|    Feb 28 Tue, 2017 4:38 am
FLASH NEWS

നോട്ട് പ്രതിസന്ധി: ജില്ലയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങി

Published : 2nd December 2016 | Posted By: SMR

ആലപ്പുഴ: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയില്‍ ശമ്പളവും പെന്‍ഷനും  മുടങ്ങി. ജില്ലയിലെ 7 സബ് ട്രഷറികളിലായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി വേണ്ടിയിരുന്നത് 7.25 കോടി രൂപയായിരുന്നു. ലഭിച്ചതാകട്ടെ 3.5 കോടി രൂപ മാത്രം. ഇതോടെ അമ്പലപ്പുഴ ഒഴികെയുള്ള എല്ലാ സബ് ട്രഷറികളുടേയും പ്രവര്‍ത്തനം സ്തംഭിച്ചു.  ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും മുന്നിലും പണമെടുക്കാനുള്ളവരുടെ നീണ്ടനിര ദൃശ്യമായിരുന്നു. പല സ്ഥലങ്ങളിലും പെന്‍ഷന്‍ വാങ്ങാനെത്തിയ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി. ചെങ്ങന്നൂര്‍ ട്രഷറിയില്‍ 50 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 10 ലക്ഷം മാത്രം. ഒരാള്‍ക്ക് ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാണ്. ഇതനുസരിച്ചാണ് ജീവനക്കാര്‍ ബാങ്കുകളിലും ട്രഷറികളിലും എത്തിയത്. ആദ്യദിനത്തില്‍ തന്നെ ആവശ്യത്തിന് നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയാത്തതോടെ പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി. ഇതിനിടെ ബാങ്കുകള്‍ ചെറിയ നോട്ടുകള്‍ വന്‍കിട ഇടപാടുകാര്‍ക്ക് മറിച്ച് നല്‍കുന്നതായി ശക്തമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  റിസര്‍വ് ബാങ്ക് വിതരണത്തിന് എത്തിച്ചുവെന്ന് പറയുന്ന 500 രൂപയുടെ നോട്ട് വളരെ അപൂര്‍വമായി മാത്രമേ ലഭിക്കുന്നുള്ളൂവെന്നതാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനം. എടിഎമ്മുകളില്‍ പണം നിറയ്ക്കാനുള്ള വിമുഖതക്കും ഇതാണ് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ജില്ലയിലേയ്ക്ക് ലഭിച്ച 500 രൂപ നോട്ടുകള്‍ വന്‍കിടക്കാര്‍ക്ക് മറിച്ചെന്നും സാധാരണക്കാരായ ജനങ്ങളാണ് ബാങ്കുകളുടെ ഒത്തുകളിമൂലം ദുരിതം അനുഭവിക്കുന്നതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.  ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ജില്ലയില്‍ 500ന്റെ നോട്ട് ലഭ്യമായത്. നോട്ട് കുറവായതിനാല്‍ എടി എം വഴി ലഭ്യമാവുമെന്നായിരുന്നു എസ്ബിഐ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും 500 രൂപ നോട്ടിനുള്ള ജനങ്ങളുടെ കാത്തിരിപ്പ് വെറുതെയാവുന്നു. 100 രൂപ നോട്ടിനും എടിഎമ്മിലും ബാങ്കിലും ക്ഷാമമുണ്ട്. ഇത് പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എടിഎമ്മുകളില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും ബാങ്കില്‍ നേരിട്ടെത്തിയാണ് പണം പിന്‍വലിക്കുന്നത്. ഇത് ബാങ്ക് ഉദ്യോഗസ്ഥരും ഇടപാടുകാരുമായുള്ള തര്‍ക്കത്തിന് കാരണമാകുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നില്ല. എസ്ബി ടി, എസ്ബി ഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയുടെ ആലപ്പുഴ നഗരത്തിലെ എടിഎമ്മുകളില്‍ 2000 രൂപ നോട്ട് മാത്രമേയുള്ളൂ.  നോട്ട് പ്രതിസന്ധിക്കെതിരായ പ്രതിഷേധങ്ങളും ജില്ലയില്‍ കൂടുതല്‍ ശക്തമാവുകയാണ്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതമൂലം ശമ്പളം ലഭ്യമാവാത്തതില്‍ പ്രതിഷേധിച്ച എന്‍ജിഓ അസോസിയേഷന്‍  ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ എസ്ബിഐ യിലേക്ക് മാര്‍ച്ച് നടത്തി. ആലപ്പുഴ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം നടക്കുന്ന ആര്യാട് സര്‍ക്കാര്‍ വിഎച്ച്എസ് എസില്‍  നോട്ട് പിന്‍വലിക്കലിനെതിരേ സ്‌കൂള്‍ മൈതാനിയില്‍ അധ്യാപകരും ഇന്നലെ പ്രതിഷേധമുയര്‍ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day