|    Feb 23 Thu, 2017 5:36 pm

നോട്ട് മാറാന്‍ ഇന്നലെയും വന്‍ തിരക്ക് ; എടിഎമ്മുകള്‍ ഭാഗികമായി തുറന്നു

Published : 14th November 2016 | Posted By: SMR

കാസര്‍കോട്: അസാധുവാക്കിയ നോട്ടുകള്‍ മാറ്റാനുള്ള തിരക്കിനു അവധി ദിനത്തിലും മാറ്റമുണ്ടായില്ല. രാവിലെ മുതല്‍തന്നെ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും നീണ്ട നിര പ്രത്യക്ഷപ്പെട്ടു. പല ബാങ്കുകളിലും ഉച്ചയോടുകൂടി തന്നെ പണം തീര്‍ന്നിരുന്നു. ചില ദേശസാല്‍കൃത ബാങ്കുകള്‍  നൂറുപേര്‍ക്കുള്ള ടോക്കന്‍ മാത്രമാണ് അനുവദിച്ചത്. ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവരുടെ പണം മാറ്റിനല്‍കാന്‍ തയാറാകാത്തത് വാക്കേറ്റത്തിനും ബഹളത്തിനും ഇടയാക്കി.ചില സഹകരണ ബാങ്കുകള്‍ സ്വന്തക്കാര്‍ക്കു മാത്രം വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.  കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസില്‍ ഇന്നലെയും പണം മാറാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.എന്നാല്‍ ഉച്ചയോടുകൂടി തന്നെ പണം തീര്‍ന്നതായി അറിയിച്ചതോടെ  മണിക്കൂറുകളോളം വെയിലേറ്റ നീണ്ട ക്യുവില്‍ നിന്നവര്‍ നിരാശരായി മടങ്ങുകയായിരുന്നു. പോസ്റ്റ് ഓഫീസുകളില്‍ എല്ലാ ദിവസവും രാവിലെ പതിനൊന്നോടെ  എത്തുന്ന പണം രണ്ടോടെ തീരുന്നത് ദൂരെ സ്ഥലങ്ങളില്‍ നിന്നും പണം മാറാന്‍ എത്തുന്നവര്‍ക്ക് കടുത്ത ദുരിതത്തിലാക്കി. ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും അസാധുവായ നോട്ടിനു പകരം രണ്ടായിരം രൂപയുടെ നോട്ടു നല്‍കുന്നത് ജനങ്ങളെ വട്ടം ചുറ്റിക്കുന്നു. ഈ നോട്ടുമായി നിത്യോപയോഗ സാധനം വാങ്ങാന്‍ കടകളില്‍ എത്തിയാല്‍  ചില്ലറയില്ല എന്ന പല്ലവിയാണ് കേള്‍കേണ്ടിവരുന്നത്. അഞ്ചു മണിക്കൂര്‍ ക്യു നിന്ന് അസാധുവായ നോട്ടിന് പകരം കിട്ടിയ  രണ്ടായിരം രൂപയുടെ രണ്ടു നോട്ടുമായി നഗരം ചുറ്റിയാലും ചില്ലറ കിട്ടാതെ വീട്ടിലേക്കു പോകേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. കാസര്‍കോട് കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ നഗരങ്ങളില്‍ രണ്ടായിരം രൂപയുമായി സാധാരണക്കാരന്റെ ഒരു ഇടപാടും നടക്കാത്ത സ്ഥിതിയാണ്. ആയിരത്തി അഞ്ചൂറ് രൂപയുടെ എങ്കിലും സാധനം വാങ്ങിയാല്‍ മാത്രമാണ് രണ്ടായിരം രൂപ ചിലവഴിക്കാന്‍ പറ്റുന്നത്. രണ്ടായിരം രൂപയ്ക്ക് ആയിരത്തി അറുനൂറു രൂപ നല്‍കുന്ന  ചില വിരുതന്മാരും നഗര പ്രദേശങ്ങളില്‍ സജീവമാണ്. ചില്ലറ കിട്ടാതെ നിരാശരാകുന്നവര്‍ ഒടുവില്‍ ഇവരുടെ കെണിയില്‍ അകപ്പെടുകയാണ്. ബാറുകളിലും ചില സ്ഥാപനങ്ങളിലും പഴയ നോട്ടുകള്‍ വാങ്ങുന്നുണ്ടെങ്കിലും  അ്ഞ്ഞൂറ് രൂപയോ  ആയിരം രൂപയോ ചിലവഴിക്കണം എന്നാണ് വ്യവസ്ഥ. അഞ്ഞൂറ് രൂപയുടെ പഴയ നോട്ടുകള്‍ വാങ്ങിയാലും ചില്ലറയില്ലാത്തനിനാല്‍ രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. വിവാഹത്തിനും മറ്റും ബാങ്കില്‍ പണം ഡെപോസിറ്റു ചെയ്തവരും വീട്ടില്‍ പണം സൂക്ഷിച്ചു വച്ചവരും വിവാഹത്തലേന്നു പോലും പണത്തിനായി ഓടുന്ന കാഴ്ചയാണ്. എടിഎമ്മുകളിലും നേരത്തേ പണം തീര്‍ന്നതിനാല്‍ സാധാരണക്കാര്‍ ദുരിതത്തിലായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക