|    Mar 24 Sat, 2018 1:46 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നോട്ട് മാറാന്‍ തിക്കും തിരക്കും; ജനം വലഞ്ഞു

Published : 11th November 2016 | Posted By: SMR

കൊച്ചി: ഒരു ദിവസത്തെ കാത്തിരിപ്പിനുശേഷം സംസ്ഥാനത്തെ ബാങ്കുകള്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചതോടെ തങ്ങളുടെ പക്കലുണ്ടായിരുന്ന 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറിവാങ്ങാന്‍ ജനം ബാങ്കുകളിലേക്കൊഴുകി. പത്തുമണിക്കാണ് ബാങ്കുകള്‍ തുറക്കുന്നതെങ്കിലും രാവിലെ ഏഴുമണി മുതല്‍ ബാങ്കിനു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടു. പലയിടങ്ങളിലും ആളുകളെ നിയന്ത്രിക്കാന്‍ പോലിസിനെയും വിന്യസിച്ചിരുന്നു. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ എത്തിയപ്പോള്‍ പോസ്റ്റ് ഓഫിസുകളില്‍ പണമെത്താതിരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.
ചില ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ പ്രവൃത്തിസമയം ആരംഭിച്ച് രണ്ടുമണിക്കൂറോളം കഴിഞ്ഞ് പണമെത്തിയതും 2000, 500 എന്നീ നോട്ടുകള്‍ എത്താതിരുന്നതും പ്രശ്‌നം രൂക്ഷമാക്കി. പണം മാറുന്നതിനും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുമായി എല്ലാ ബാങ്കുകളിലും പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ജോലിക്കുപോലും പോവാതെ ജനങ്ങള്‍ കൂട്ടത്തോടെ ഒഴുകിയെത്തിയപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു പല ബാങ്കുകളിലും ഉദ്യോഗസ്ഥര്‍.
തിരക്ക് കണക്കിലെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉള്‍പ്പെടെയുള്ള പ്രധാന ബാങ്കുകള്‍ റീജ്യനല്‍ ഓഫിസിലെ മുഴുവന്‍ സ്റ്റാഫുകളെയും വിവിധ ബാഞ്ചുകളിലേക്കായി നിയോഗിച്ചിരുന്നു. നിശ്ചിത ഫോറം പൂരിപ്പിച്ച് മാറ്റിവാങ്ങുന്നയാളുടെ തിരിച്ചറിയല്‍ രേഖയുടെ ഒരു ഫോട്ടോ കോപ്പിയും ഫോണ്‍ നമ്പറും നല്‍കിയാലേ പണം മാറ്റി ലഭിക്കുകയുള്ളൂ. കൂടാതെ തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും കൗണ്ടറില്‍ ഹാജരാക്കണം. ചില ബാങ്കുകള്‍ നോട്ട് മാറുന്നതിനായുള്ള സ്ലിപ്പില്‍ നോട്ടിന്റെ സീരീസ് നമ്പര്‍ എഴുതണമെന്ന് നിബന്ധന വച്ചത് ജനങ്ങള്‍ക്കു കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
സ്വന്തം അക്കൗണ്ടിലേക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. പണം പിന്‍വലിക്കുന്നതിനു മാത്രമാണ് ഇപ്പോള്‍ പരിധി നിശ്ചയിച്ചിട്ടുള്ളത്. മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് അയാളുടെ അനുമതിപത്രവും ഐഡിയും ആവശ്യപ്പെട്ടിരുന്നു. ഇത് പല ഉപഭോക്താക്കളെയും ബുദ്ധിമുട്ടിലാക്കി.
ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്ത് പഠിക്കുന്ന മക്കളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനെത്തിയ മാതാപിതാക്കളും വ്യാപാരികളും ഇതോടെ ബുദ്ധിമുട്ടിലായി. സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് നിക്ഷേപകര്‍ക്കായി ഒരു ബ്രാഞ്ചില്‍ തന്നെ മൂന്നും നാലും കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കൈയിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും പല കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. മണിക്കൂറുകളോളമുള്ള ക്യൂ പ്രായമായവര്‍ക്കും കൈക്കുഞ്ഞുമായി എത്തിയവര്‍ക്കും അസ്വസ്ഥതയുണ്ടാക്കി. പലയിടത്തും ബാങ്കധികൃതരും ജനങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. ദിവസം 10,000 രൂപയും ആഴ്ചയില്‍ 20,000 രൂപയും മാത്രമേ ഒരു അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. മിക്ക ബാങ്കുകളില്‍ നിന്നും 20, 50, 100 രൂപ നോട്ടുകളാണ് നല്‍കിയത്. എന്നാല്‍ ചില ബാങ്കുകളില്‍ നിന്ന് നോട്ട് മാറ്റിവാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ നോട്ടുകളും ലഭിക്കുന്നുണ്ട്.
എടിഎം കൗണ്ടറുകളില്‍നിന്ന് ഇന്നു മുതല്‍ 100 രൂപയുടെ നോട്ടുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും ബാങ്ക് അധികൃതര്‍ പറഞ്ഞു. രാവിലെ 11 മണിയോടെ തന്നെ മുഴുവന്‍ എടിഎമ്മുകളും പ്രവര്‍ത്തനസജ്ജമാവുമെന്നാണ് പ്രതീക്ഷയെന്നും എസ്ബിഐ അധികൃതര്‍ പറഞ്ഞു.  ഒരു ദിവസം 2000 രൂപ വരെ മാത്രമേ ഇപ്പോള്‍ എടിഎം വഴി പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. 2000 രൂപയുടെ നോട്ടുകള്‍ എടിഎം വഴി ലഭിക്കാന്‍ താമസം ഉണ്ടാവുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
അതേസമയം, നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വൈദ്യുതി ബില്ലടയ്ക്കാനുള്ള തിയ്യതി ഈ മാസം 17 വരെ നീട്ടി. അതുവരെ  ബില്ല് അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss