|    Jun 25 Mon, 2018 2:14 am
FLASH NEWS

നോട്ട് മരവിപ്പിക്കലില്‍ വലഞ്ഞ് പൊതുജനം

Published : 11th November 2016 | Posted By: SMR

കോഴിക്കോട്: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബാങ്കുകള്‍ സജീവമായതോടെ ഇന്നലെ പഴയ കറന്‍സികള്‍ മാറാനായി വന്‍ജനത്തിരക്ക് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക കൗണ്ടറുകളും ജീവനക്കാരെയും ഏര്‍പ്പാടാക്കുമെന്ന് നേരത്തെ മാധ്യമങ്ങളിലൂടെ അധികൃതരുടെ അറിയിപ്പുണ്ടായിരുന്നെങ്കിലും മിക്ക ബാങ്കുകളിലെയും ശാഖകളില്‍ ആവശ്യത്തിന് ജീവനക്കാരുണ്ടായിരുന്നില്ല. ഉച്ചയോടെ പല ബാങ്കുകളിലും സംഭരിച്ചിരുന്ന പണം തീര്‍ന്നു പോയതോടെ ജീവനക്കാരും ജനങ്ങള്‍ക്കു മുമ്പില്‍ നിസ്സഹായരായി. കോഴിക്കോട് മാനാഞ്ചിറ എസ്ബിഐയില്‍ രാവിലെ മുതല്‍ തിക്കും തിരക്കുമായിരുന്നു. പോലിസ് തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ടു. ബാങ്ക് ജീവനക്കാര്‍ പിന്നീട് ടോക്കണ്‍ സിസ്റ്റം ഏര്‍പ്പെടുത്തി. എസ്ബിടി അടക്കമുള്ള എല്ലാ ബാങ്കുകളിലും നോട്ടുകള്‍ മാറ്റിവക്കാമെന്നാണു പറഞ്ഞിരുന്നതെങ്കിലും പല ബാങ്കുകാരും അവിടെ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ നോട്ടുകള്‍ മാറ്റി നല്‍കിയുള്ളു. ഇതറിയാതെ ടോക്കണ്‍ എടുത്ത് നീണ്ട വരിയില്‍ മണിക്കൂറുകള്‍ നിന്ന ശേഷം കാഷ് കൗണ്ടറില്‍ എത്തിയപ്പോഴാണ് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കേ പണം നല്‍കൂ എന്നറിയിച്ചത്. സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്നാണ് ആദ്യം അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ നഗരപ്രാന്ത പ്രദേശങ്ങളില്‍ നിന്നും മലയോര മേഖലകളില്‍ നിന്നുള്ള കര്‍ഷകരടക്കം നഗരബാങ്കുകളിലേക്ക് പ്രവഹിച്ചതും ബാങ്കുകളിലെ തിരക്കിന് ആക്കം കൂട്ടി. അതേസമയം, പഴയ കറന്‍സിക്ക് പകരമായി വിതരണം ചെയ്ത പുതിയ 2000 നോട്ടും ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടില്ല. ഈ പണം ഉപയോഗിച്ച് ഒന്നും വാങ്ങാന്‍ കഴിഞ്ഞില്ല. ബാക്കി നല്‍കാന്‍ വ്യാപാര സ്ഥാപനങ്ങളിലും ചെറിയ നോട്ടുകള്‍ ഇല്ലാതിരുന്നത് ശരിക്കും ജനങ്ങളെ വലച്ചു. 500, 1000 രൂപ മാത്രം മാറാന്‍ വന്ന ഉപഭോക്താക്കളെയും പല ബാങ്കുകളും മടക്കി അയക്കുന്നുണ്ടായിരുന്നു. വലിയ തുക സ്വീകരിച്ച് പുതിയ 2000 രൂപ ഉള്‍പ്പെടുത്തിയാണ് ബാങ്കുകള്‍ നോട്ട് മാറ്റി നല്‍കിയത്. പലയിടങ്ങളിലും ഡെപ്പോസിറ്റ് ചെയ്യാനും ഇന്നലെ പഴയകറന്‍സി മാറാനും എത്തിയവര്‍ വരികളറിയാതെ നിന്നതോടെ ബഹളമായി. അക്കൗണ്ടുള്ള ബാങ്ക് ബ്രാഞ്ചുകളിലൂടെ മാത്രം 25,000 രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കണമെന്ന അറിയിപ്പും വന്നതോടെ ജനം നെട്ടോട്ടമായി. ചില ഇടങ്ങളില്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ കുറഞ്ഞ ആളുകളെയാണ് പല ഓഫിസുകള്‍ക്കുള്ളിലും പ്രവേശിപ്പിച്ചത്. അകത്തു കയറിയവര്‍ പുറത്തിറങ്ങിയിട്ടാണ് മറ്റ് ആളുകളെ പ്രവേശിപ്പിച്ചത്. ഇന്നലെ കറന്‍സി മാറാനായി എത്തിയവരില്‍ വീട്ടമ്മമാരും ഉദ്യോഗസ്ഥരും അന്യസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. ആദ്യം നൂറിന്റെ കറന്‍സികളാണ് നല്‍കിയിരുന്നെങ്കില്‍ ഉച്ചയായതോടെ രണ്ടായിരത്തിന്റെ നോട്ടുകളും വിതരണം ചെയ്ത് തുടങ്ങി. എടിഎമ്മുകള്‍ ഇന്നലെയും പ്രവര്‍ത്തിച്ചില്ല.100, 50 രൂപ നോട്ടുകള്‍ നഗരത്തില്‍ നിന്നും മുഴുവനായും ഉള്‍വലിഞ്ഞ അവസ്ഥയാണ്. കഴിഞ്ഞ രണ്ടു ദിവസമായി പാളയം, നടക്കാവ്, മീഞ്ചന്ത, മാവൂര്‍റോഡ്, മിഠായിതെരുവ് ഭാഗങ്ങളിലെ വ്യാപാര മേഖലയില്‍ ക്രയവിക്രയങ്ങളില്‍ മാന്ദ്യതയനുഭവപ്പെട്ടു. നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്കും വില്‍പന പാതിയായി കുറഞ്ഞിട്ടുണ്ട്. നോട്ടുകള്‍ മാറ്റികിട്ടാനുള്ള പെടാപാട് ഇനി എന്നവസാനിക്കുമെന്ന മാനസിക സംഘര്‍ഷത്തിലാണ് ജനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss