|    Jun 21 Thu, 2018 2:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോട്ട് പ്രതിസന്ധി : സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു: ധനമന്ത്രി

Published : 19th January 2017 | Posted By: fsq

 

തിരുവനന്തപുരം: നോട്ട് പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ ഇടിവുണ്ടാക്കിയതായി ധനമന്ത്രി തോമസ് ഐസക്. 20 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. എന്നാലിത് 10 ശതമാനത്തില്‍ താഴെയായി ചുരുങ്ങിയേക്കും. നോട്ടില്ലാത്തതുകൊണ്ട് വികസനപ്രവര്‍ത്തനങ്ങളൊന്നും നടക്കാത്തതിനാല്‍ സര്‍ക്കാര്‍ ചെലവ് ഗണ്യമായി കുറഞ്ഞെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം കേസരിയില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ പദ്ധതികള്‍ ആരംഭിച്ചിട്ടില്ലെങ്കില്‍ ഇനി തുടങ്ങേണ്ടതില്ലെന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷത്തെ പദ്ധതികള്‍ അടുത്ത സാമ്പത്തികവര്‍ഷം നടപ്പാക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. ജിഎസ്ടി നിലവില്‍ വരുന്നതോടെ സേവനങ്ങളുടെയും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെയും നികുതി വരുമാനത്തിന്റെ ഒരുഭാഗം സംസ്ഥാനത്തിനുള്ളതാണ്. നികുതിയിനത്തില്‍ 20 ശതമാനത്തിന്റെയെങ്കിലും വര്‍ധനവ് ജിഎസ്ടിയിലൂടെ കേരളത്തിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടിയിലൂടെ ഉദ്യോഗസ്ഥ കേന്ദ്രീകൃത ഇടപെടലുകള്‍ കുറച്ച് അഴിമതി തടയാനാവും. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി വലിയ നേട്ടമുണ്ടാക്കുമ്പോള്‍ ഉല്‍പാദന സംസ്ഥാനങ്ങള്‍ക്ക് വലിയ മെച്ചമില്ല. അതിനാലാണ് ചില സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ട നീതി ആയോഗിന്റെ നിര്‍ദ്ദേശം ഫെഡറിലസത്തിന് എതിരാണെന്നും ധനമന്ത്രി പഞ്ഞു.  ഗ്രാമസഭകള്‍ എന്തെന്നു നീതി ആയോഗിനറിയില്ല. ഗ്രാമസഭകളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ രൂപീകരിക്കുന്നത് പഞ്ചായത്തുകളാണ്. വെറും ഉപദേശക സമിതി മാത്രമായ നീതി ആയോഗിന് ഇത്തരത്തിലുളള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അര്‍ഹതയില്ലെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss