|    Feb 20 Mon, 2017 7:23 pm
FLASH NEWS

നോട്ട് പ്രതിസന്ധി തീരുന്നില്ല

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് മാറാനും അക്കൗണ്ടില്‍നിന്ന് പണമെടുക്കാനും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുമുള്ള ബുദ്ധിമുട്ട് ഇന്നലെയും തുടര്‍ന്നു. നഗരങ്ങളിലെ എസ്ബിടി, എസ്ബിഐ ബാങ്കിന് മുന്നിലെ ക്യൂവിന് അയവുണ്ടായെങ്കിലും നാട്ടിന്‍പുറത്തെ ബാങ്കുകളില്‍ ക്യൂവിന് കുറവൊന്നുമുണ്ടായില്ല. മാത്രവുമല്ല; അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാനുള്ള തുകയും ബാങ്കുകള്‍ പരിമിതപ്പെടുത്തി. 10,000 രൂപ ചെക്ക് വഴി പിന്‍വലിക്കാന്‍ ബാങ്കിലെത്തിയവര്‍ക്ക് പകുതിയാണ് ലഭിച്ചത്. ബാങ്കില്‍ കാശില്ലാത്തതാണ് കാരണം. ഇവരോട് രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വന്ന് ബാക്കി തുക വാങ്ങാനാണ് നിര്‍ദേശം. കിട്ടിയതാവട്ടെ 2000 നോട്ടും. 100 രൂപ കിട്ടാത്തതും പുതിയ 500 രൂപ ഇനിയും ലഭ്യമാവാത്തതും പ്രതിസന്ധി സങ്കീര്‍ണമാക്കുകയാണ്. ബാങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എടിഎമ്മില്‍നിന്നു മാത്രമാണ് പലര്‍ക്കും തുക ലഭ്യമായുള്ളു. പൊതുമേഖലയിലെ ചെറുബാങ്കുകളുടെയും ന്യൂജെന്‍ ബാങ്കുകളുടെയും എടിഎം പൂര്‍ണ തോതില്‍ ഇനിയും പ്രവര്‍ത്തനക്ഷമമായിട്ടില്ല. 2000 നോട്ട് ക്രമീകരിക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് വിനയാവുന്നത്.അതേസമയം, അസാധുവായ നോട്ട് മാറ്റിവാങ്ങാനെത്തുന്നവരുടെ കൈയില്‍ മഷിപുരട്ടുമെന്ന കേന്ദ്ര നിര്‍ദേശം ഇന്നലെ സംസ്ഥാനത്ത് നടപ്പായില്ല. മഷിയെത്താത്തതും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതുമായിരുന്നു മഷിപുരളലില്‍നിന്ന് ജനത്തെ രക്ഷിച്ചത്. നോട്ട് മാറ്റാനായി ഇന്ന് ബാങ്കിലെത്തുന്നവരുടെ കൈയില്‍ മഷിപുരണ്ടുതുടങ്ങുമെന്നാണ് വിവരം. ഇതിനായുള്ള മഷി മൈസൂരുവില്‍ നിന്നും മാര്‍ഗനിര്‍ദേശം റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ മൈസൂരു പെയിന്റ്‌സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് സ്ഥാപനമാണ് മഷിനല്‍കുന്നത്. ഒരു ബാങ്കിന് അഞ്ച് എംഎല്ലിന്റെ കുപ്പിയാണ് ലഭിക്കുക. ഇതുപയോഗിച്ച് 600 പേരുടെ കൈയില്‍ മഷിപുരട്ടാം. അസാധുവായ 500, 1000 നോട്ട് മാറ്റിവാങ്ങാന്‍ വരുന്നവരുടെ വലതുകൈയിന്റെ ചൂണ്ടുവിരലിലാണ് മഷിപുരട്ടിവിടുക. ബാങ്കുകള്‍ക്കു പുറമെ പോസ്റ്റ് ഓഫിസുകളിലും നോട്ടുകള്‍ മാറ്റുന്നതിനാല്‍ രണ്ടു സ്ഥലങ്ങള്‍ക്കും നിര്‍ദേശം ബാധകമാണെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് മാറ്റി നല്‍കുന്നതിന് മുമ്പുതന്നെ വിരലില്‍ മഷി പുരട്ടണം. ബാങ്ക് ജീവനക്കാരില്‍ ആരെങ്കിലുമൊരാളെ ഇതിനായി നിയോഗിക്കണം. അതേസമയം, അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് നോട്ട്മാറ്റിയെടുക്കുന്നവരുടെ കൈയില്‍ മഷിപുരട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 4500 രൂപയാണ് ഒരാള്‍ക്ക് മാറ്റി ലഭിക്കുക. ഒരാള്‍തന്നെ ഒരൊറ്റ ദിവസം പലബാങ്കുകളില്‍ നിന്നായി പണംമാറ്റി വാങ്ങുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് മഷിപ്രയോഗം പരീക്ഷിക്കാന്‍ കേന്ദ്രം തുനിഞ്ഞത്. തിരഞ്ഞെടുപ്പുകാലത്ത് ഒരു വോട്ട് ചെയ്ത് മഷിപ്പാട് മായ്ച്ചുകളഞ്ഞ് വീണ്ടും വോട്ടുചെയ്യുന്നവര്‍ക്കിടയില്‍, കേന്ദ്രത്തിന്റെ പുതിയ പരീക്ഷണം എത്രത്തോളം ഫലപ്രദമാവുമെന്ന് കണ്ടറിയണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക