|    Feb 24 Fri, 2017 7:21 am

നോട്ട് പ്രതിസന്ധി: ഹര്‍ത്താലിന് എസ്ഡിപിഐ പിന്തുണ

Published : 26th November 2016 | Posted By: SMR

SDPI-mirror

കോഴിക്കോട്: കേരള ഹര്‍ത്താലില്‍ സജീവ പങ്കാളികളാവുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. 28ന് വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ ദിനം വിജയിപ്പിക്കാന്‍ എസ്ഡിപിഐ കേന്ദ്ര കമ്മിറ്റി  ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് സ്‌റ്റേഡിയം ജങ്ഷനില്‍ നിന്ന് കിഡ്‌സണ്‍ കോര്‍ണറിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. കാര്യക്ഷമമായ സംവിധാനം ഉണ്ടാക്കാതെ 500ന്റെയും 1000ത്തിന്റെയും കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.
മൊത്തം കറന്‍സിയുടെ 86 ശതമാനമാണ് ഒറ്റരാത്രിക്കൊണ്ട് അസാധുവാക്കിയത്. ഇത് കള്ളപ്പണവും കള്ളനോട്ടും തടയാന്‍ വേണ്ടിയാണെന്ന പ്രധാനമന്ത്രിയുടെ വാദം ബാലിശവും എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനവുമാണ്.  ബാങ്ക് സര്‍വറുകള്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഏത് നിമിഷവും മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബ്ലോക്ക് ചെയ്യാനും രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്താനും സാധിക്കും. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന പൗരസ്വാതന്ത്ര്യം തകര്‍ക്കുന്നതിനും ഏത് നിമിഷവും ചില സ്വകാര്യ കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലേക്കും അടിമത്തത്തിലേക്കും രാജ്യം കൂപ്പുകുത്തുന്നതിനും ഇടയാക്കും. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡില്‍ അജണ്ടവച്ച് ചര്‍ച്ചചെയ്തിട്ടാണ് നോട്ട് പിന്‍വലിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. റിസര്‍വ് ബാങ്ക് മെംബര്‍മാരായ 21 പേരില്‍ നാലുപേര്‍ രാജ്യത്തെ വമ്പന്‍ സ്വകാര്യസ്ഥാപനങ്ങളുടെ തലപ്പത്ത് ഇരിക്കുന്നവരാണ്. ഇവരെല്ലാം മുന്‍കൂട്ടി അറിഞ്ഞു നടപ്പാക്കിയ ഒരു നടപടിയാണ് അതീവ രഹസ്യമെന്ന പ്രതീതിയുണ്ടാക്കി പെട്ടെന്ന് പ്രഖ്യാപിച്ച് സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയത്. സാധാരണ ജനങ്ങള്‍ക്കല്ല കുത്തകകളുടെ താല്‍പര്യസംരക്ഷണത്തിനാണ് മോദി ഭരണമുപയോഗിക്കുന്നതെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.
ഇതിനെതിരേ ശക്തമായ ജനകീയചെറുത്ത്‌നില്‍പ്പ് അനിവാര്യമാണെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 475 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക