|    Jun 28 Wed, 2017 2:26 pm
FLASH NEWS
Home   >  National   >  

നോട്ട് മാറ്റിയെടുക്കല്‍ പ്രതിസന്ധി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഖേദം പ്രകടിപ്പിച്ചു

Published : 13th November 2016 | Posted By: G.A.G

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: നോട്ട് വിതരണവും മാറ്റിയെടുക്കലും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണമായ തോതില്‍ പരിഹരിക്കാന്‍ ഇനിയും കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ മൂന്ന് ആഴ്ചയെങ്കിലും എടുക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ നോട്ടുകള്‍ക്ക് അനുസരിച്ച് എടിഎമ്മുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനു കൂടുതല്‍ സമയമെടുക്കും. രാജ്യത്തെ രണ്ടു ലക്ഷം എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ക്ക് അനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. ഇത് അതീവരഹസ്യമായി ചെയ്യേണ്ടതാണ്. കൂടാതെ ടെക്‌നോളജിയുടെ പരിമിതികളുമുണ്ട്. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദമുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബാങ്കുകളില്‍ നിന്നു പണം മാറ്റിയെടുക്കാന്‍ പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വലിയ ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. പുതിയ നോട്ടിന് പ്രത്യേകിച്ച് ഒരു തരത്തിലുള്ള സാങ്കേതിക സവിശേഷതകളും ഇല്ല. എന്നാല്‍, പുതിയ നോട്ടുകളില്‍ കൂടുതല്‍ സുരക്ഷാ സവിശേഷതകള്‍ ഉള്ളതിനാല്‍ അവയുടെ വ്യാജന്‍ ഉണ്ടാക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യം ധനമന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ മന്ത്രി, സര്‍ക്കാര്‍ നടപടിയെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചു. കോണ്‍ഗ്രസ്സിന്റെ കുറ്റപ്പെടുത്തല്‍ ഉത്തരവാദിത്തമില്ലാതെയാണ്. രാജ്യത്തിന്റെ സമ്പദ്ഘടന ശുദ്ധീകരിക്കുന്നതിനോട് ചിലര്‍ക്ക് എതിര്‍പ്പാണെന്നും അദ്ദേഹം ആരോപിച്ചു. ആദ്യത്തെ കുറച്ചു ദിവസം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെത്തന്നെ ധനമന്ത്രാലയം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍, ജനങ്ങള്‍ പ്രയാസം സഹിച്ചും സര്‍ക്കാര്‍ നടപടിയോട് സഹകരിക്കുന്നുണ്ട്. നോട്ട് തിരിച്ചെടുക്കല്‍ പ്രക്രിയയില്‍ എന്തെങ്കിലും കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശന നടപടിയെടുക്കും. രണ്ടായിരം രൂപ നോട്ട് എടിഎമ്മുകളില്‍ എത്താന്‍ ഇനിയും സമയമെടുക്കും. ഇതിനുള്ള നടപടി പുരോഗമിക്കുകയാണ്. നോട്ട് പിന്‍വലിക്കുന്നത് അതീവരഹസ്യ സ്വഭാവത്തോടെ നടത്തേണ്ട കാര്യമായതിനാലാണ് മുന്‍കൂട്ടി വിവരം നല്‍കാതിരുന്നത്. തീവ്രവാദ പ്രവര്‍ത്തനത്തിനു ഫണ്ടിങ് നടത്തുന്നതായും ആയുധങ്ങള്‍ സംഭരിക്കുന്നതായും സര്‍ക്കാരിനു കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്നലെ 12.15 വരെ രണ്ടു ലക്ഷം കോടി രൂപ വരെ രാജ്യത്തെ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ ഇന്നലെ ഉച്ച വരെ 47,868 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 58 ലക്ഷം ജനങ്ങള്‍ എസ്ബിഐ വഴി പണം കൈമാറിയെന്നും 33 ലക്ഷം പേര്‍ എസ്ബിഐയില്‍ നിന്ന് പണം പിന്‍വലിച്ചെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക