|    May 23 Wed, 2018 2:48 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നോട്ട് പ്രതിസന്ധി: പ്രവാസികളില്‍ നിന്നുള്ള പണം വരവ് കുറയുന്നു

Published : 22nd November 2016 | Posted By: SMR

45

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫില്‍ നിന്നു സംസ്ഥാനത്തേക്കുള്ള പണം വരവ് ഗണ്യമായി കുറഞ്ഞതായി ബാങ്ക് വൃത്തങ്ങള്‍. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 100 കോടി രൂപയുടെ കമ്മിയുണ്ടായതായാണ് വെളിപ്പെടുത്തല്‍. വരുംദിവസങ്ങളിലും പണം വരവ് കുറയുമെന്നാണു സൂചന.. പതിനായിരക്കണക്കിനു പ്രവാസികളാണ് യാത്ര മാറ്റിവച്ച തെന്ന് ഗള്‍ഫ് കുടുംബങ്ങള്‍ പറയുന്നു. നാട്ടിലെത്തിയവര്‍ തന്നെ ഒന്നും രണ്ടും മാസത്തെ അവധി കാലാവധി വെട്ടിക്കുറച്ച് എത്രയും പെട്ടെന്ന് തിരിച്ചുപോവാനുള്ള തയ്യാറെടുപ്പിലാണ്
നാട്ടില്‍ വീട് പണിയാനും ചികില്‍സയ്ക്കും വിവാഹത്തിനും പണം സ്വരൂപിച്ച് എന്‍ആര്‍ഐ അക്കൗണ്ടില്‍ നിക്ഷേപിച്ച പ്രവാസി കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. ചെക്കുമായി ബാങ്കിലെത്തിയാല്‍ പണമില്ലെന്നു പറഞ്ഞ് മാനേജര്‍മാര്‍ കൈമലര്‍ത്തുന്ന അവസ്ഥയാണുള്ളത്. അക്കൗണ്ടില്‍ പണമുണ്ടായിട്ടും അവര്‍ക്കു നല്‍കാന്‍ കഴിയാത്ത ദുരവസ്ഥ. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞ് നാട്ടില്‍ വരാനിരുന്നവര്‍പോലും പുതിയ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവയ്ക്കുകയാണ്.
ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളുടെ വരവില്‍ വന്‍തോതില്‍ കുറവുണ്ടായതായി വിമാന ടിക്കറ്റ് ബുക്കിങ് ഏജന്‍സികള്‍ പറയുന്നു. ടിക്കറ്റിന് ഏറ്റവും കുറഞ്ഞ നിരക്കുള്ള കാലമായിട്ടും യാത്രക്കാര്‍ വളരെ കുറവാണെന്നാണ് നെടുമ്പാശ്ശേരിയും കരിപ്പൂരും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. 200ഉം 300ഉം യാത്രക്കാരെ കൊള്ളുന്ന വിമാനങ്ങള്‍ വിവിധ ഗള്‍ഫ് നഗരങ്ങളില്‍ നിന്നു പകുതി മാത്രം യാത്രക്കാരുമായാണ് നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങുന്നത്. കരിപ്പൂരിലെത്തുന്ന ചെറിയ വിമാനങ്ങളിലും യാത്രക്കാര്‍ കുറവാണ്.  പ്രവാസി പണം വരവിന്റെ അടിസ്ഥാനത്തി ല്‍ മാത്രം നാട്ടില്‍ നടന്നുവന്ന ബിസിനസുകളെല്ലാം വന്‍ തളര്‍ച്ചയിലാണ്. നോട്ട് പ്രതിസന്ധി വന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയും മറ്റു വ്യാപാരങ്ങളുമെല്ലാം വലിയ പ്രതിസന്ധിയിലാണ്.
ചികില്‍സയ്ക്കും ഓപറേഷനും നാട്ടില്‍ വരേണ്ടവര്‍പോലും പ്രത്യേക പശ്ചാത്തലത്തില്‍ യാത്ര മാറ്റിവയ്ക്കുകയാണ്. രൂപയുടെ മൂല്യം കുറഞ്ഞതിനാല്‍ കഴിഞ്ഞ മൂന്നുമാസം പ്രവാസികള്‍ വലിയതോതില്‍ നാട്ടിലേക്ക് പണമയച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈ, ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ സംസ്ഥാനത്തേക്ക് ഗള്‍ഫില്‍ നിന്ന് 1,274 കോടി രൂപ കൂടുതലായി എത്തിയിരുന്നു. വരും മാസങ്ങളിലും വന്‍തോതില്‍ പണം വരുകയും വ്യാപാര-വ്യവസായ-നിര്‍മാണ മേഖലകളില്‍ വന്‍ പുരോഗതി ഉണ്ടാവുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി നോട്ട് പ്രതിസന്ധി വന്നത്. അതോടെ എല്ലാം താളംതെറ്റി. അടിയന്തര ആവശ്യത്തിനു വേണ്ടി മാത്രമാണ് ഇപ്പോള്‍ പ്രവാസി കുടുംബങ്ങള്‍ പണം ചെലവഴിക്കുന്നത്. പ്രവാസികളുടെ നിക്ഷേപങ്ങള്‍ വന്‍തോതില്‍ സഹകരണ ബാങ്കുകളിലാണെന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
സഹകരണ ബാങ്കുകളിലെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയാതെ പതിനായിരക്കണക്കിനു പ്രവാസികളാണ് കഷ്ടത്തിലായിരിക്കുന്നത്. വീട് നിര്‍മാണത്തിനും മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമെല്ലാം പണം നിക്ഷേപിച്ചവര്‍ വലിയ ദുരിതത്തിലാണ്. ഗള്‍ഫ് പണത്തിന്റെ വരവില്‍ വലിയ കുറവുണ്ടായതായി മലപ്പുറത്തെ ലീഡ് ബാങ്ക് വൃത്തങ്ങള്‍ ശരിവച്ചു.
നോട്ട് പ്രതിസന്ധി അവസാനിക്കുന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഈ പ്രവണത തുടരും. എന്‍ആര്‍ഐക്കാരെയും വിദേശികളെയും മാത്രം മുന്നില്‍ക്കണ്ട് ആരംഭിച്ച മലബാറിലെ സുഖചികില്‍സാ കേന്ദ്രങ്ങളും നോട്ട് പ്രതിസന്ധിയോടെ കടുത്ത അരക്ഷിതാവസ്ഥയിലാണ്. ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss