|    Feb 22 Wed, 2017 11:55 pm
FLASH NEWS

നോട്ട് മാറാനായി മണിക്കൂറുകളോളം ക്യൂ നിന്നവര്‍ നിരാശരായി മടങ്ങി

Published : 11th November 2016 | Posted By: SMR

കാസര്‍കോട്: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷമുള്ള ബാങ്കുകളുടെ ആദ്യ പ്രവൃത്തി ദിനമായ ഇന്നലെ ഇടപാടുകള്‍ താളം തെറ്റി. അതിരാവിലെ മുതല്‍ പണം മാറാന്‍ എത്തിയവരുടെ നീണ്ട ക്യൂ ആയിരുന്നു ജില്ലയിലെ എല്ലാ ദേശസാല്‍കൃത ബാങ്കുകളിലും. നിലവിലുള്ള 500, 1000 രൂപയുടെ നോട്ടുകള്‍ ഡിസംബര്‍ 30നകം മാറ്റണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ജനങ്ങള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും എത്തിയത്. ബാങ്കുകളില്‍ രാവിലെ തന്നെ മാറ്റി നല്‍കാന്‍ തുടങ്ങിയെങ്കിലും പോസ്റ്റ് ഓഫിസുകളില്‍ 12 മണിയോടെയാണ് പണം എത്തിയത്. എന്നാല്‍ ഉച്ചയ്ക്ക് രണ്ട് വരെ ക്യൂ നിന്നവര്‍ക്ക് മാത്രമേ പണം മാറ്റി നല്‍കാനായുള്ളു. ബാങ്കുകളില്‍ നിന്ന് 2000 രൂപയുടെ പുതിയ നോട്ടുകളും 2000 രൂപയുടെ പത്ത് രൂപയുടെ നാണയങ്ങളുമാണ് നല്‍കിയത്. 4000 രൂപയാണ് ഒരാള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ നോട്ട് മാറാനാവാത്തതിനാല്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടി. 500ന്റെ പുതിയ നോട്ട് ഇറക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. പല ബാങ്കിലും ഉച്ചയോടെ പണം തീര്‍ന്നതറിഞ്ഞ് മാറ്റാന്‍ എത്തിയവര്‍ ബഹളം വെക്കുകയായിരുന്നു. ദേശസാല്‍കൃത ബാങ്ക് കുറവായ ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ ഉള്ളവരും അതിര്‍ത്തി പ്രദേശങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടിയത്. 30-40 കിലോമീറ്ററുകള്‍ സഞ്ചരിച്ച് പണം മാറ്റാനാവാതെ പലരും നിരാശരാവുകയായിരുന്നു. മക്കളുടെ വിവാഹത്തിനും വീട് നിര്‍മാണത്തിനും ബാങ്കില്‍ പണം നിക്ഷേപിച്ചവരും വലഞ്ഞിട്ടുണ്ട്. ഞായറാഴ്ച വിവാഹം നടക്കേണ്ട ഒരു കുട്ടിയുടെ രക്ഷിതാവ് സര്‍ക്കാര്‍ ഇടപെടലിനെതിരെ പൊട്ടികരഞ്ഞുകൊണ്ടാണ് പ്രതികരിച്ചത്. ബാങ്കുകളില്‍ ഇന്നലെ മറ്റ് ഇടപാടുകള്‍ക്കായി എത്തിയവര്‍ ബാങ്കിനകത്ത് കയറാതെ തിരിച്ചുപോവുകയായിരുന്നു. കഴിഞ്ഞ ആഴ്ച ജോലിയെടുത്ത് കൂലിയായി ലഭിച്ച 500, 1000 രൂപ നോട്ടുകളായി പണം ലഭിച്ചവര്‍ നോട്ട് മാറാന്‍ ഓടി നടക്കുന്ന കാഴ്ചയാണ് നഗരത്തിലെല്ലാം കാണാനായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 500 രൂപ എടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില്ലറയില്ലെന്ന് പറഞ്ഞ് സാധാരണക്കാരെ തിരിച്ച് അയക്കുകയായിരുന്നു. അനാഥരും വൃദ്ധരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ ബാങ്കുകളുടെയും പോസ്റ്റോഫ് ഓഫിസിന്റെയും മുന്നില്‍ കൈയ്യിലുള്ള പണവുമായി കാത്തു നില്‍ക്കുന്നത് കാഴ്ചയായിരുന്നു. വ്യാഴാഴ്ച മുതല്‍ നാലായിരം രൂപ വരെ പോസ്റ്റ് ഓഫിസ് വഴിയും ബാങ്കുകള്‍ വഴിയും മാറ്റാനുള്ള സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ആവശ്യത്തിന് പണം എത്തിക്കാത്തതിനാല്‍ പണം മാറാന്‍ എത്തിയ ഭൂരിഭാഗം ആളുകള്‍ക്കും നിരാശയായിരുന്നു. പണം മാറ്റാനുള്ള ഫോറം പൂരിപ്പിക്കാന്‍ അറിയാത്തതിനാല്‍ വൃദ്ധരും നിരക്ഷരരുമായ ആളുകള്‍ കടകളിലും അക്ഷയ കേന്ദ്രങ്ങളിലും കയറി ഇറങ്ങി. വഴിചിലവിന് പോലും 100 രൂപയും 50 രൂപയും കൈയ്യില്‍ ഇല്ലാത്തവര്‍ ഏറെ ബുദ്ധിമുട്ടി. ജില്ലയിലെ പ്രധാന വിപണികളില്‍ പേരിന് പോലും ഇന്നലെ കച്ചവടം നടന്നില്ല. പണത്തെ കുറിച്ചുള്ള ആശങ്ക ഗ്രാമങ്ങളിലെ ചെറിയ കടകളെ പോലും ബാധിച്ചു. അന്നന്നത്തെ ആവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങുന്ന സാധാരണക്കാര്‍ പണത്തിന്റെ വിനിമയം നടക്കാത്തതിനാല്‍ പട്ടിണിയിലായി. നഗരങ്ങളില്‍ തിരക്ക് കുറവായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക