|    Oct 23 Mon, 2017 12:40 am

നോമ്പുതുറ വിഭവങ്ങളില്‍ മുമ്പനായ പത്തിരിക്ക് ആവശ്യക്കാര്‍ ഏറെ

Published : 15th June 2017 | Posted By: fsq

 

ഈരാറ്റുപേട്ട: നോമ്പുതുറ വിഭവങ്ങളില്‍ ഒന്നാമനാണു പത്തിരി. രുചിയേറും പത്തിരിയും  ഇറച്ചിക്കറിയുമായാല്‍ നോമ്പുതുറക്കലിനു കൂടുതല്‍ ഉല്‍സാഹമാവും. പത്തിരി തേങ്ങാപ്പാലില്‍ മുക്കി ഇറച്ചിക്കറിയുമൊത്ത് കഴിക്കണം. എന്നാലേ യഥാര്‍ത്ഥ രുചി അറിയാന്‍ സാധിക്കു. അരിപ്പൊടിയില്‍ ഉണ്ടാക്കുന്നതിനാല്‍ പത്തിരിക്കു ഗുണങ്ങളും ഏറേയാണ്. ദഹനത്തിനും നല്ലതാണ്. പ്രായഭേദമെന്യേ ആര്‍ക്കും കഴിക്കാനും സാധിക്കുമെന്നതും പത്തിരിയുടെ പ്രത്യേകതകളില്‍ ഒന്നാണ്.രുചി വൈവിധ്യം തന്നെയാണ് പത്തിരിയെ ഏവരുടെയും പ്രിയപ്പെട്ടതാക്കുന്നത്.സാധാരണ സമയങ്ങളിലും പത്തിരി ലഭ്യമാണെങ്കിലും നോമ്പാകുമ്പോള്‍ പത്തിരിക്ക് ആവശ്യം വര്‍ധിക്കും. ഇക്കാലത്ത് പത്തിരിയാവും പ്രധാനി. റമദാനിലെ വ്രതാനുഷ്ഠാനത്തിന്റെ ഒരോ രാവും പിന്നിടുമ്പോഴും വീടുകളിലും വിപണിയിലും തയ്യാറാക്കുന്ന പത്തിരിക്ക് ആവശ്യക്കാര്‍ ഏറുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പത്തിരി ഉണ്ടാക്കി വില്‍ക്കുന്നത് ഈരാറ്റുപേട്ടയിലാണ്. ഇവിടെ നിരവധി വ്യവസായ യൂണിറ്റുകളും അതു കൂടാതെ വീടുകളിലും ആവശ്യക്കാര്‍ക്ക് നല്‍കനായി പത്തിരി ഉണ്ടാക്കുന്നുണ്ട്. നോമ്പ് തുടങ്ങിയ ദിവസം മുതല്‍ ഇവര്‍ പത്തിരി ഉണ്ടാക്കുന്ന തിരക്കിലുമാണ്. ദിനംപ്രതി ആയിരക്കണക്കിന് പത്തിരിയാണ് ഇവിടെ സ്ത്രീകള്‍ ഉണ്ടാക്കുന്നത്.പത്തിരി ഉണ്ടാക്കുന്നതിലും വേണം സൂക്ഷമതയും കൃത്യതയും. ആദ്യം പച്ചരിപൊടിപ്പിച്ച് വറക്കും. പിന്നീട് ഇത് അരിപ്പയില്‍ തരിയില്ലാതെ തെള്ളിയെടുക്കും. ഇങ്ങനെ കിട്ടുന്ന മാവ് ചൂടുവെള്ളത്തില്‍ അയച്ച് ചെറു ഉരുള ആക്കും. പിന്നെ ചപ്പാത്തി കല്ലിലിട്ട് പരത്തിയെടുക്കുന്നതോടെ പത്തിരി റെഡി. എന്നാല്‍ അയയ്ക്കുന്ന മാവിന്റെ മൃദുലതയും കൃത്യതയോട് കൂടിയ വേവും ഒത്തുചേര്‍ന്നാല്‍ മാത്രമേ പത്തിരി പത്തിരിയാകൂ. പള്ളികളിലും വീടുകളിലുമാണ് നോമ്പുസമയങ്ങളില്‍ പത്തിരി കൂടുതലായും വാങ്ങുന്നത്. മൂന്ന് രൂപയാണ് പത്തിരിക്ക് വില.  ഇവിടുത്തെ മിക്ക ബേക്കറികളിലും വൈകുന്നരങ്ങളില്‍ പാക്കറ്റുകളിലായി പത്തിരിവില്‍പ്പനക്കുണ്ടാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക