|    Feb 22 Wed, 2017 12:27 pm
FLASH NEWS

നോട്ട് മാറ്റം; ബാങ്കുകളിലും പോസ്റ്റോഫിസുകളിലും വന്‍ തിരക്ക്

Published : 11th November 2016 | Posted By: SMR

തൊടുപുഴ: അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇന്നലെ മുതല്‍ മാറി നല്‍കാന്‍ തുടങ്ങിയതോടെ ജില്ലയിലെ ബാങ്കുകളിലും പോസ്റ്റോഫിസുകളിലും നീണ്ട ക്യൂ.രാവിലെ ഏഴ് മണി മുതല്‍ തന്നെ നോട്ട് മാറാന്‍ എത്തിയവരുടെ വന്‍തിരക്ക് ബാങ്കുകള്‍ക്ക് മുന്നില്‍ ദൃശ്യമായിരുന്നു. എസ്ബിടി,എസ്ബിഐ ബാങ്കുകളുടെ ശാഖകളിലായിരുന്നു തിരക്ക് കൂടുതല്‍. പലയിടങ്ങളിലും തിരക്ക് നിയന്ത്രണാതീതമായതോടെ പോലിസും ബാങ്ക് സെക്യൂരിറ്റിയും ഇടപെടേണ്ടിവന്നു.തിരക്ക് കണക്കിലെടുത്ത് എല്ലാ ബാങ്കുകളിലും അധികംകൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.എസ്ബിടി അടമുള്ള ബാങ്കുകള്‍ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.തൊടുപുഴ എസ്ബിടി ബാങ്കിന്റെ ഗവണ്‍മെന്റ് സെക്ഷനില്‍ പൊതുജനങ്ങള്‍ക്ക് നോട്ട് മാറുന്നതിന് പ്രത്യേക കൗണ്ടര്‍ തുറന്നിരുന്നു.പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷം ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് കാണിക്കുകയും കോപ്പി നല്‍കുകയും ചെയ്യുന്നവര്‍ക്ക് നാലായിരം രൂപ വരെ മാറി നല്‍കുന്നുണ്ട്.പുതിയ രണ്ടായിരം രൂപയുടെ നോട്ടും നൂറിന്റെയും അമ്പതിന്റെയും നോട്ടുകളുമാണ് വിതരണം ചെയ്യുന്നത്.അക്കൗണ്ട് ഉള്ളവര്‍ക്ക് പതിവ് പോലെ ഫോം പൂരിപ്പിച്ച് നല്‍കി ബാങ്കിന്റെ സാധാരണ കൗണ്ടറില്‍ പണം നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാനുള്ള സൗകര്യവുമുണ്ടായിരുന്നു.ഇങ്ങനെ പതിനായിരം രൂപ വരെ പിന്‍വലിക്കാം.തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലെ  എസ്ബിടിയുടെ പ്രധാന ശാഖയില്‍ നിന്നാണ് പരിസരപ്രദേശങ്ങളിലുള്ള 14 എസ്ബിടി ശാഖകള്‍ക്കും മറ്റ് പല ബാങ്കുകള്‍ക്കും  പണം നല്‍കിയത്.ദീര്‍ഘനേരമായി ക്യൂ നില്‍ക്കുന്ന ജനങ്ങളെ അവഗണിച്ച് മറ്റ് ബാങ്കുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് പണം നല്‍കിയത് വാക്കേറ്റത്തിനിടയാക്കി.പോസ്റ്റ് ഓഫിസുകള്‍ വഴി നോട്ടുകള്‍ മാറി കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും പലയിടത്തും പണമെത്തിക്കാത്തതിനാല്‍ ജനം വലഞ്ഞു.വളരെ വൈകിയാണ് ജില്ലയിലെ പല പോസ്റ്റോഫിസുകളിലും പണമെത്തിച്ച് നോട്ടുകള്‍ മാറി നല്‍കിയത്.എന്നാല്‍ പണം നിക്ഷേപിക്കുന്നതിന് തടസമുണ്ടായിരുന്നില്ല.ഉച്ചയോടെ മിക്ക സ്വകാര്യ ബാങ്കുകളിലെ പണവും തീര്‍ന്നു.അതേസമയം സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന ആരോപണമുള്ളതിനാല്‍ ഒരു പണമിടപാടും നടത്തേണ്ടെന്നാണ് നിര്‍ദ്ദേശം.ഇത് ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാന്‍ ശനി,ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇന്ന് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ തിരക്കിന് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് കരുതുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക