|    Feb 19 Sun, 2017 8:12 pm
FLASH NEWS

നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധം തെരുവില്‍

Published : 16th November 2016 | Posted By: SMR

കൊല്ലം: വലിയ തുകകളുടെ നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ സാധാരണ ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ വിവിധ രാഷ്ട്രീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. സിപിഐ, എസ്ഡിപിഐ, സി ഐടിയു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും സംഘടിപ്പിച്ചു. മോദിയുടെ നോട്ട് മരവിപ്പിക്കല്‍ പ്രഖ്യാപനം ഭരണഘടനാ സ്ഥാപനമായ റിസര്‍വ് ബാങ്കിനെ മറികടന്നുള്ളതാണെന്ന് സിപിഐ സംസ്ഥാന അസിസന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. നോട്ട് മരവിപ്പിക്കല്‍ മൂലം ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ച് സിപിഐ കൊല്ലം ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മെയിന്‍ബ്രാഞ്ചിലേയ്ക്ക് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ മരവിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് എടുത്ത തീരുമാനം അട്ടിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുകയായിരുന്നു. ഇത് ജനങ്ങളെ പ്രത്യേകിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു. സിറ്റി സെക്രട്ടറി ആര്‍ വിജയകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണി, ജില്ലാ അസി. സെക്രട്ടറി ആര്‍ രാജേന്ദ്രന്‍, ജിഎസ് ജയലാല്‍ എംഎല്‍എ സംസാരിച്ചു. കേന്ദ്രസര്‍ക്കാര്‍ ആയിരം, ആഞ്ഞൂറ് രൂപാ നോട്ടുകള്‍ അസാധുവാക്കിയതു മൂലം ജനങ്ങള്‍ക്ക് ഉണ്ടായ പ്രസായങ്ങള്‍ പരിഹരിക്കുന്നതിനു അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ജില്ലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിക്കും. രാവിലെ പത്തിന് ഹെഡ്‌പോസ്റ്റാഫിസിന് മുന്നിലേക്ക് പ്രകടനം നടത്താനും തീരുമാനിച്ചു.  യുഡിഎഫ് ചെയര്‍മാന്‍ കെ കരുണാകരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എ എ അസീസ്, കൊടിക്കുന്നില്‍ സുരേഷ്, എ യൂനുസ് കുഞ്ഞ്, വാക്കനാട് രാധാകൃഷ്ണന്‍, തൊടിയില്‍ ലുക്ക്മാന്‍, എന്‍ അഴകേശന്‍, ജ്യോതികുമാര്‍, ജി രതികുമാര്‍, വിജയന്‍, ഇടവനശ്ശേരി സുരേന്ദ്രന്‍, സി മോഹനന്‍പിള്ള, സജി ഡി ആനന്ദ്, എ കെ ഹഫീസ്, പ്രതാപന്‍, കെ രത്‌നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുമാറ്റ പ്രഖ്യാപനത്തിലൂടെ കൊല്ലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് കശുവണ്ടി തൊഴിലാളികളാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ —യൂനുസ്‌കുഞ്ഞ് പറഞ്ഞു. കാപ്പക്‌സിലെയും കശുവണ്ടി കോര്‍പറേഷനിലേയും സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെയും തൊഴിലാളികളുടെ കുടുംബം ഇതിനകം പട്ടിണിയിലായി കഴിഞ്ഞു. ശനിയാഴ്ച തോറുമാണ് കശുവണ്ടി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ശമ്പളം മുടങ്ങി. നിത്യവൃത്തിയ്ക്ക് വകയില്ലാതെ പല തൊഴിലാളി കുടുംബങ്ങളും ദുരിതത്തിലാണ്. കശുവണ്ടി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിലൂടെ സാധാരണ ജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധുമുട്ടുകള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി പ്രകടനം നടത്തി. ജനറല്‍ സെക്രട്ടറിമാരായ പി രാജേന്ദ്രപ്രസാദ്, വൈ ഷാജഹാന്‍, ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാജ്  നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക