ്ങളെല്ലാം ഒരു വാശിക്ക് തിന്നുതീര്‍ക്കുമ്പോ ള്‍ ശരീരത്തിന് ഉണ്ടാകുന്ന ക്ഷീണത്തെക്കുറിച്ച് യാതൊന്നും ആലോചിക്കാറില്ല. ഇഫ്താര്‍ സമയത്ത് കഴിയുന്നതും പഴങ്ങള്‍ ഒഴിവാക്കുക. ഇഫ്താര്‍ കഴിഞ്ഞാല്‍ പ്രാര്‍ഥനയ്ക്കു ശേഷം ഭക്ഷണം കഴിക്കുക. ഇഷ്ടമുള്ളത് കഴിക്കാം. അമിതമാകരുത്. പൊരിച്ച വിഭവങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. ഈ സമയം പഴങ്ങളും കഴിക്കാം. മാംസാഹാരം കഴിക്കുന്നതില്‍ പ്രത്യേകിച്ച് വിലക്കൊന്നുമില്ല. പക്ഷേ, അമിതമാകരുത് എന്നു മാത്രം. ബിരിയാണി പോലുള്ളത് നോമ്പുതുറയിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കലാണ് നല്ലത്. ഭക്ഷണം കഴിച്ച ശേഷം കടുത്ത ക്ഷീണം തോന്നുന്ന സാഹചര്യം ഉണ്ടാക്കരുത്. മിക്ക നോമ്പുകാരും ഭക്ഷണം കഴിച്ചാല്‍ പിന്നെ ഭയങ്കര ക്ഷീണത്തിലായിരിക്കും. അമിതമായ തീറ്റ മൂലം അകത്തേക്ക് പോയ ഭക്ഷണങ്ങള്‍ ദഹിപ്പിക്കാന്‍ ആമാശയം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് ഊര്‍ജം കടം വാങ്ങും. ഇത്തരത്തില്‍ കൈയിന്റെയും കാലിന്റെയും ഊര്‍ജം കടം വാങ്ങുന്നതോടെ ആ അവയവങ്ങള്‍ അടങ്ങിയൊതുങ്ങി ഒരു ഭാഗത്തിരിക്കും. ഫലമോ, അമിതമായി കഴിച്ചവര്‍ക്ക് കൈകാലുകള്‍ അനക്കാന്‍ പോലും കഴിയാതെ തലപൊങ്ങാതെ ഒരു ഭാഗത്തു കിടക്കും. നോമ്പെടുക്കുമ്പോള്‍ ഇല്ലാത്ത ക്ഷീണമാണ് മിക്ക ആളുകള്‍ക്കും ഇഫ്താര്‍ കഴിഞ്ഞാല്‍. ഈ സമയത്തുള്ള ഭക്ഷണം മരുന്നുകഞ്ഞി മാത്രമാക്കിയാല്‍ കേമമായി. ദഹനത്തിനും ക്ഷീണം മാറാനും ഏറ്റവും ഉപകാരപ്രദം ഇതാണ്. പഴങ്ങളും ഒപ്പം മരുന്നുകഞ്ഞിയും. നോമ്പുതുറയിലെ പ്രധാന ഭക്ഷണം കഴിഞ്ഞാല്‍ പിന്നീട് തറാവീഹ് പോലുള്ള പ്രാര്‍ഥനകളുണ്ട്. അതു  കഴിഞ്ഞാല്‍ ഭക്ഷണം കഴിക്കരുത്. മിക്ക ആളുകളും ഒന്നു കൂടി ഭക്ഷണം കഴിക്കും. മലബാറില്‍ ഇതിനു മുത്താഴം എന്നാണ് പേര്. നോമ്പുതുറയ്ക്ക് മരുന്നുകഞ്ഞി മാത്രം കുടിച്ചവര്‍ ഈ സമയത്ത് അല്‍പം കൂടി കഞ്ഞി കുടിക്കുന്നതില്‍ തെറ്റില്ല. എന്തു ഭക്ഷണം കഴിക്കുമ്പോഴും ആസ്വദിച്ചും നന്നായി ചവച്ചരച്ചും കഴിക്കുക. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക. ഭക്ഷണത്തിനു ശേഷം നന്നായി ദാഹിക്കും. അപ്പോള്‍ കുടിക്കുക. ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്ന രീതി നല്ലതാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍, ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഉമിനീരു തന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ഭക്ഷണശേഷം ഉടന്‍തന്നെ വെള്ളം കുടിക്കുന്നത് ഉമിനീരിന്റെ ഈ ശക്തിയെ ഇല്ലാതാക്കുന്നു. ആഹാരത്തിനു പിറകെ വെള്ളം കുടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞു മാത്രമേ വെള്ളം കുടിക്കാന്‍ പാടുള്ളൂ. ശേഷം നേരത്തേ ഉറങ്ങുകയോ മറ്റ് ആരാധനകളോ ആവാം. 3 മണിക്കു ശേഷമേ അത്താഴം കഴിക്കാവൂ. അമിതമാവാതെ കഴിക്കുക. വൈകുന്നേരം വരെ വിശക്കാതിരിക്കാന്‍ പരമാവധി കഴിക്കുന്നവരുണ്ട്. അത് ആരോഗ്യകരമല്ല. വിശപ്പ് മാറുവോളം കഴിച്ചാല്‍ മതി. നേരത്തേ പറഞ്ഞ രീതിയില്‍ നോമ്പുതുറ നടത്തിയൊരാള്‍ക്ക് ഈ സമയത്ത് വിശക്കും. അത്താഴത്തിന് ഒരു ഗ്ലാസ് പച്ചവെള്ളമെങ്കിലും കുടിക്കുക. അത്താഴം പൂര്‍ണമായും ഒഴിവാക്കുന്നത് നല്ലതല്ല. അത്താഴത്തിന് എഴുന്നേറ്റാല്‍ കുളിക്കുന്നത് ശരീരത്തിനും മനസ്സിനും കൂടുതല്‍ ഉന്മേഷം നല്‍കും. ഈ ഭക്ഷണക്രമം ഒരു മാസം പിന്തുടര്‍ന്നാല്‍ വലിയ മാറ്റം സ്വയം അനുഭവിക്കാനാവും. ഭക്ഷണം കൊണ്ടല്ല നാം ജീവിക്കുന്നത്, മറിച്ച് ജീവനുള്ളതുകൊണ്ടാണെന്ന് തിരിച്ചറിയും. നോമ്പെടുക്കുന്ന പകല്‍നേരങ്ങളില്‍ നല്ല ഊര്‍ജസ്വലതയും ലഭിക്കും.   നോമ്പ് ഒരു ആനന്ദമാണ്, ത്യാഗമല്ല, സാഹസികതയുമല്ല. നിങ്ങളും ഒന്നു പരീക്ഷിച്ചുനോക്കൂ.  മനസ്സും ശരീരവും മാറും. നല്ല മാറ്റങ്ങള്‍ അനുഭവിക്കും. ഭക്ഷണം കഴിച്ചാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതെന്ന ബാലപാഠം ഓര്‍മിക്കുക, എപ്പോഴും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss