|    Feb 19 Sun, 2017 8:09 pm
FLASH NEWS

നോട്ട് മാറ്റാന്‍ ബാങ്കുകളില്‍ നീണ്ട ക്യൂ

Published : 11th November 2016 | Posted By: SMR

പാലക്കാട്: അസാധുവായ 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളിലും പോസ്റ്റാഫിസുകളില്‍ അസാധാരണതിരക്ക്. ഒരു ദിവസത്തെ അവധിക്കുശേഷം ഇന്നലെ ബാങ്ക് തുറന്നപ്പോള്‍ വന്‍ തിരക്കാണ് ജില്ലയില്‍ അനുഭവപ്പെട്ടത്. പലയിടത്തും ബാങ്ക് തുറക്കുന്നതിനു മുമ്പുതന്നെ ഇടപാടുകാര്‍ ക്യൂവില്‍ ഇടംപിടിച്ചിരുന്നു. അസാധുവായ കറന്‍സിക്കുപകരമുള്ള കറന്‍സി ബാങ്ക് അധികൃതര്‍ നല്‍കിയത് ടോക്കണ്‍ സംവിധാനത്തിലായിരുന്നു. ആദ്യം ടോക്കണ്‍ നല്‍കി പിന്നീട് പണം സംവിധാനം നല്‍കുന്ന രീതിയാണ് മിക്ക ബാങ്കുകളും അവലംബിച്ചത്. വൈകീട്ട് അഞ്ചരവരെയായിരുന്നു ടോക്കണ്‍ വിതരണം. ഇതിനുശേഷം നിരവധി ഇടപാടുകാര്‍ വന്നെങ്കിലും അവരെയെല്ലാം ബാങ്ക് അധികൃതര്‍ മടക്കി അയച്ചു. ഇത് ചിലയിടത്ത് വാക്കുതര്‍ക്കത്തിനും കാരണമായി. വൈകുന്നേരം ആറുവരെ ബാങ്ക് പ്രവര്‍ത്തിക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് ഇടപാടുകാര്‍ തര്‍ക്കത്തിനു നിന്നത്. എന്നാല്‍ ബാങ്ക് അധികാരികള്‍ ഇതിനുമുന്നില്‍ മുട്ടുമടക്കിയില്ല. പുതിയ 2000 രൂപയുടെ കറന്‍സി എല്ലാ ബാങ്കുകളിലും എത്തിയിരുന്നു. എന്നാല്‍ ജനം നോട്ടുവാങ്ങി തുടങ്ങിയതോടെ പുതിയ 2000 രൂപയും കിട്ടാതെയായി. അതേസമയം 100, 50, 20 രൂപയുടെ കറന്‍സികള്‍ സുലഭമായി ബാങ്കുകള്‍ നല്‍കി. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള ഫോറം പൂരിപ്പിച്ചുവരുന്നവര്‍ക്ക് നേരിട്ട് 4000 മാറ്റിയെടുക്കാനുള്ള സൗകര്യമാണ് ബാങ്കുകളില്‍ ഉണ്ടായിരുന്നത്. അക്കൗണ്ട് ഉള്ള ബാങ്കുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 10,000 രൂപയും നല്‍കി. ഇത് നല്‍കിയത് ചെക്ക് വഴിയായിരുന്നു. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കനറാ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളിലെല്ലാം നോട്ടുമാറ്റാനായി പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. കോട്ടമൈതാനത്തെ എസ്ബിഐയുടെ പ്രധാനശാഖയില്‍ വന്‍—തിരക്കാണ് അനുഭവപ്പെട്ടത്. പണം മാറാനെത്തിയവരുടെ തിരക്ക് മീറ്ററുകളോളം നീണ്ടു. തിരക്ക് നിയന്ത്രിക്കാന്‍ ഇവിടെ പോലിസും വിന്യസിച്ചു. മറ്റു ബാങ്കുകളിലും ഉണ്ടായിരുന്നു പോലിസിന്റെ സാന്നിധ്യം. പാലക്കാട്ടെ ഹെഡ്‌പോസ്റ്റാഫി സില്‍ പണം മാറാനും നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ഇവിടെ നാലായിരം രൂപവരെയാണ് മാറിക്കിട്ടിയത്.  എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇന്നുമുതല്‍ എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ കഴിയുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ മാറി വാങ്ങാമെന്ന് ഉത്തരവുണ്ടെങ്കിലും ജനം തിരക്കുകൂട്ടുകയാണ്. അതേസമയം ബാങ്കുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ പണവുമായി ബന്ധപ്പെട്ടിട്ടുളള പ്രതിസന്ധിക്ക് അയവുവന്നിട്ടുണ്ട്. ആദ്യദിവസം കച്ചവടപ്രതിസന്ധി അനുഭവപ്പെട്ട വ്യാപാര സ്ഥാപനങ്ങളെല്ലാം അതു തരണം ചെയ്തുവരുന്നേയുള്ളൂ. അസാധുവാക്കിയ 500 ഉം 1000ഉം നോട്ടുകള്‍ വാങ്ങാതായതോടെയാണ് കച്ചവടപ്രതിസന്ധി  രൂപംകൊണ്ടത്. ഇന്നലെ നൂറുരൂപയുടെ മറ്റും നോട്ടുകള്‍ സജീവമായതോടെ പഴയനിലയില്‍ കച്ചവടം തിരിച്ചവരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരിക ള്‍. ഇതിനിടയിലും 500, 1000 രൂപയുടെ നോട്ടുകള്‍ എടുക്കില്ലെന്ന് കാണിച്ചിട്ടുള്ള അറിയിപ്പ് മിക്ക സ്ഥാപനങ്ങളിലും ഇന്നലെയും പ്രദര്‍ശിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക