|    Aug 20 Sun, 2017 8:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നോട്ട ് പ്രതിസന്ധി: ഇതരസംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാടുവിടുന്നു

Published : 1st December 2016 | Posted By: SMR

അബ്ദുല്‍ഖാദര്‍ പേരയില്‍

ആലുവ: 1000ത്തിന്റെയും 500ന്റെയും നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ  പ്രതിസന്ധിയാല്‍ സംസ്ഥാനത്ത് വിവിധ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിത്തുടങ്ങി. ഇതോടെ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയിലായി. കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടത്തോടെ കേരളത്തില്‍ നിന്നും ഇവര്‍ പലായനം ചെയ്യുകയാണ്.
ആലുവ, പെരുമ്പാവൂര്‍ മേഖലയിലാണു സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ ജോലിചെയ്യുന്നത്. ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചും വിവിധ തൊഴില്‍മേഖലകളില്‍ ജോലിചെയ്യുന്ന അന്യസംസ്ഥാനക്കാരില്‍ 85 ശതമാനത്തിലേറെപ്പേരുടെ ഉപജീവനമാര്‍ഗം നിര്‍മാണമേഖലയിലായിരുന്നു. എന്നാല്‍ 1000ത്തിന്റെയും 500റിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നതുമുതല്‍ ചെറിയ നോട്ടിനായി രാജ്യത്തെ ജനങ്ങള്‍ മൊത്തം നെട്ടോട്ടത്തിലാണ്. ഇതുതന്നെയാണു ലക്ഷക്കണക്കിനു വരുന്ന ഇതരസംസ്ഥാനക്കാരുടെ ജീവിതത്തെയും പിടിച്ചുലച്ചത്.
100ന്റെ നോട്ടുകളുടെ ദൗര്‍ലഭ്യംമൂലം തൊഴിലാളികള്‍ക്കു പണംനല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുമൂലം ദിവസവേതനം നല്‍കുന്ന ജോലികള്‍ മുഴുവന്‍ സതംഭിച്ചിരിക്കുകയാണ്. ആരും ജോലിക്കു വിളിക്കാതായതോടെ പലരും ഭക്ഷണം കഴിക്കാന്‍ പോലും കൈയില്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ട്. ഇതേത്തുടര്‍ന്നാണ് കുടുംബം പോറ്റാനായി മൈലുകള്‍ താണ്ടി കേരളത്തിലെത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്നത്. നോട്ട് പ്രതിസന്ധി ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ദിവസങ്ങള്‍ ഇവര്‍ തള്ളിനീക്കിയെങ്കിലും പ്രതിസന്ധി നീണ്ടതോടെയാണു കൂട്ടത്തോടെ സ്വന്തം നാട്ടിലേക്കു മടങ്ങുന്നത്.
രാപ്പകല്‍ ഭേദമെന്യേ റെയില്‍വേ സ്റ്റേഷനുകളില്‍ ഇതര സംസ്ഥാനക്കാരുടെ വന്‍ തിരക്കാണുള്ളത്.
മടക്ക ടിക്കറ്റ് ലഭ്യമാക്കുവാനായി തൊഴിലാളികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ അന്തിയുറങ്ങുന്ന കാഴ്ചയും കാണാം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലായി സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി 20,000ത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു തിരിച്ചതായിട്ടാണു പറയപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക