|    Apr 21 Sat, 2018 11:38 am
FLASH NEWS

നോമ്പും ഭക്ഷണങ്ങളും

Published : 11th June 2016 | Posted By: sdq
dr. m. shajahan

ഡോ. എം ഷാജഹാന്‍

വ്രതം അനുഷ്ഠിക്കുന്ന മതവിഭാഗങ്ങളില്‍ ഏറ്റവും കര്‍ക്കശമായ രീതിയില്‍ അതു നടപ്പാക്കുന്നത് മുസ്‌ലിംകളാണെന്നു പറയാം. ബഹായി മതവിശ്വാസികളുടെ 19 ദിവസവും ജൂതര്‍ ആറുദിവസവും നോമ്പനുഷ്ഠിക്കുന്നു. 30 ദിവസം എന്ന ദീര്‍ഘകാലയളവു പരിഗണിക്കുമ്പോള്‍ മുസ്‌ലിംകളാണു മുന്നില്‍.
കഴിക്കാന്‍ ഭക്ഷണവും കുടിക്കാന്‍ പാനീയങ്ങളും യഥേഷ്ടം ലഭ്യമായിരുന്നിട്ടും അല്ലാഹുവിന്റെ കാരുണ്യം മാത്രം പ്രതീക്ഷിച്ച് അവയെ മനസ്സാ ത്യജിക്കുന്നവനാണ് നോമ്പുകാരന്‍. ഒരു ഓപറേഷനു മുന്നോടിയായോ കാന്‍സര്‍, മാനസികരോഗം എന്നിവയില്‍ ശമനം നേടാനോ രാഷ്ട്രീയകാര്യലാഭത്തിനോ നിരാഹാരം അനുഷ്ഠിക്കുന്നതില്‍നിന്ന് എത്രയോ ഭിന്നമാണ് നോമ്പ്. പ്രധാന വ്യത്യാസം അതിന്റെ ഉദ്ദേശ്യത്തിലുപരി നോമ്പുകാരന്‍ തന്റെ നാവ്, കണ്ണ്, മനസ്സ്, വാക്ക്, കൈകാലുകള്‍ എന്നിവയെക്കൂടി നിയന്ത്രിച്ച് എല്ലാ തരത്തിലും ശുദ്ധിനേടാന്‍ പരിശ്രമിക്കുന്നു എന്നതാണ്. നോമ്പിലൂടെ അവന്‍ പാവപ്പെട്ടവന്റെ ദാരിദ്ര്യവും പട്ടിണിയും നേരിട്ട് മനസ്സിലാക്കുകയും ആര്‍ദ്രത മനസ്സില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍ നോമ്പില്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. ചിലര്‍ കരുതുന്നതുപോലെ നോമ്പ് ഭക്ഷണ ധൂര്‍ത്തിന്റെ മാസമാക്കരുത്. ഒരു മനുഷ്യന്റെ ഭൗതിക ആവശ്യങ്ങള്‍ വിലയിരുത്തി അവന്‍ ഒരുദിവസം ഭക്ഷണം വഴി നേടേണ്ട ഊര്‍ജം അഥവാ കലോറി കൃത്യമായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഓരോ ഭക്ഷണപദാര്‍ഥത്തിലും അടങ്ങിയിരിക്കുന്ന കലോറികളും തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. ഈ ചാര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഒരുവന് താന്‍ ഒരുദിവസം കഴിക്കേണ്ട ഭക്ഷണപദാര്‍ഥങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ ഉണ്ടാക്കാവുന്നതാണ്. ഒരാളുടെ കലോറി ആവശ്യത്തില്‍ക്കൂടുതല്‍ ഭക്ഷണം അകത്തുചെന്നാല്‍ അതു കൊഴുപ്പായി രക്തത്തിലും രക്തക്കുഴലുകളുടെ ഭിത്തിയിലും കൊഴുപ്പും ഗ്ലൈക്കോജനുമായി കരളിലും അടിഞ്ഞുകൂടുന്നു. ഇതു പിന്നീട് പ്രഷര്‍, പ്രമേഹം, കാന്‍സര്‍, അമിതവണ്ണം, പക്ഷാഘാതം, ഹാര്‍ട്ട്അറ്റാക്ക് എന്നീ പ്രശ്‌നങ്ങളിലേക്കു നയിക്കും. നോമ്പ് വഴി ഇങ്ങനെ ശരീരത്തില്‍ അടിഞ്ഞുകൂടിയ അനാവശ്യ പോഷണങ്ങളെ നീക്കംചെയ്യാന്‍ സാധിക്കണം. അതിന് ഉപോല്‍ബലകമായ ചില നിര്‍ദേശങ്ങള്‍ പറയാം.
1) അത്താഴം കഴിയുന്നതും വൈകിപ്പിക്കണം. ഇതു പ്രവാചകപ്രോക്തമായ ഒരു നിര്‍ദേശമാണെന്നതിനു പുറമെ പ്രഭാതത്തില്‍ തലച്ചോറിന് ഏറ്റവും കൂടുതല്‍ ഗ്ലൂക്കോസ് ആവശ്യമായ സമയത്ത് അതു പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു.
2) അത്താഴം അരിഭക്ഷണം, നേന്ത്രപ്പഴം, മറ്റു പഴങ്ങള്‍, പയര്‍, മല്‍സ്യം, മധുരം എന്നിവ അടങ്ങിയതാവണം. ക്രമേണയുള്ള വിഘടനത്തിലൂടെ ദീര്‍ഘസമയം അന്നജം, മാംസ്യം എന്നിവ ഇവ നല്‍കും.
3) കഴിയുന്നതും മാംസാഹാരം നോമ്പിലുടനീളം ഒഴിവാക്കുന്നതാണു നല്ലത്. അതു സങ്കീര്‍ണമായ മാംസ്യം കടത്തി പൊതുവേ ദുര്‍ബലമായ ഉപാപചയത്തെ തകരാറിലാക്കുന്നു. ശരീരത്തില്‍ വെള്ളം പൊതുവേ കുറവായ നോമ്പുകാലത്ത് മാംസ്യാഹാരം യൂറിക്ക് ആസിഡ് വര്‍ധിപ്പിക്കും. അത് അസിഡിറ്റിയും ഉണ്ടാക്കും
4) ശരീരത്തിലെ മാലിന്യങ്ങള്‍ ഒഴിവാക്കിക്കളയുന്നതിനും മൂത്രക്കല്ലു തടയുന്നതിനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്
5) നോമ്പു തുറക്കുന്ന സമയത്തും അത്താഴവേളയിലും മധുരം ധാരാളം (പ്രമേഹരോഗികള്‍ക്കും) ഉപയോഗിക്കാം. ഇതു പേശികളിലെ ഗ്ലൈക്കോജനെ പുനസ്ഥാപിക്കും. ശക്തി പകരും.
6) എണ്ണ, നെയ്യ് എന്നിവയുടെ ഉപയോഗം കുറയ്ക്കണം.
7) ഇലക്കറികള്‍, മുട്ട ചെറിയ മല്‍സ്യങ്ങള്‍ പാല്‍ എന്നിവ ഉപയോഗിക്കാം
8) മറ്റു മതസ്ഥരെ ക്ഷണിക്കുമ്പോള്‍ മിതത്വം പാലിക്കുകയും നോമ്പിന്റെ സന്ദേശം വ്യക്തമാക്കുംവിധം ഒരു ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക.
(പ്രമുഖ ശിശുരോഗ വിദഗ്ധനും എഴുത്തുകാരനുമാണ് ഡോ. ഷാജഹാന്‍. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്നു.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss