|    Jun 18 Mon, 2018 11:10 pm
Home   >  Todays Paper  >  page 7  >  

നോട്ട് പ്രശ്‌നം: എന്‍ഡിഎയില്‍ ഭിന്നത; തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി

Published : 15th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് എന്‍ഡിഎ സഖ്യകക്ഷിയായ അകാലിദള്‍. കള്ളപ്പണം തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം ഫലം കാണാന്‍ പോകുന്നില്ലെന്ന് അകാലിദള്‍ നേതാവും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബിര്‍ ബാദല്‍ പറഞ്ഞു.
പ്രതിദിനം 4000 അല്ലെങ്കില്‍ 4500 രൂപ മാത്രമേ പിന്‍വലിക്കാവൂ എന്ന നിബന്ധന പ്രായോഗികമല്ല. ഈ പരിധി ഉയര്‍ത്തണം. സഹകരണ ബാങ്കുകളുടെ സഹായം കൂടി പ്രശ്‌നപരിഹാരത്തിനായി പരിഗണിക്കണം. വിവാഹ സീസണ്‍ ആയതിനാല്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ശിവസേനയും തീരുമാനത്തെ പരസ്യമായി എതിര്‍ത്തിരുന്നു.
അതേസമയം, നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിനോടൊപ്പമാണെന്നും നടപടി പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും മോദി. ബിജെപിയിലെ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നോട്ടുകള്‍ അസാധുവാക്കിയ നടപടിക്കെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനത്തെ തള്ളി മോദി സംസാരിച്ചത്.
ബിജെപി പ്രസിഡന്റ് അമിത്ഷാ, മുതിര്‍ന്ന മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, മുതിര്‍ന്ന നേതാവ് അഡ്വാനി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷം സംയുക്തമായി നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കാന്‍ നേതാക്കള്‍ യോഗം ചേര്‍ന്നതും അതേസമയത്തു തന്നെയാണ്.
അതിനിടെ, പാവപ്പെട്ടവര്‍ ശാന്തരായി ഉറങ്ങുന്നുവെന്നും പണക്കാര്‍ക്ക് ഉറങ്ങാന്‍ ഉറക്കഗുളിക വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങള്‍ ഉറങ്ങുന്നത് ഏതു ക്ഷീരപഥത്തിലാണെന്നു പ്രതിപക്ഷം. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെച്ചൊല്ലി പ്രധാനമന്ത്രിയും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തിലാണ് മോദി നോട്ടുകള്‍ അസാധുവാക്കിയതിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരേ തിരിഞ്ഞത്.
പ്രധാനമന്ത്രി സാധാരണക്കാരെ അപമാനിക്കുകയാണെന്ന് ഇതിനു മറുപടിയായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു. നടപടി പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ബുധനാഴ്ച സര്‍ക്കാരിനെതിരേ റാലി നടത്താനുള്ള തയ്യാറെടുപ്പിലാണ് അവര്‍. സര്‍ക്കാരിനെതിരേ യോജിച്ചുള്ള പ്രക്ഷോഭത്തിന് അവര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കഴിഞ്ഞ ദിവസം ഫോണിലൂടെ ക്ഷണിച്ചിരുന്നു.
മമത വിളിച്ച കാര്യം യെച്ചൂരിയും സ്ഥിരീകരിച്ചു. പാവപ്പെട്ടവര്‍ ശാന്തരായി ഉറങ്ങുന്നുവെന്നും പണക്കാര്‍ക്ക് ഉറങ്ങാന്‍ ഉറക്കഗുളിക വേണമെന്നുമുള്ള മോദിയുടെ പ്രസംഗം കേട്ടു. മോദിയുടെ ക്ഷീരപഥം യാഥാര്‍ഥ്യത്തില്‍ നിന്ന് അകലെയാണെന്നാണ് എനിക്ക് തോന്നുന്നത്. 10 മാസം മുമ്പ് ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ജനങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണ്? നാലു ദിവസം കൊണ്ട് തനിക്ക് 2000 രൂപയുടെ ഒരു നോട്ട് കിട്ടിയെന്നും അത് ആരും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണം വാങ്ങാനോ തീവണ്ടി ടിക്കറ്റ് എടുക്കാനോ തെരുവോരത്തുനിന്ന് ഒരു കാപ്പി കുടിക്കാനോ അതുകൊണ്ട് സാധിക്കുന്നില്ല- അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ ഉറങ്ങുകയല്ല, അവര്‍ ക്യൂവില്‍ നില്‍ക്കുകയാണ് എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. പ്രതിപക്ഷ കക്ഷികള്‍ നാളെ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
നെഹ്‌റുവിന്റെ ജന്മദിനത്തില്‍ ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ്സിനെയും മോദി വിമര്‍ശിച്ചു. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് 19 മാസക്കാലമാണ് രാജ്യത്തെ തടവിലാക്കിയത്. രാജ്യനന്മയ്ക്കു വേണ്ടി 50 ദിവസം കഷ്ടപ്പാട് സഹിക്കാനാണ് ഞാന്‍ ആവശ്യപ്പെടുന്നത്- അടിയന്തരാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. നെഹ്‌റുവിന്റെ കാലത്ത് ചെയ്യാതെപോയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും അതിനു കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കിയ നടപടി, കടുപ്പമുള്ള ചായ കുടിക്കുന്നതുപോലെയാണ് ജനങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss