|    Jun 23 Sat, 2018 12:51 am
FLASH NEWS
Home   >  Life  >  Family  >  

നോമ്പുനോറ്റ് ആരോഗ്യം വീണ്ടെടുക്കാം!

Published : 21st August 2015 | Posted By: admin

food for ramadan

 

റഫീഖ് റമദാന്‍

മദാന്‍ മാസം ചിലര്‍ക്ക് പാചകകലയിലെ നിപുണത പരിശോധിക്കുന്നതിനുള്ള അവസരമാണ്. വിഭവസമൃദ്ധമായ ഇഫ്ത്താറുകള്‍ നാട്ടിലെങ്ങും നടക്കുന്നു. പെരുന്നാളിന്റെ കൊട്ടിക്കലാശം ആശുപത്രിയിലാവുകയും ചെയ്യുന്നു. വാസ്തവത്തില്‍ ആരോഗ്യം നേടിത്തരുന്ന ആരാധനയാണ് നോമ്പ്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ നോമ്പ് ആരോഗ്യകരമാക്കാം. അതിനുള്ള വഴികള്‍ പറയാം.

ശരീരത്തിലെ അന്നനാളം മുതല്‍ ദഹനേന്ദ്രിയം വരെ പല ഭാഗങ്ങള്‍ക്കും പൂര്‍ണാര്‍ത്ഥത്തില്‍ വിശ്രമം നല്‍കുന്ന ആരാധനയാണ് ഇസ്്‌ലാമിലെ നോമ്പ്. ജീവിതശൈലീജന്യ രോഗങ്ങളില്‍ നിന്ന് നോമ്പുകാരന് രക്ഷ ലഭിക്കുന്നു. ആര്‍ട്ടീരിയോസ്‌ക്ലൈറോസിസ്, ഹൃദയാഘാതം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങളുണ്ടാകുന്നത് തെറ്റായ ഭക്ഷണശീലവും ജീവിതശൈലിയും കൊണ്ടാണ്. വൈദ്യശാസ്ത്രം ഇതിന് നിര്‍ദേശിക്കുന്ന പ്രതിവിധി ഭക്ഷണ നിയന്ത്രണമാണ്. നോമ്പ് ആ നിയന്ത്രണം സാധ്യമാക്കുന്നു. സാധാരണ ദിവസങ്ങളില്‍ രോഗി മാത്രമാണ് ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുക.
വീട്ടിലുള്ള മറ്റുള്ളവര്‍ കൊതിപ്പിക്കുന്ന ഭക്ഷണം വെട്ടിവിഴുങ്ങുന്നത് രോഗിയെ പ്രലോഭിപ്പിക്കും. എന്നാല്‍ റമദാനില്‍ വീട്ടിലെ മുഴുവനാളുകളും ഭക്ഷണം നിയന്ത്രിക്കുന്നതിനാല്‍ ആശുപത്രി പരിചരണം പോലെ നിയന്ത്രണം സാധ്യമാകുന്നു. വയറു നിറച്ചുണ്ണരുതെന്നാണ് മുഹമ്മദ് നബി അനുയായികളോട് ഉപദേശിച്ചത്. മനുഷ്യന്‍ നിറക്കുന്ന പാത്രങ്ങളില്‍ ഏറ്റവും മോശമായതാണ് ആമാശയമെന്നും പറഞ്ഞു. അമിതഭോജനം ഹാനികരമാണെന്നു പ്രൊട്ടസ്റ്റന്റുകാര്‍ ഉള്‍പ്പെടെ വിവിധ മതവിശ്വാസികള്‍ കരുതുന്നു.

over eating
പുകവലി നിര്‍ത്താന്‍ നോമ്പുകാലം പോലെ സുവര്‍ണാവസരമില്ല. ആല്‍ക്കഹോള്‍ നോമ്പല്ലാത്തപ്പോഴും മുസ്്‌ലിംകള്‍ ഉപയോഗിക്കാന്‍ പാടില്ലല്ലോ. എന്നാല്‍ അതിലേറെ സമൂഹത്തിന് അപകടമുണ്ടാക്കുന്നു നിക്കോട്ടിന്‍. ലഹരിവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാനുള്ള ദീര്‍ഘസമയത്തെ പരിശീലനമാണ് നോമ്പ്. പകല്‍ സമയങ്ങളില്‍ പുകവലി നിയന്ത്രിച്ച് അത്താഴം വരെ വലിക്കുന്നവന്റെ നോമ്പ് നിഷ്ഫലമായിരിക്കും. നോമ്പ് തുറന്നയുടനെയുള്ള പുകവലി ഏറെ അപകടകരമാണെന്ന് വിദഗ്ധര്‍ പറയുന്നു.
അമിതമായ വണ്ണം, അമിത രക്തസമ്മര്‍ദ്ദം, ദഹനക്കേട്, കരള്‍ സംബന്ധമായ രോഗങ്ങള്‍, വായുരോഗങ്ങള്‍ ഇവക്കെല്ലാം നോമ്പ് ഒരു പരിധിവരെ ആശ്വാസമാണ്. പ്രമേഹരോഗികള്‍ക്ക് നോമ്പ് ആരോഗ്യപരമായ ഗുണങ്ങളുണ്ടാക്കണമെങ്കില്‍ നോമ്പുതുറ സമയത്തും ഭക്ഷണനിയന്ത്രണം വേണം. നോമ്പുകാരന്റെ ശരീരത്തിലെ കൊഴുപ്പും കൊളസ്‌ട്രോളും കുറയുന്നു. ഇത് അമിതവണ്ണമുള്ളവരുടെ തടി കുറക്കാനും സഹായിക്കും. അതുപോലെ വായയുടെയും പല്ലിന്റെയും ആരോഗ്യാവസ്ഥ നോമ്പ് മെച്ചപ്പെടുത്തും.
smoke

 

നോമ്പ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഇതു മനസ്സിലാക്കി ഇന്ന് അമുസ്്‌ലിംകളായ ആളുകളും വ്രതം അനുഷ്ഠിക്കുന്നുണ്ട്. നോമ്പുകാരില്‍ ലിംഫോസൈറ്റ്‌സിന്റെ പ്രവര്‍ത്തനക്ഷമത പത്ത് മടങ്ങ് വര്‍ധിക്കും.
സൂക്ഷ്മ പ്രതിപ്രവര്‍ത്തനത്തില്‍ നിന്നും ശരീരത്തെ തടയുന്ന രക്തകോശങ്ങളാണ് ലിംഫോസൈറ്റ്‌സ്. രോഗപ്രതിരോധശേഷി കൂടുതലുള്ള കോശങ്ങള്‍ വര്‍ധിക്കാനും നോമ്പ് കാരണമാകുന്നുണ്ട്. ടി. സെല്‍സ് (ടി- കോശങ്ങള്‍) എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക തരം സെല്ലുകളാണ് ഇങ്ങനെ അധികരിക്കുന്നത്.

ശരീരത്തെ ക്ഷയിപ്പിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളെ നശിപ്പിക്കുന്ന ആന്റെസോസീസും നോമ്പുവേളയില്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.നോമ്പെടുക്കുമ്പോള്‍ രക്തത്തില്‍ സോഡിയത്തിന്റെ തോത് കൂടുമെന്നും അതുകൊണ്ട് കാല്‍സ്യം പരല്‍രൂപം പ്രാപിക്കുകയും അതിനെ തുടര്‍ന്ന് രക്തത്തില്‍ യൂറിയ വര്‍ദ്ധിക്കുകയും മൂത്രനാളികളില്‍ ഉണ്ടായേക്കാവുന്ന കാല്‍സ്യത്തിന്റെ അടിഞ്ഞുകൂടല്‍ -മൂത്രത്തിലെ കല്ല് – തടയുകയും ചെയ്യുന്നുവെന്നു പുതിയ പഠനങ്ങള്‍ പറയുന്നു.

ശരീര കലകള്‍ക്കും കോശങ്ങള്‍ക്കുമിടയില്‍ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളില്‍ നിന്ന് നോമ്പിലൂടെ ശരീരം സംരക്ഷിക്കപ്പെടുന്നുണ്ട്. നോമ്പെടുക്കുന്നയാളിനുണ്ടാകുന്ന ദാഹം കൊണ്ടും ഗുണമുണ്ട്. ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താനും ഓര്‍മശക്തിയും ഗ്രാഹ്യശേഷിയും ഉയര്‍ത്താനും ഈ ദാഹാവസ്ഥ കാരണമാകും. ദിവസങ്ങളോളം തുടര്‍ച്ചയായി നോമ്പെടുക്കുന്നത് പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റെറോണിന്റെ ഉല്‍പാദനം കുറക്കും. എന്നാല്‍ നോമ്പു തുറന്ന ശേഷം അതിന്റെ ഉല്‍പാദനം വര്‍ധിക്കും.

നോമ്പുകൊണ്ടുള്ള മറ്റൊരു പ്രയോജനമാണ് നോമ്പ് വേളയില്‍ ദുര്‍ബലവും രോഗമുള്ളതുമായ കോശങ്ങള്‍ മാറി പുതിയ കോശങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നത്. കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ കാന്‍സറായി മാറാന്‍ സാധ്യതയുള്ള ഗര്‍ഭാശയ മുഴകള്‍ മുപ്പത് ദിവസം കൃത്യമായി നോമ്പ് പിടിക്കുന്നവരില്‍ ചുരുങ്ങിവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഈ രോഗമുള്ളവര്‍ ഭക്ഷണവും വിഷാദരോഗങ്ങളെയും നിയന്ത്രിക്കല്‍ നിര്‍ബന്ധമാണുതാനും. അതേസമയം, റമദാനില്‍ രാത്രി വളരെയധികം ഭക്ഷണം കഴിക്കുന്നതും പകലില്‍ കിടന്നുറങ്ങുന്നതും അനാരോഗ്യകരമാണ്. ജോലി ചെയ്യുന്നതിനും നോമ്പ് തടസ്സമല്ല.

 

നോമ്പുകാരന്റെ ഭക്ഷണരീതി
ലളിതമായ ഭക്ഷണ വിഭവങ്ങളാണ് നോമ്പ് തുറകളിലും അത്താഴ വേളയിലും സ്വീകരിക്കേണ്ടത്. ശരീരത്തിന്റെ സ്വാഭാവിക തൂക്കം നിലനിര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണം ഭക്ഷണ രീതി. എന്നാല്‍ അമിത വണ്ണമുള്ളവര്‍ക്ക് ശരീരഭാരം കുറയ്ക്കാവുന്ന സമയം കൂടിയാണ് റമദാന്‍. ശരീരത്തിന് ആവശ്യമായ ഭക്ഷണം മണിക്കൂറുകളോളം എത്താത്തതിനാല്‍, സാവധാനം ദഹിക്കുന്ന ഭക്ഷണത്തിന് പകരം വേഗം ദഹിക്കുന്ന നാരുകളടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മൂന്ന് മുതല്‍ നാലു മണിക്കൂര്‍ കൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കുമ്പോള്‍ സാവധാനം ദഹിക്കുന്ന ഭക്ഷണങ്ങള്‍ ദഹിക്കാന്‍ എട്ട് മണിക്കൂര്‍ എടുക്കും.
വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് ബാര്‍ലി, ഗോതമ്പ് എന്നീ ധാന്യങ്ങളും ബീന്‍സ് പോലുള്ള പയര്‍ വര്‍ഗങ്ങളും. ഇവയെ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നു വിളിക്കുന്നു. ഇറച്ചി, പഞ്ചസാര, മൈദ പോലുള്ളവ സാവധാനം ദഹിക്കുന്നവയാണ്.
റമദാനിലെ ഭക്ഷണ രീതി സന്തുലിതമായിരിക്കണം. വൈവിധ്യമാര്‍ന്ന എല്ലാതരം ഭക്ഷണവും ഉള്‍പ്പെട്ടതായിരിക്കണം ഭക്ഷണ ക്രമം. പഴവര്‍ഗങ്ങളും ഇറച്ചിയും മത്സ്യവും ധാന്യങ്ങളും പാലുല്‍പ്പന്നങ്ങളും തുടങ്ങി എല്ലായിനം ഭക്ഷണങ്ങളും അവയുടെ ക്രമമനുസരിച്ച് കഴിക്കുന്നതാണ് ഉത്തമം. പലര്‍ക്കും ഒഴിച്ചു കൂടാനാവാത്തതാണ് വറുത്ത (വറപൊരി) ഭക്ഷണങ്ങള്‍. എന്നാല്‍ നോമ്പ് കാലത്ത് അവ പരമാവധി ഒഴിവാക്കേണ്ടതാണ്. ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യപ്രദമല്ല. വറുത്തതും പൊരിച്ചതും അമിതമായി ആഹരിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, തൂക്കവ്യതിയാനം ഇവയ്ക്ക് കാരണമാവും.

 

റമദാനില്‍ ഒഴിവാക്കേണ്ടവ

  • വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണങ്ങള്‍
  • പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍
  • അത്താഴത്തിന് അമിതമായ ഭക്ഷണം കഴിക്കല്‍
  • ചായയുടെ അമിതോപയോഗം. ചായ അധികം കുടിച്ചാല്‍ ധാരാളം മൂത്രിക്കേണ്ടിവരും.

ഭക്ഷിക്കേണ്ടവ

 

  • അന്നജങ്ങള്‍. വളരെ നേരം ആമാശയത്തില്‍ അവശേഷിക്കുന്ന അന്നജനങ്ങള്‍ കഴിക്കുക വഴി വിശപ്പ് ലഘൂകരിക്കാം.
  • ഈത്തപ്പഴം. പഞ്ചസാര, നാരുകള്‍, പൊട്ടാസ്യം, അന്നജം, മഗ്‌നീഷ്യം തുടങ്ങിയവയടങ്ങിയ ഈത്തപ്പഴം നോമ്പുകാലത്ത് അത്യുത്തമമാണ്.
  • മാസ്യവും നാരുകളും ധാരാളമടങ്ങിയ ബദാം.
  • പൊട്ടാസ്യം, മഗ്‌നീഷ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയടങ്ങിയ പഴങ്ങള്‍
  • ആവശ്യം വേണ്ട പഴച്ചാറുകളും ശീതളപാനീയങ്ങളും കുടിക്കുക.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss